എല്‍.ഡി. ക്ലര്‍ക്ക്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

കൊച്ചി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്മാരെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും തിരഞ്ഞെടുക്കുന്നതിനായി നവംബര്‍ പത്തിനും പതിനേഴിനുമായി കമ്പയിന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷ നടത്തുന്നു. കേരള, കര്‍ണാടക മേഖലയിലെ അപേക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ അപേക്ഷകള്‍ ആഗസ്ത് 16 ന് മുമ്പ് കമ്മീഷന്റെ ഓഫീസില്‍ ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ ജൂലായ് 20-26 ലെ എംപ്ലോയ്‌മെന്റ് ന്യൂസിലും കമ്മീഷന്റെ http://ssckkr.kar.nic.in, http://ssc.nic.in എന്നീ വെബ്‌സൈറ്റുകളിലും ലഭ്യമാണ്. http://ssconline.nic.in, http://ssconline2.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായും അപേക്ഷിക്കാം.

എന്‍ട്രന്‍സ് പരിശീലന പദ്ധതി: ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എന്‍ട്രന്‍സ് പരീക്ഷാ പരിശീലന പരിപാടി തിങ്കളാഴ്ച തുടങ്ങും. സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം. പരിശീലന ക്ലാസുകളുടെ സംപ്രേഷണം ജൂലായ് 29 തിങ്കളാഴ്ച വിക്ടേഴ്‌സ് ചാനലിലാണ് തുടങ്ങുക. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയുടെയും എന്‍ട്രന്‍സ് പരീക്ഷയുടെ സിലബസിന്റെയും അടിസ്ഥാനത്തിലാണ് രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന ക്ലാസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ഒരു ദിവസം ഒരു വിഷയം എന്ന രീതിയില്‍ രാവിലെ 9.30 മുതല്‍ 10.30 വരെയായിരിക്കും സംപ്രേഷണം ചെയ്യുക. ഓരോ ദിവസവും രാവിലെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ അന്നേദിവസം രാത്രിയില്‍ 7.30 മുതല്‍ 8.30 വരെ വിക്ടേഴ്‌സ് വഴി തന്നെ പുനഃസംപ്രേഷണം ചെയ്യും. ക്ലാസുകളുടെ ലൈവ് സ്ട്രീമിങ് ഇതേസമയങ്ങളില്‍http://victers.itschool.gov.in വെബ്‌സൈറ്റ് വഴിയും കാണാവുന്നതാണ്. ഹയര്‍സെക്കന്‍ഡറി ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ആഗസ്ത് മൂന്നാം വാരം ആരംഭിക്കും. ഇതോടൊപ്പം പി.ഇ.ഇ.സി.എസ്. വെബ്‌സൈറ്റായhttp://peecs.kerala.gov.inവഴിയുള്ള സൗകര്യങ്ങള്‍ വിദ്യാര്‍ഥിക്ക് ലഭിക്കും.

നൈപുണ്യ പദ്ധതിയില്‍ പരിശീലകരുടെ ഒഴിവ്

തിരുവനന്തപുരം: അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഫൈനാന്‍ഷ്യല്‍ വിഭാഗത്തില്‍ പരിശീലകരുടെ (സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്) ഒഴിവുണ്ട്. അസാപ്പും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ചേര്‍ന്ന് ഹയര്‍ സെക്കന്‍ഡറി-കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നൈപുണ്യ പദ്ധതിയില്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതായിരിക്കും ദൗത്യം. എം.കോം, എം.ബി.എ (ഫൈനാന്‍സ്), ഐ.സി.ഡബ്ല്യു.എ, സി.എ. എന്നിവയാണ് യോഗ്യത. പ്രായപരിധി ഇല്ല. ഞായറാഴ്ചകളിലും അവധിക്കാലത്തുമായിരിക്കും ക്ലാസ്. ഓണ്‍ലൈന്‍ അപേക്ഷയും വിവരങ്ങളുംwww.ssdp.kerala.gov.inഎന്ന സൈറ്റില്‍ ലഭ്യമാണ്.

പി.എസ്.സി. അറിയിപ്പ്

ഒറ്റത്തവണ പരിശോധന

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക്മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡിലെ ടെക്‌നിക്കല്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 553/12) തസ്തികയിലേക്കുള്ള വണ്‍ടൈം വെരിഫിക്കേഷന്‍ ആഗസ്ത് 5, 7, 8, 12, 13 തീയതികളില്‍ കെ.പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തും.

കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ എന്‍ജിനീയറിങ് അസിസ്റ്റന്റിനുള്ള ഒ.എം.ആര്‍.പരീക്ഷ ആഗസ്ത് 13 രാവിലെ 8 മുതല്‍ 9.15 വരെ നടത്തും.

പത്തനംതിട്ട ജില്ല വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. (കാറ്റഗറി നമ്പര്‍ 292/2010) അഭിമുഖം 31 ന് കെ.പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസില്‍ നടത്തും.

കണ്ണൂര്‍ ജില്ല കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (എം ആന്‍ഡ് എം) ലിമിറ്റഡില്‍ ഹെല്‍പ്പര്‍ / പ്യൂണ്‍ (കാറ്റഗറി നമ്പര്‍ 355/2008) തിരഞ്ഞെടുപ്പിനുള്ള അസ്സല്‍ പ്രമാണ പരിശോധനയും പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള സൈക്ലിങ് ടെസ്റ്റും ജൂലായ് 26, 27, 29, 30, 31 തീയതികളില്‍ രാവിലെ 8 മണി മുതല്‍ കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (സ്‌പോര്‍ട്‌സ്) സ്‌കൂളില്‍ നടത്തും.

കോട്ടയം ജില്ല ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് - 2 (എന്‍.സി.എ - പി.എച്ച്.ഓര്‍ത്തോ) തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം ജൂലായ് 31 ന് കെ.പി.എ.സി. കോട്ടയം ജില്ലാ ഓഫീസില്‍ നടത്തും.

ഗാന്ധിദര്‍ശന്‍ പദ്ധതി തുടങ്ങി

തിരുവനന്തപുരം: കേരള ഗാന്ധിസ്മാരകനിധിയും പൊതുവിദ്യാഭ്യാസ വകുപ്പും ഗാന്ധിപീസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.

ഗാന്ധിസ്മാരകനിധി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ഗാന്ധിദര്‍ശന്‍ ഡയറക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍, ജനറല്‍കണ്‍വീനര്‍ മുരുക്കുംപുഴ സി. രാജേന്ദ്രന്‍, സെന്റ്‌മേരീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. വര്‍ക്കി ആറ്റപുറം, മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, സെന്റ്‌മേരീസ് സ്‌കൂള്‍ ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ മാത്യു ജോണ്‍, സിനി തോമസ്, വി. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ലോകായുക്തയില്‍ ഒഴിവുകള്‍

കേരള ലോകായുക്തയില്‍ ഒഴിവ് വരുന്ന റെക്കോര്‍ഡ് കീപ്പര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സര്‍വീസില്‍ 8500-13210, 8730-13540 എന്നീ ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്ത് 19ന് മുമ്പ് രജിസ്ട്രാര്‍, കേരള ലോകായുക്ത, ലെജിസ്ലേച്ചര്‍ കോംപ്ലക്‌സ്, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭിക്കണം.

കേരള ലോകായുക്തയില്‍ ഒഴിവുള്ള സ്റ്റെനോഗ്രോഫര്‍/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്ത് 26ന് മുമ്പ് രജിസ്ട്രാര്‍, കേരള ലോകായുക്ത, ലെജിസ്ലേച്ചര്‍ കോംപ്ലക്‌സ്, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം-33 വിലാസത്തില്‍ ലഭിക്കണം.

കേരള ലോകായുക്തയില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആര്‍.പാര്‍ട്ട്-1 സഹിതം മേലധികാരി മുഖേന അപേക്ഷകള്‍ ആഗസ്ത് 20നു മുന്‍പ് രജിസ്ട്രാര്‍, കേരള ലോകായുക്ത, ലെജിസ്ലേച്ചര്‍ കോംപ്ലക്‌സ്, വികാസ് ഭവന്‍. പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭിക്കണം.

വി.എച്ച്.എസ്.ഇ. ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ സപ്തംബര്‍ 30 ന് ആരംഭിക്കുന്നു. പരിഷ്‌കരിച്ച ഗ്രേഡിങ് സ്‌കീമില്‍ 2012-13 അധ്യയന വര്‍ഷത്തിലെ ഒന്നാംവര്‍ഷ പ്രവേശനം/പുനഃപ്രവേശനം നേടി തുടര്‍ മൂല്യനിര്‍ണയത്തിന് വിധേയമായവര്‍ക്കും നിശ്ചിത ഹാജര്‍ തുടങ്ങിയവയില്‍ മിനിമം യോഗ്യത നേടിയവര്‍ക്കും സപ്തംബര്‍ മാസത്തില്‍ നടക്കുന്ന ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.

2013 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാവിഷയങ്ങളും എഴുതിയ വിദ്യാര്‍ഥികള്‍ക്ക് തിയറി പേപ്പറും വൊക്കേഷണല്‍ പ്രാക്ടിക്കല്‍ അഡീഷണല്‍ മാത്തമറ്റിക്‌സ് ഉള്‍പ്പെടെ പരമാവധി മൂന്നുവിഷയങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനായി ഈ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.

2013 മാര്‍ച്ചില്‍ ഒന്നാംവര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പരീക്ഷയ്ക്ക് ഹാജരാവാന്‍ കഴിയാത്തവര്‍ക്കും പരീക്ഷ എഴുതാം.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 14 ആണ്. പരീക്ഷാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നോhttp://vhsexaminationkerala.gov.inഎന്ന സൈറ്റില്‍ നിന്നോ ലഭിക്കും.

കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബാലാവകാശ കമ്മീഷന്‍, ജാഗ്രതാ സമിതികള്‍, അങ്കണവാടികള്‍, സ്‌കൂള്‍ അധികൃതര്‍, ശിശുക്ഷേമ സമിതികള്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, ഇതര ഏജന്‍സികള്‍ എന്നിവയുടെ ഏകോപനം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ സാമൂഹ്യനീതി അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ആഭ്യന്തര, ആരോഗ്യ, തദ്ദേശസ്വയംഭരണ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ അംഗങ്ങളുമായ ഒരു സമിതിയെ നിയോഗിച്ചു.

ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍ ഓഫീസ്

തിരുവനന്തപുരം: പുതുതായി രൂപവത്കരിച്ച ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍ ഓഫീസ് തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസ് സമുച്ചയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ ചീഫ് സെക്രട്ടറി നീലാഗംഗാധരനാണ് കമ്മീഷന്റെ അധ്യക്ഷ. ഫോണ്‍: 0471-2346603.

ദേശീയ ഇ-ഗവേണന്‍സ് പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: ദേശീയ ഇ-ഗവേണന്‍സ് പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ജില്ലാ-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അക്കാദമിക, ഗവേഷണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും മറ്റ് ജനകീയ സംരംഭങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.darpg.nic.in വെബ്‌സൈറ്റില്‍. നാമനിര്‍ദേശങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 31.

ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളേകളിലെ ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം അലോട്ട്‌മെന്റ് ലഭിച്ചവര്‍ ജൂലായ് 27 ന് വൈകുന്നേരം 5 ന് മുന്‍പായി ഫീസടയ്ക്കുകയും അതത് കോഴ്‌സ്/കോളേജുകളില്‍ പ്രവേശനം നേടുകയും ചെയ്യണം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള അവസാന അലോട്ട്‌മെന്റാണിത്. അതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും അതത് കോളേജുകളില്‍ പ്രവേശനം നേടണം. അല്ലെങ്കില്‍ പ്രോസ്‌പെക്ടസ് പ്രകാരമുള്ള പിഴ അടയ്ക്കാന്‍ ബാദ്ധ്യസ്ഥരായിരിക്കുമെന്ന് പ്രവേശനപരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

കേരള സര്‍വകലാശാല വനിതാ ഹോസ്റ്റല്‍ പ്രവേശനം

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ തൈക്കാട്ടുള്ള യൂണിവേഴ്‌സിറ്റി വിമന്‍സ് ഹോസ്റ്റലില്‍ ഗവണ്മെന്റ് കോളേജുകളില്‍ പഠിക്കുന്ന ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളില്‍നിന്നും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള നിയമങ്ങളും മെരിറ്റും അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുക. ജൂലായ് 29 വരെ അപേക്ഷ സ്വീകരിക്കും.

മൂല്യനിര്‍ണയത്തിനുള്ള പാനല്‍: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി 10 വര്‍ഷത്തിനുള്ളില്‍ സര്‍വീസില്‍നിന്നും വിരമിച്ച അധ്യാപകരുടെ (എല്ലാ വിഷയങ്ങളുടെയും) പാനല്‍ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ മാതൃക സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകളും പകര്‍പ്പുകളും സഹിതം പരീക്ഷാ കണ്‍ട്രോളര്‍, കേരള സര്‍വകലാശാല, പാളയം, തിരുവനന്തപുരം-34 എന്ന വിലാസത്തില്‍ ഉടന്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എം. ആന്‍ഡ് സി. സെക്ഷന്‍-ഫോണ്‍: 0471-2386337, 2386270.

മലബാര്‍ ദേവസ്വം സഹായവിതരണം 28-ന്

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രജീര്‍ണോദ്ധാരണ ധനസഹായ വിതരണോദ്ഘാടനം ഞായറാഴ്ച മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും.

2011-'12 സാമ്പത്തിക വര്‍ഷത്തില്‍ 965 ക്ഷേത്രങ്ങള്‍ക്കായി അനുവദിച്ച 3.5 കോടി രൂപയും 2012-'13 വര്‍ഷം 829 ക്ഷേത്രങ്ങള്‍ക്കായുള്ള 4.5 കോടി രൂപയും ഉള്‍പ്പെടെ എട്ടുകോടി രൂപയാണ് വിതരണം ചെയ്യുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.എ. ചന്ദ്രന്‍ അറിയിച്ചു.

ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ക്ഷേത്രജീവനക്കാരുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡും മെമന്‍േറായും വിതരണം ചെയ്യും. ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രജീവനക്കാര്‍ക്ക് രണ്ടരവര്‍ഷത്തെ ശമ്പളകുടിശ്ശിക വിതരണം ചെയ്യാനുണ്ട്. ഇത് തീര്‍ത്തു നല്‍കും.

ദേവസ്വം ബോര്‍ഡിന്റെ 24,696 ഏക്കര്‍ ഭൂമിയാണ് അന്യാധീനപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ വിവിധ ക്ഷേത്രങ്ങളുടെ 15 സെന്റ് ഭൂമി മുതല്‍ ഏമൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ 1000 ഏക്കര്‍ ഭൂമിവരെ ഇത്തരത്തില്‍ അന്യാധീനപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സ്‌പെഷല്‍ ലാന്‍ഡ് ട്രൈബ്യൂണലിനെ നിയമിച്ച് ഭൂമി തിരിച്ചെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇടപെട്ട് തുടങ്ങണമെന്നും ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ. ചന്ദ്രന്‍, ബോര്‍ഡ് അംഗങ്ങളായ അങ്കത്തില്‍ അജയ്കുമാര്‍, വി.വി. നാരായണവാര്യര്‍, വി. മധുസൂദനന്‍, കെ. രാജന്‍, എ. വേണുഗോപാലന്‍, പി.എം. വാസുദേവന്‍, പി. ഉത്തമന്‍, കെ.എസ്. ശശികല എന്നിവര്‍ പങ്കെടുത്തു.

17-Dec-2014