വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെതിരായ കൈയേറ്റം: ടി.വി.രാജേഷ് പൊട്ടിക്കരഞ്ഞു
തിരുവനന്തപുരം: നിയമസഭയുടെ നടുത്തളത്തില്‍ വനിതാ വാച്ച്ആന്‍ഡ് വാര്‍ഡിനെ താന്‍ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തോട് പ്രതികരിച്ച ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ. മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു.
നിയമസഭയില്‍ വെള്ളിയാഴ്ച രാവിലെ നടന്ന അനിഷ്ട സംഭവങ്ങളുടെ നിജസ്ഥിതി പരിശോധനയ്ക്കുശേഷം വൈകീട്ട് നിയമസഭാ സ്പീക്കറുടെ ചേംബറില്‍നിന്നും പുറത്തുവന്ന് മാധ്യമപ്രവര്‍ത്തകരോട് സംഭവം വിശദീകരിക്കുമ്പോഴാണ് ടി.വി.രാജേഷ് വികാരാധീനനായത്.
ആദ്യം ജയിംസ്മാത്യു എം.എല്‍.എ. ആണ് കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിച്ചത്. തുടര്‍ന്ന് ജയിംസ്മാത്യു വിശദീകരിച്ചതിലധികമായി തനിക്കൊന്നും പറയാനില്ലെന്ന ആമുഖവുമായാണ് പ്രസംഗം തുടങ്ങിയത്. ''എനിക്ക് അച്ഛനും അമ്മയും ഭാര്യയും ഉണ്ട്. അങ്ങനെയുള്ള ഞങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നത് മോശമാണ്'' എന്ന് പറഞ്ഞുവെങ്കിലും പ്രസംഗം തുടരാനാകാതെ പൊട്ടിക്കരയുകയായിരുന്നു. താന്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തതായി തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുംകൂടി പറഞ്ഞെങ്കിലും തുടര്‍ന്ന് സംസാരിക്കാനാകാതെ പ്രസംഗം നിര്‍ത്തുകയായിരുന്നു. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന ജയിംസ്മാത്യു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും രാജേഷിന് സംസാരിക്കാനായില്ല. തുടര്‍ന്ന് എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഇടപെട്ട് രാജേഷിനെ ആശ്വസിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു.