അപ്പന്‍ തച്ചേത്ത് അന്തരിച്ചു

Posted on: 03 Jul 2011കൊച്ചി: കവിയും ഗാനരചയിതാവുമായ അപ്പന്‍ തച്ചേത്ത്(ടി. നീലകണ്ഠമേനോന്‍-73) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആസ്​പത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെത്തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

എറണാകുളം എളംകുളം തച്ചേത്ത് വീട്ടില്‍ അച്യുതന്‍ പിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മൂത്തമകനായി 1937 ലാണ് ഇദ്ദേഹം ജനിച്ചത്. കലൂര്‍ മുസ്‌ലിം മുനവ്വിറുല്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും മഹാരാജാസ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റിയും മലയാള വിദ്വാനും മദ്രാസ് മൈഥിലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്‌കോഴ്‌സും പൂര്‍ത്തിയാക്കി. ബിസിനസ്സ് മാനേജ്‌മെന്റില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ചെന്നൈയില്‍ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയില്‍ സിവില്‍ എന്‍ജിനീയറായിരുന്നു.

സ്‌കൂള്‍കാലത്ത് തന്നെ എഴുത്തിലേക്ക് തിരിഞ്ഞ അപ്പന്‍ തച്ചേത്ത് കവിതയിലും ബാലസാഹിത്യത്തിലുമാണ് ശ്രദ്ധേയനായത്. പൂപ്പാലിക, അപ്‌സരസ്സുകള്‍, ഉദയാസ്തമയങ്ങള്‍, നിറങ്ങള്‍ നിഴലുകള്‍, ഏകാകിയുടെ വീണ, നിന്നെക്കുറിച്ച് വീണ്ടും, ഗോപുരത്തിലെ കുരുവി, കളിവീട് തുടങ്ങിയവയാണ് പ്രധാന കാവ്യസമാഹാരങ്ങള്‍. പത്ത് സിനിമകള്‍ക്ക് പാട്ടെഴുതിയിട്ടുണ്ട്. 1975 ല്‍ ജേസിയുടെ 'സിന്ദൂരം' എന്ന ചിത്രത്തിലൂടെയാണ് സിനിമാഗാനരംഗത്തെത്തിയത്. രാജാങ്കണത്തിലെ ദേവീ... നിന്‍ ചിരിയില്‍... കുളിരോ പാലൊളിയോ... ആണ് ഇദ്ദേഹത്തിന്റെ ഹിറ്റുഗാനങ്ങളിലൊന്ന്. നൂറോളം ഭക്തിഗാനകാസറ്റുകള്‍ക്ക് പാട്ടെഴുതിയ അപ്പന്‍ തച്ചേത്ത് 120 ഓളം നാടകങ്ങള്‍ക്കും ഗാനരചയിതാവായി. 10 ലളിതഗാനക്കാസറ്റുകളും അഞ്ച് കവിതാകാസറ്റുകളും ഇദ്ദേഹത്തിന്‍േറതായുണ്ട്. എഴുപതാം പിറന്നാളിന് കുടുംബം പ്രസിദ്ധീകരിച്ച 'സ്‌നേഹതീരങ്ങള്‍' അപ്പന്‍ തച്ചേത്തിന്റെ ജീവിതത്തിന്റെ സ്മരണികയാണ്.

ഭാര്യ: സീതാദേവി. മക്കള്‍: ദീപക് കുമാര്‍(അക്കൗണ്ടന്റ് സണ്‍ഡെക് ഇന്ത്യ, കൊച്ചി) പ്രദീപ് (സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ മാഞ്ചെസ്റ്റര്‍), സീമ (അധ്യാപിക, മുംബൈ). മരുമക്കള്‍: പ്രിയ (സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ മാഞ്ചെസ്റ്റര്‍), പ്രമോദ് (കാര്‍ഗോ മാനേജര്‍, അറ്റ്‌ലസ് ഏവിയേഷന്‍ മുംബൈ).

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/