വസ്ത്രാലങ്കാരവിദഗ്ധന്‍ മനോജ് ആലപ്പുഴ അന്തരിച്ചു

Posted on: 01 Sep 2014ആലപ്പുഴ: പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാരവിദഗ്ധന്‍ മനോജ് ആലപ്പുഴ (44) അന്തരിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍താരങ്ങളുടേതുള്‍പ്പെടെ അറുപതോളം മലയാള ചിത്രങ്ങള്‍ക്ക് വസ്ത്രാലങ്കാരം ഒരുക്കിയിട്ടുണ്ട്. പ്രമേഹസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആറുമാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടായിരുന്നു അന്ത്യം. ആലപ്പുഴ തിരുവമ്പാടി കൊച്ചുമുല്ലയ്ക്കല്‍ ചേപ്പുങ്കേരില്‍ പരേതരായ ശ്രീധരന്‍ പിള്ളയുടെയും രാജമ്മയുടെയും മകനാണ്. 15 വര്‍ഷമായി പാലക്കാട് മങ്കരയിലായിരുന്നു താമസം. നരസിംഹം, ട്വന്റി ട്വന്റി, ദി കിങ്, വല്യേട്ടന്‍, ഓര്‍മകളുണ്ടായിരിക്കണം, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, മകന്റെ അച്ഛന്‍, മോസ് ആന്‍ഡ് ക്യാറ്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

വേലായുധന്‍ കീഴില്ലത്തിന്റെ അസിസ്റ്റന്റായിട്ടാണ് സിനിമയില്‍ അരങ്ങേറ്റം. സ്വതന്ത്രമായി വസ്ത്രാലങ്കാരം നടത്തിയ ആദ്യചിത്രം ആലഞ്ചേരി തമ്പ്രാക്കളാണ്. ഇന്ദ്രന്‍സാണ് സ്വതന്ത്ര വസ്ത്രാലങ്കാരക്കാരനാകാന്‍ മനോജിന് പ്രചോദനമായത്. പാച്ചുവും കോവാലനുമാണ് അവസാനം വസ്ത്രാലങ്കാരം നിര്‍വഹിച്ച ചിത്രം. ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: വിദ്യാര്‍ഥികളായ അമ്മു, അനു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/