ഖനനം: സി.ബി.ഐ. അന്വേഷണം കര്‍ണാടകയിലേക്കും

Posted on: 24 Sep 2011



ന്യൂഡല്‍ഹി: റെഡ്ഡി സഹോദരന്‍മാരുടെ കര്‍ണാടകയിലെ ഖനന മേഖലകളിലേക്കും സി.ബി.ഐ. അന്വേഷണം വരുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍, കര്‍ണാടകയിലെ ബെല്ലാരി എന്നീ പ്രദേശങ്ങളില്‍ നടക്കുന്ന ഖനനം തമ്മില്‍ ബന്ധമുണ്ടെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, ആ ബന്ധം സി.ബി.ഐ. അന്വേഷിക്കണമെന്ന് വ്യക്തമാക്കി. ഇതില്‍ സി.ബി.ഐ. ക്ക് നോട്ടീസയച്ച കോടതി വെള്ളിയാഴ്ച മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു.

ദേശീയ ഖനന വികസന കോര്‍പ്പറേഷനില്‍ നിന്ന് പാട്ടത്തിനെടുത്ത ഖനന മേഖലയുടെ വിസ്തൃതിയും റെഡ്ഡി സഹോദരന്‍മാരുടെ ഉടമസ്ഥതയില്‍ കര്‍ണാടകയിലുള്ള അസോസിയേറ്റഡ് മൈനിങ് കമ്പനി, ഡെക്കാന്‍ മൈനിങ് സിന്‍ഡിക്കേറ്റ് എന്നിവയില്‍ നിന്നെടുക്കുന്ന ഇരുമ്പയിരിന്റെ കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഉന്നതാധികാര സമിതി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കുറഞ്ഞ വിസ്തൃതിയുള്ള മേഖലയില്‍ നിന്നുള്ള ഉത്പാദനം വളരെ കൂടുതലാണ് കാണുന്നത്.

ആന്ധ്രാപ്രദേശിലെ ഒബലാപുരത്ത് ഖനനം ചെയ്ത ഇരുമ്പയിര് ബെല്ലാരിയിലെ രണ്ട് മേഖലകളില്‍ നിന്നെടുത്തതാണെന്ന് കാട്ടി വിദേശത്തേക്ക് കടത്തുകയാണെന്ന റിപ്പോര്‍ട്ടാണ് സമിതി മുന്നോട്ടുവെച്ചത്. നിയമവിരുദ്ധമായാണ് ഇവിടെ ഖനനം നടക്കുന്നതെന്നും സമിതി വ്യക്തമാക്കി. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി, പ്രഥമദൃഷ്ട്യാ ഇത് ശരിവെച്ചു. ഈ ബന്ധമാണ് സി.ബി.ഐ. അന്വേഷിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ നിരീക്ഷിച്ചു.

റെഡ്ഡി സഹോദരന്‍മാരുടെ ഒബലാപുരം മൈനിങ് കമ്പനിക്കെതിരെയുള്ള അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ബെല്ലാരിയിലും ചിത്രദുര്‍ഗയിലും തുംകൂറിലും നടക്കുന്ന അനധികൃത ഖനനത്തെക്കുറിച്ച് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനുപുറമെ, പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച അപേക്ഷയും കോടതി പരിഗണിച്ചു. കര്‍ണാടകയിലെ അന്വേഷണത്തിന് സി.ബി.ഐ.ക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/