കെ.എസ്.ഇ.ബി. എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഇന്ന്

കൊച്ചി: കെ.എസ്.ഇ.ബി. എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ 60-ാം വാര്‍ഷിക സമ്മേളനം ഞായറാഴ്ച എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടക്കും. രാവിലെ 10ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അസോസിയേഷന്‍ പ്രസിഡന്റ് ഇ. മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിക്കും. 'ഉയര്‍ന്ന അളവില്‍ റിന്യൂവബിള്‍ ഗ്രിഡിലേക്ക് വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ സെമിനാറും നടക്കും. അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, ജനറല്‍ സെക്രട്ടറി പി. രജിത്കുമാര്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് ജെയിംസ്, ജി.എസ്. അജികുമാര്‍, എം.എ. ഹെന്‍സണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഫിഷറീസ് സര്‍വകലാശാലാ സ്ഥാപകദിന പ്രഭാഷണം

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) യുടെ സ്ഥാപകദിന പ്രഭാഷണവും ഗവേഷണനയ വിപുലീകരണ ചര്‍ച്ചയും തിങ്കളാഴ്ച കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 9.30ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. എം.എല്‍.എ. മാരായ ഡൊമിനിക് പ്രസന്‍േറഷന്‍, എസ്. ശര്‍മ, ടി.എന്‍. പ്രതാപന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ശുദ്ധജല മത്സ്യ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. പി. ജയശങ്കര്‍ സ്ഥാപകദിന പ്രഭാഷണം നടത്തും. സര്‍വകലശാലയുടെ മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും ചടങ്ങില്‍ നടക്കും.

അക്വാ കള്‍ച്ചര്‍ മത്സ്യ-ചെമ്മീന്‍-കൊഞ്ച് വിഭാഗങ്ങളിലെ വൈവിധ്യവത്കരണം, ആഗോള മാര്‍ക്കറ്റിലേക്കുള്ള അലങ്കാരമത്സ്യ വൈവിധ്യങ്ങളുടെ വികസനം, കടല്‍ ജീവികളില്‍ നിന്നുള്ള ഔഷധ മൂലകങ്ങളിലെ ഗവേഷണം തുടങ്ങിയവയില്‍ ചര്‍ച്ചകള്‍ നടക്കും. നൂറോളം വിദഗ്ദ്ധര്‍ വിത്യസ്ത തീം ഗ്രൂപ്പുകളിലായി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.

കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മധുസൂദനക്കുറുപ്പ്, വിജ്ഞാന വ്യാപന കേന്ദ്രം ഡയറക്ടര്‍ കേശവ റാം, ഡോ. ജയചന്ദ്രന്‍, ഡോ. എന്‍.ജി.കെ. പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

എസ്.ഐ. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പോലീസ് എസ്.ഐ. തിരഞ്ഞെടുപ്പിനുള്ള ഇന്റര്‍വ്യൂവിന് അര്‍ഹത നേടിയവരുടെ ചുരുക്കപ്പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചു.

1350 പേരുള്ള പട്ടിക www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം. തിങ്കളാഴ്ച പുറത്തിറങ്ങുന്ന 'മാതൃഭൂമി തൊഴില്‍ വാര്‍ത്ത'യിലും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനറല്‍ എക്‌സിക്യൂട്ടീവ്, ജില്ലാ സായുധ റിസര്‍വ്, റിസര്‍വ്‌പോലീസ് ബറ്റാലിയന്‍ എന്നിവയിലേക്കുള്ള എസ്.ഐ. നിയമനത്തിനാണ് പട്ടികയിലുള്ളവരെ പരിഗണിക്കുക. ഇവര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ അഞ്ചിന് ആരംഭിക്കും.

2007-ല്‍ വിജ്ഞാപനം പുറപ്പെടുവിച്ച തിരഞ്ഞെടുപ്പിന്റെ നടപടികള്‍ വിവിധ കാരണങ്ങളാല്‍ ഏഴു വര്‍ഷത്തോളം വൈകി. പരീക്ഷയ്ക്ക് മൊബൈല്‍ഫോണില്‍ ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്ത് വിവാദമായ ഇതിന്റെ ആദ്യ പരീക്ഷ പി.എസ്.സി. റദ്ദാക്കിയിരുന്നു. ഇപ്പോള്‍ 500-ഓളം ഒഴിവുകള്‍ നിലവിലുണ്ടെന്നാണ് കണക്കാക്കുന്നത്.

കരസേനാ തിരഞ്ഞെടുപ്പ് ബത്തേരിയില്‍ തുടങ്ങി

സുല്‍ത്താന്‍ ബത്തേരി: കരസേനാ റിക്രൂട്ട്‌മെന്റ് റാലിയില്‍ ആദ്യദിനത്തില്‍ പങ്കെടുത്തത് 3,000-ത്തോളം പേര്‍. സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പാണ് ശനിയാഴ്ച നടന്നത്.1.6 കി.മീറ്റര്‍ ഓട്ടം, പുള്‍ അപ്, ചാട്ടം തുടങ്ങിയ കായികക്ഷമതാ പരീക്ഷയില്‍ വിജയിച്ചവര്‍ക്കായി തുടര്‍ ദിവസങ്ങളില്‍ വൈദ്യപരിശോധനയും എഴുത്തുപരീക്ഷയും നടക്കും.

ടെക്‌നിക്കല്‍ ആന്‍ഡ് നഴ്‌സിങ് അസിസ്റ്റന്റ്, ടെക്‌നിക്കല്‍ (തയ്യല്‍ക്കാരന്‍) തസ്തികകളിലേക്കാണ് ഞായറും തിങ്കളും റാലി നടക്കുന്നത്.

21-ന് ക്ലര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍ തസ്തികകളിലേക്ക് കാസര്‍കോട്, കണ്ണൂര്‍, വയനാട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ റിക്രൂട്ട്‌മെന്റ് നടക്കും. 22-ന് ഇതേ തസ്തികകളിലേക്ക് കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലക്കാരുടെ റാലിയാണ്. 23-ന് ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ കണ്ണൂര്‍, കാസര്‍കോട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുക്കേണ്ടത്. 24-ന് ഇതേ തസ്തികയില്‍ പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലക്കാരും പങ്കെടുക്കണം.

25-ന് തൃശ്ശൂര്‍, മലപ്പുറം ജില്ലക്കാര്‍ക്കാണ് ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ റിക്രൂട്ട്‌മെന്റ്. റാലിയില്‍ പങ്കെടുക്കുന്നവര്‍ അതത് വിഭാഗങ്ങളിലെ റിക്രൂട്ട്‌മെന്റിന്റെ തലേദിവസം നാലുമണിക്ക് റാലി സ്ഥലത്തെത്തി റിപ്പോര്‍ട്ട് ചെയ്യണം. റാലി ദിവസം പുലര്‍ച്ചെ അഞ്ചിന് ഗ്രൗണ്ടിലെത്തണം. 1990 മെയ് 18-ന് ശേഷമോ 1995 നവംബര്‍ 18-ന് മുമ്പോ ജനിച്ചവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

19-Dec-2014