ജനിതകവിത്തുകളുടെ ഗവേഷണം ആരംഭിക്കുമെന്ന് കാര്‍ഷിക സര്‍വ്വകലാശാല
Posted on: 27 Nov 2011
ഇ. സലാഹുദ്ദീന്‍
തൃശ്ശൂര്‍: ശാസ്ത്രലോകത്തെ പ്രതിഷേധങ്ങളെത്തുടര്‍ന്ന് വിവാദമായ ജനിതകവിത്തുകളുടെ ഗവേഷണം ആരംഭിക്കുമെന്ന് കാര്‍ഷിക സര്‍വ്വകലാശാല. ശനിയാഴ്ച വെള്ളാനിക്കരയില്‍ ചേര്‍ന്ന സര്‍വകലാശാലയുടെ 112-ാമത് ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയിലാണ് യൂണിവേഴ്‌സിറ്റിയുടെ ഈ ഔദ്യോഗിക വെളിപ്പെടുത്തല്‍.
12-ാം പഞ്ചവത്സരപദ്ധതി നടപ്പിലാക്കുമ്പോള്‍ ഊന്നല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള 28 വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് ജനിതകവിത്തുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണം നടത്തുമെന്ന് കാര്‍ഷിക സര്‍വ്വകലാശാല പ്രഖ്യാപിച്ചിരുന്നത്. കാലാവസ്ഥാവ്യതിയാനവും കൃഷിയും, സംയോജിത കൃഷിസമ്പ്രദായം എന്നീ മേഖലകള്‍ക്ക് പന്ത്രണ്ടാം പദ്ധതിയില്‍ ഊന്നല്‍ നല്‍കുമെന്ന് വ്യക്തമാക്കുന്ന ഒന്നാം നമ്പര്‍ ചോദ്യത്തിനുള്ള ഉത്തരത്തിലാണ് സര്‍വകലാശാലാ അധികാരികളുടെ ഈ വെളിപ്പെടുത്തല്‍.
വിത്തുകളില്‍ ജനിതകപരിവര്‍ത്തനം നടത്തുന്നതിനെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആകട്ടെ ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ഒരു ഭാഗത്ത് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നൂറുകണക്കിന് പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനിടയിലാണ് ജനിതകപരിവര്‍ത്തനത്തിലൂടെ ഉത്പാദനം കൂട്ടാനുള്ള ഗവേഷണത്തിന് കാര്‍ഷിക സര്‍വ്വകലാശാല പച്ചക്കൊടി കാട്ടിയത്.
മനുഷ്യരില്‍ ആരോഗ്യപ്രശ്‌നവും പാരിസ്ഥിതികതലത്തില്‍ ഹാനികരവുമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജനിതകവിത്തിന്റെ ഗവേഷണത്തിനെതിരെ പ്രതിരോധം ഉയര്‍ന്നത്. സാങ്കേതികമായി അപകടമുണ്ടെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ സുരക്ഷിതമാണെന്ന് മറുവിഭാഗം വാദിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍തന്നെ ഇത്തരം ഗവേഷണങ്ങള്‍ നിര്‍ത്തിവെച്ചത്. എന്നാല്‍, പരുത്തിയില്‍ മാത്രമാണ് ജനിതകപരിവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട വിത്തിനങ്ങളിലുള്ള ഗവേഷണം ചില ശാസ്ത്രമേഖലകളില്‍ തുടരുന്നുണ്ടെങ്കിലും അതൊന്നും പരീക്ഷണശാലയ്ക്ക് പുറത്ത് നടപ്പില്‍വരുത്താനുള്ള അനുമതി ഇനിയും അധികാരികള്‍ നല്‍കിയിട്ടില്ല. കേരളത്തിലാകട്ടെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് ഇനിയും പുറത്തുവിട്ടിട്ടില്ല. അതിനിടെയാണ് കാര്‍ഷിക സര്‍വകലാശാല ഔദ്യോഗികമായി ജനിതകവിത്തുകളുടെ പരിവര്‍ത്തനം അംഗീകരിച്ചുകൊണ്ട് ഗവേഷണപദ്ധതി പ്രഖ്യാപിച്ചത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam