
തിരുവനന്തപുരം: കേരളത്തിലെ ഔഷധഗുണമുള്ള നെല്ലിനങ്ങളും തനതുകൃഷിക്ക് ഉപയോഗിച്ചിരുന്ന പല വിത്തിനങ്ങളും കൃഷിയില്‍നിന്നും മനുഷ്യന്റെ ഉപയോഗത്തില്‍നിന്നും അപ്രത്യക്ഷമായതായി ഡോ.എം.എസ്.സ്വാമിനാഥന്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വയനാട്ടിലും മറ്റും വ്യാപകമായി കൃഷി ചെയ്തിരുന്ന അരിക്കരൈ, ചെന്നെല്ല്, കുഞ്ഞിനെല്ല്, ജാതിസൂക്കി എന്നീ നെല്ലിനങ്ങളാണ് കാര്‍ഷികമേഖലയില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. ജൈവവൈവിധ്യവും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെടുത്തിയ പഠനത്തിലാണ് കൃഷിശാസ്ത്രജ്ഞനായ ഡോ.സ്വാമിനാഥന്‍ ഇക്കാര്യം പറയുന്നത്.
ഔഷധ നെല്ലിനങ്ങളില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ഏകഇനം നവരമാത്രമാണ്. ആയുര്‍വേദത്തില്‍ നവരക്കിഴിക്ക് ഇത് ഉപയോഗിച്ചുവരുന്നു. പണ്ടുകാലത്ത് തിരുവിതാംകൂറിലെ രാജാക്കന്മാര്‍ നവരനെല്ലിന്റെ അരികൊണ്ടാണ് ഊണ് കഴിച്ചിരുന്നത്.
19 ഇനം ചേനകള്‍ വയനാട്ടിലും മറ്റിടങ്ങളിലും കൃഷി ചെയ്തിരുന്നെങ്കിലും അവ ഇപ്പോള്‍ ലഭ്യമല്ല.
രണ്ടിനം ഇഞ്ചികാച്ചില്‍, രണ്ടിനം കുഴിക്കാവിത്ത്, കി്വന്റല്‍ കാച്ചില്‍, ആനക്കൊമ്പന്‍ കടവുകായന്‍, ഉരുളന്‍ കാച്ചില്‍, കുപ്പത്തൊട്ടിക്കിഴങ്ങ്, എലിവാലന്‍ കാച്ചില്‍, വെട്ടുകിഴങ്ങ്, രണ്ടിന വെള്ളക്കാച്ചില്‍, വെട്ടുകിഴങ്ങ്, ചോരകാച്ചില്‍, ചുവപ്പ്, നീല, കാച്ചിലുകള്‍ എന്നിവയും വെള്ളഇഞ്ചികാച്ചില്‍, മുള്ളന്‍കാച്ചില്‍, ആഫ്രിക്കന്‍ കാച്ചില്‍, തൂണന്‍ കാച്ചില്‍, ഇറച്ചിക്കാച്ചില്‍ എന്നീ കാച്ചിലിനങ്ങള്‍ 2006 വരെ വിപണിയില്‍ ലഭ്യമായിരുന്നു. എന്നാലിന്ന് അഞ്ചിനങ്ങള്‍ മാത്രമാണ് വിപണിയിലെത്തുന്നതെന്ന് ഡോ.സ്വാമിനാഥന്‍ പറയുന്നു.
ഒറീസയില്‍ 3500 നെല്ലിനങ്ങള്‍ കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ അത് 95 ആയി കുറഞ്ഞിരിക്കുകയാണ്. ഇവയില്‍ തന്നെ 'കലിംഗ കാളജീര' എന്നൊരു നെല്ലിനത്തെ വംശനാശത്തില്‍ നിന്നു രക്ഷിച്ച ആദിവാസി സമൂഹത്തിന് യു.എന്‍. അടുത്തിടെ ഇക്വേറ്റ ഇനിഷ്യേറ്റീവ് അവാര്‍ഡ് നല്‍കിയിരുന്നു.
ഒരുനൂറ്റാണ്ട് കൊണ്ട് നഷ്ടമായ നാടന്‍ വിത്തിനങ്ങള്‍ അനേകായിരം വരും. 1930ല്‍ നിത്യോപയോഗത്തിനുള്ള പച്ചക്കറികളുടെ നിരവധി വിത്തിനങ്ങള്‍ കമ്പോളത്തില്‍ പോലും സുലഭമായിരുന്നു. എന്നാല്‍ 50 വര്‍ഷത്തിനുശേഷം 1983ല്‍ കണക്കെടുത്തപ്പോള്‍ നില വളരെ ശോചനീയമായിരുന്നു. 1930ല്‍ കാബേജിന്റെ 544 ഇനങ്ങള്‍, പയറിന്റെ 400, റാഡിഷ് 463, ബീറ്റ്‌റൂട്ട് 288, വെള്ളരിക്ക 385, തക്കാളി 408 എന്ന തരത്തില്‍ വിത്തിനങ്ങള്‍ കൃഷിക്കായി ഉപയോഗിച്ചിരുന്നു. എന്നാല്‍ 1983ല്‍ ദേശീയ വിത്തു സ്റ്റോറേജ് ലബോറട്ടറിയില്‍ പോലും ബീറ്റ്‌റൂട്ടിന്റെ 17, പയറിന്റെ 25, വെള്ളരിക്കയുടെ 16, തക്കാളി 79 എന്ന നിലയില്‍ വിത്തിനങ്ങള്‍ കുറഞ്ഞു.
ജൈവവൈവിധ്യം സംരക്ഷിക്കാന്‍ വാണിജ്യാടിസ്ഥാനത്തില്‍ ബ്രാന്‍ഡുകള്‍ സംരക്ഷിക്കുന്നതുപോലെ ജന്തുജീവജാലങ്ങളെ സംരക്ഷിക്കേണ്ട ആവശ്യകതയിലേക്ക് പഠനം വിരല്‍ചൂണ്ടുന്നു.