എം.ജി. സര്‍വകലാശാലാ വാര്‍ത്തകള്‍

പരീക്ഷാഫലം

2012 മെയ് മാസത്തില്‍ നടത്തിയ ഫൈനല്‍ സെമസ്റ്റര്‍ എം. എം. എച്ച് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. കുട്ടിക്കാനം മരിയന്‍ കോളേജിലെ കീര്‍ത്തന റോയ് ( 1783 ) , വത്സ കെ. എ. ( 1752 ) , ജിനോയ് ജോര്‍ജ്ജ് ( 1742 ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2013 ജനവരി 2 വരെ അപേക്ഷിക്കാം.

2012 മെയ് മാസത്തില്‍ നടത്തിയ ഫൈനല്‍ സെമസ്റ്റര്‍ എം. എച്ച്. ആര്‍. എം. ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. രാമപുരം മാര്‍ അഗസ്തീനോസ് കോളേജിലെ ഗ്രീഷ്മ മരിയ ജോസ്. കെ ( 2550/ 3200 ) ഒന്നാം റാങ്കും, രാമപുരം എം. എ. കോളേജിലെ ഷെറിന്‍ മാത്യൂസ് ( 2509/ 3200 ) , ഷാലു ജോസ് ( 2464/ 3200 ) എന്നിവര്‍ രണ്ടും മൂന്നും റാങ്കുകളും നേടി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2013 ജനവരി 1 വരെ അപേക്ഷിക്കാം.

2012 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം. റ്റി. എ. ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ ബെനേസര്‍ എ. എസ് ( 2059/ 2500 ) , ഇക്രം ഖുറേഷി കെ. കെ. ( 2011/ 2500 ) എന്നിവര്‍ ഒന്നു രണ്ടും റാങ്കുകളും, പുത്തന്‍വേലിക്കര പ്രസന്‍േറഷന്‍ കോളേജിലെ അഞ്ജലി മോഹന്‍ ( 1966/ 2500 ) മൂന്നാം റാങ്കും നേടി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2013 ജനവരി 3 വരെ അപേക്ഷിക്കാം.

2012 ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം. എസ്. എസ്. ഫുഡ് ടെക്‌നോളജി ആന്റഡ് ക്വാളിറ്റി അഷുറന്‍സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2013 ജനവരി 2 വരെ അപേക്ഷിക്കാം.

എം. ഫില്‍ സീറ്റൊഴിവ്


സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ എം. ഫില്‍ ( എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് ) കോഴ്‌സിലേക്ക് പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 31-ന് രാവിലെ 10. 30-ന് സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുക. ഫോണ്‍: 0481-2732120.

റിസര്‍ച്ച് മെത്തഡോളജി: കുസാറ്റില്‍ ദശദിന കോഴ്‌സ്

കൊച്ചി: സോഷ്യല്‍ സയന്‍സ് മേഖലയില്‍ ഗവേഷണം നടത്തുന്ന എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് കൊച്ചി സര്‍വകലാശാലയില്‍ പത്ത് ദിവസത്തെ റസിഡന്‍ഷ്യല്‍ കോഴ്‌സ് സംഘടിപ്പിക്കും. ന്യൂഡല്‍ഹിയിലെ ഐസിഎസ്എസ്ആര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പഠനപരിപാടി ജനവരി 16ന് ആരംഭിക്കും.

പങ്കെടുക്കുന്നവര്‍ക്ക് യാത്രക്കൂലിയും ഭക്ഷണവും താമസസൗകര്യവും നല്‍കും. നിശ്ചിത എണ്ണം എസ്‌സി/ എസ്ടി ഗവേഷക വിദ്യാര്‍ഥികള്‍ ഇല്ലെങ്കില്‍ ഇതര പിന്നാക്ക ജാതിയില്‍പ്പെട്ടവരേയും പരിഗണിക്കും. അക്കാഡമിക് വിദഗ്ദ്ധരാണ് ക്ലാസ്സുകള്‍ നയിക്കുക. സര്‍വകലാശാലാ വെബ്‌സൈറ്റ് ആയ www.cusat.ac.inല്‍ നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. വിവരങ്ങള്‍ക്ക് 09447059320. ഇമെയില്‍ cvjayamani@hotmail.com

മഹീന്ദ്ര നാടക അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

കൊച്ചി: എട്ടാമത് മഹീന്ദ്രാ എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡുകള്‍ക്ക് (മെറ്റ) മഹീന്ദ്രാ ഗ്രൂപ്പ് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2012 ജനവരി ഒന്നിനും 2013 ജനവരി 10നും ഇടയില്‍ വിവിധ ഭാഷകളില്‍ അവതരിപ്പിക്കപ്പെട്ട നാടകങ്ങളാണ് പരിഗണിക്കപ്പെടുക.

മികച്ച നിര്‍മാണം, മികച്ച രചന, സംവിധാനം, അവതരണം, ചമയം, സ്റ്റേജ് രൂപകല്‍പന എന്നിവയ്ക്കാണ് അവാര്‍ഡുകള്‍. മികച്ച രചനയ്ക്കും നിര്‍മാണത്തിനും ട്രോഫിയ്ക്ക് പുറമെ ഒരുലക്ഷം രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കപ്പെടും. മറ്റ് വിഭാഗങ്ങളില്‍ 45,000 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്.

ടീം വര്‍ക് ഫിലിംസ്, 208-എ/3, സാവിത്രി നഗര്‍, ന്യൂഡല്‍ഹി-110017 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയയേ്ക്കണ്ടത്. ഫോണ്‍: 011-260 11430. ഇ-മെയില്‍: teamwork filmsPteam work films.com

ജനവരി 10-നകം എന്‍ട്രികള്‍ ലഭിക്കണം. ഡിവിഡിയിലോ വിഎച്ച്എസ്സിലോ റെക്കോഡ് ചെയ്തുവേണം അയയ്ക്കാന്‍. വിവരങ്ങള്‍ www.metawards.com എന്ന സൈറ്റില്‍ ലഭിക്കും.

കെ.എസ്.സി.എസ്.ടി.ഇ. ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കമ്മിറ്റിയുടെ ഗവേഷണ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. പിഎച്ച്.ഡി. നേടുന്നതിന് പ്രാപ്തരാക്കുന്ന തരത്തില്‍ 51 വിദ്യാര്‍ഥികളെയാണ് മൂന്നുവര്‍ഷത്തെ ഫെലോഷിപ്പിന് തിരഞ്ഞെടുക്കുന്നത്.

ആദ്യത്തെ രണ്ട് വര്‍ഷങ്ങളില്‍ പ്രതിമാസം 16,000 രൂപയും അവസാന വര്‍ഷം 18,000 രൂപയുമാണ് ഫെലോഷിപ്പ് തുക. സി.എസ്.ഐ.ആര്‍.മാനദണ്ഡമനുസരിച്ചുള്ള എച്ച്.ആര്‍.എ.ക്ക് പുറമെ പ്രതിവര്‍ഷം കണ്ടിന്‍ജന്‍സ് ഗ്രാന്റായി 20,000 രൂപയും അനുവദിക്കും.

കൃഷി, ശാസ്ത്രം, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, ബയോടെക്‌നോളജി, കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് സിസ്റ്റം സയന്‍സസ്, എന്‍ജിനീയറിങ് സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, ടാക്‌സോണമി (ബോട്ടണിയും സുവോളജിയും) എന്നീ മേഖലകളിലാണ് ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചത്.

തിരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക്‌ലിസ്റ്റ് www.kscste.kerala.gov.inഎന്ന സൈറ്റിലുണ്ട്.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍

2012 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവായി. പെന്‍ഷന്‍ വിതരണത്തിനായി തുക എല്ലാ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കും അനുവദിച്ചിട്ടുണ്ട്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ അധികാരികള്‍ അതത് ജില്ലാ ലേബര്‍ ഓഫീസര്‍മാരില്‍ നിന്ന് അലോട്ട്‌മെന്റ് തുക കൈപ്പറ്റി ക്രിസ്മസിന് മുമ്പ് തന്നെ പെന്‍ഷന്‍ വിതരണം നടത്തണമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

കരാര്‍ വ്യവസ്ഥയില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കും

പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, ഇടുക്കി, വയനാട്, പാലക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ വിവിധ മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പല്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍/ എയ്ഡഡ് സര്‍വീസില്‍ നിന്ന് കോളേജ് അധ്യാപകരായോ പ്രിന്‍സിപ്പലായോ വിരമിച്ചവരാവണം. 25,000 രൂപ പ്രതിമാസ സമാഹൃത ശമ്പളം ലഭിക്കും. താല്പര്യമുള്ളവര്‍ അപേക്ഷ ബയോഡാറ്റ സഹിതം ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ വകുപ്പ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജനവരി 11 നകം നല്‍കണം.

അപേക്ഷാഫോം വിതരണം തുടങ്ങി

2010-11 ബാച്ചിലും അതിനു മുമ്പും നടത്തിയ എല്‍.സി.പി. (ഹോമിയോ) കോഴ്‌സിന്റെ പരീക്ഷകളില്‍ പരാജയപ്പെട്ടവര്‍ക്കായി ഡിസംബര്‍ 10 മുതല്‍ നടത്താനിരുന്ന സപ്ലിമെന്ററി പരീക്ഷകള്‍ ജനവരി ഒന്നുമുതല്‍ നടത്തും. ഇതിനുള്ള അപേക്ഷാ ഫോം ഡിസംബര്‍ 21 മുതല്‍ 27 വരെ തിരുവനന്തപുരം/ കോഴിക്കോട് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ നിന്ന് സൗജന്യമായി ലഭിക്കും.

എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു; ഉദ്യോഗാര്‍ഥികള്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ക്ഷണിച്ചിരിക്കുന്ന അപേക്ഷകളില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ റീജണല്‍ ഡയറക്ടര്‍ ഗോപാലന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കേരള, കര്‍ണാടക റീജണ് കീഴില്‍ സി.എ.പി.എഫ് കോണ്‍സ്റ്റബിള്‍, ആസാം റൈഫിള്‍സില്‍ റൈഫിള്‍ മാന്‍ എന്നീ തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാ ഫോമും വിശദമായ വിജ്ഞാപനവും എംപ്‌ളോയ്‌മെന്റ് ന്യൂസിന്റെ ഡിസംബര്‍ 1521 ലക്കത്തിലും http://ssc.nic.in

എന്ന വെബ് സൈറ്റിലും ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9483862020, 08025502520 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

22, 000 ഒഴിവുകളാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. യോഗ്യതാ പരീക്ഷയുടെയും ശാരീരിക നിലവാര പരിശോധനയുടെയും മറ്റും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇത്തരം തസ്തികകളിലേക്ക് കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉദ്യോഗാര്‍ഥികളുടെ പ്രാതിനിധ്യം വിരളമാകുന്നതിനാലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. കര്‍ണാടകയില്‍ ബംഗ്‌ളൂരു, ധര്‍വാഡ്, മാംഗ്‌ളൂര്‍, ഗുല്‍ബര്‍ഗ എന്നിവിടങ്ങളും പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. പത്രസമ്മേളനത്തില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രതിനിധി സുബ്രഹ്മണ്യവും പങ്കെടുത്തു.

കലാമണ്ഡലം വിമലാമേനോന്‍ സപ്തതിയാഘോഷം നാളെ

തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും കേരള നാട്യ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ കലാമണ്ഡലം വിമലാമേനോന്റെ സപ്തതി ആഘോഷിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ ഞായറാഴ്ച വൈകുന്നേരം 6ന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം. ആര്‍. തമ്പാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ. മുരളീധരന്‍ എം. എല്‍. എ അധ്യക്ഷത വഹിക്കും. വിമലാമേനോന്‍ രചിച്ച'ലാസ്യമോഹിനി ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് മുന്‍ കലാതിലകങ്ങളായ രാജി ഗോപാലകൃഷ്ണന്റെയും വിന്ദുജാമേനോന്റെയും നേതൃത്വത്തില്‍ നൂറില്‍പരം നര്‍ത്തകിമാര്‍ അവതരിപ്പിക്കുന്ന ' ലാസ്യനിലാവ് ' നൃത്തപരിപാടിയും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കലാമണ്ഡലം വിമലാമേനോന്‍, വിന്ദുജാമേനോന്‍, ജയകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സൂര്യാ കൃഷ്ണമൂര്‍ത്തിക്ക് ട്രാവന്‍കൂര്‍ ലെജന്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: കലാസാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സലീം ബ്രദേഴ്‌സ് യൂത്ത് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഏര്‍പ്പെടുത്തിയ ട്രാവന്‍കൂര്‍ ലെജന്‍ഡ് അവാര്‍ഡ് സൂര്യാകൃഷ്ണമൂര്‍ത്തിക്ക്. സൂര്യയെന്ന കലാസംഘടനയെ ചുരുങ്ങിയനാളുകൊണ്ട് ഉയര്‍ച്ചയിലേക്കെത്തിച്ച നേതൃപാടവവും സംഘടനാശേഷിയും കണക്കിലെടുത്താണ് അവാര്‍ഡെന്ന് അവാര്‍ഡുകമ്മിറ്റി ചെയര്‍മാന്‍ ചുനക്കര രാമന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25000 രൂപയും ഫലകവുമാണ് പുരസ്‌കാരം.

26ന് പേരൂര്‍ക്കടയില്‍ സംഘടിപ്പിക്കുന്ന സലീം ബ്രദേഴ്‌സിന്റെ വാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ. സൂര്യാകൃഷ്ണമൂര്‍ത്തിക്ക് അവാര്‍ഡ് സമ്മാനിക്കും. വിവിധ മേഖലകളിലെ വ്യക്തിഗത മികവ് പ്രകടിപ്പിക്കുന്നവരെ ആദരിക്കുന്നതിനായി ഈ വര്‍ഷം മുതലാണ് ട്രാവന്‍കൂര്‍ ലെജന്‍ഡ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു.

ഗ്രാമീണബാങ്ക് ജീവനക്കാരുടെ സമ്മേളനം ഇന്ന് തുടങ്ങും

കോഴിക്കോട്: ഓള്‍ ഇന്ത്യാ ഗ്രാമീണ്‍ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത ജനറല്‍കൗണ്‍സില്‍യോഗം കോഴിക്കോട്ട് നടക്കും.

ഡിസംബര്‍ 22, 23 തീയതികളിലാണ് യോഗം. ശനിയാഴ്ച 9.30ന് ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പരിസരത്ത് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

2.30ന് ടൗണ്‍ഹാളില്‍ ഗ്രാമീണബാങ്കുകളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. രത്തന്‍ ഖസ്‌നാബിസ്, എസ്.നാഗരാജന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. പൊതുസമ്മേളനം എം.പി. അച്യുതന്‍ എം.പി. ഉദ്ഘാടനംചെയ്യും.

ഞായറാഴ്ച 9.30ന് കിങ്‌ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജനറല്‍കൗണ്‍സില്‍യോഗം എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി. മനോഹര്‍ലാല്‍, പി. ലക്ഷ്മീദാസ്, ഒ. പ്രജിത്ത്കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

29-Aug-2015