ആകാശവാണി ഓണം പരിപാടികള്‍

തിരുവനന്തപുരം: ആകാശവാണിയുടെ കേരള നിലയങ്ങള്‍ സംയുക്തമായി ഓണം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നു. ആഗസ്ത് 28 മുതല്‍ 31 വരെ കേരളത്തിലെ നിലയങ്ങള്‍ പരിപാടികള്‍ സംയുക്തമായി അവതരിപ്പിക്കും.

ഉത്രാടംനാള്‍ ചൊവ്വാഴ്ചത്തെ പരിപാടികള്‍ കണ്ണൂര്‍ നിലയം അവതരിപ്പിക്കുന്നു. രാവിലെ പതിവു പരിപാടികള്‍ക്കു പുറമെ 9.30 മുതല്‍ ഉത്രാടപ്പച്ച ലളിതഗാനപരിപാടി, 10 മുതല്‍ 11 വരെ ഡോ.ബി.അരുന്ധതി പാടുന്ന മലയാള കൃതികള്‍, 11 മണിക്ക് നാടകം- സ്‌നേഹനിലാവ്, 12.05ന് ഓണവെയില്‍പൂക്കള്‍, ഒരു മണിക്ക് നടന്‍ ജയറാം അവതരിപ്പിക്കുന്ന ചലച്ചിത്രഗാനങ്ങള്‍, മൂന്നു മണിക്ക് മറത്തുകളി, നാല് മണിക്ക് ഡാഡികൂള്‍- ചലച്ചിത്ര ശബ്ദരേഖ, അഞ്ചു മണിക്ക് കഥാപ്രസംഗം, സന്ധ്യയ്ക്ക് 6.50ന് 'കണ്ടതും കേട്ടതും പിന്നെ അനുഭവിച്ചറിഞ്ഞതും', 7.35ന് 'ഓണനിലാവ്', രാത്രി 9.30ന് യക്ഷഗാനം, രാത്രി 10 മണിക്ക് നാടകഗാനങ്ങള്‍.

തിരുവോണനാളില്‍ രാവിലെ 9ന് ഭാവഗാനപൂര്‍ണിമ, 10 മണി മുതല്‍ കവിസമ്മേളനം, 11ന് മലപ്പുറം ലിറ്റില്‍ എര്‍ത്ത് തിയേറ്റര്‍ കൊളുത്തൂര്‍ അവതരിപ്പിക്കുന്ന മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരം, കുന്താപ്പി, ഗുലുഗുലു എന്നീ നാടകങ്ങള്‍, ഒരു മണിക്ക് നടി പദ്മപ്രിയ അവതരിപ്പിക്കുന്ന പ്രത്യേക ചലച്ചിത്ര പരിപാടി, 2.30ന് കോമഡിട്രാക്ക് -ഹാസ്യപരിപാടി, മൂന്നു മണിക്ക് നാടന്‍ പാട്ടുകള്‍, വൈകീട്ട് 4ന് 'ഫോര്‍ ഫ്രണ്ട്‌സ്'- ചലച്ചിത്ര ശബ്ദരേഖ, രാത്രി 7.35ന് ചിത്രീകരണം, 10ന് കൂടിയാട്ടം -സുഭദ്രാധനഞ്ജയം.

വ്യാഴാഴ്ച രാവിലെ 10ന് കവിസമ്മേളനം, 11ന് നാടകം -പണ്ടത്തെ പാച്ചന്‍, 12.05ന് നാടന്‍പാട്ടുകള്‍, മൂന്നു മണിക്ക് നാടന്‍ പാട്ടുകള്‍, തുടര്‍ന്ന് ഹാസ്യപരിപാടി, നാലിന് 'നീലത്താമര'- ചലച്ചിത്ര ശബ്ദരേഖ, അഞ്ചിന് ഹാസ്യപരിപാടി, 6.50ന് ഓണവും പുരാവൃത്തങ്ങളും, രാത്രി 9.30ന് നാടകം - ഓണസമ്മാനം.

വെള്ളിയാഴ്ച 10ന് ഹാസ്യനാടകം, 10.30ന് ഓണപ്പൂക്കളം -പ്രത്യേക പരിപാടി, 11ന് നാടകം -മേല്‍വിലാസം, ഒരു മണിക്ക് ചലച്ചിത്ര നടന്‍ അനൂപ്‌മേനോനുമായുള്ള ചാറ്റ്‌ഷോ, മൂന്നിന് ഹാസ്യപരിപാടി, നാലിന് 'വെറുതെ ഒരു ഭാര്യ'- ചലച്ചിത്ര ശബ്ദരേഖ, രാത്രി 10ന് കവിയും കാലവും, 10.30ന് കഥകളിപ്പദങ്ങള്‍.

സ്‌ക്രൈബുമാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ്

ആഗസ്ത്-സപ്തംബര്‍ മാസത്തില്‍ നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് സ്‌ക്രൈബിന്റെ സേവനം ലഭ്യമാക്കുന്നതിന് ആഗസ്ത് 18 വരെ അപേക്ഷ സമര്‍പ്പിച്ച പരീക്ഷാര്‍ഥികള്‍ക്ക് സ്‌ക്രൈബിനെ അനുവദിച്ചുകൊണ്ടുള്ള ഐഡന്റിറ്റി കാര്‍ഡ് ബന്ധപ്പെട്ട സെന്ററില്‍ എത്തിച്ചിട്ടുണ്ട്. പരീക്ഷാര്‍ഥികള്‍ അനുവദിച്ചിട്ടുള്ള പരീക്ഷാ സെന്ററിലെ ചീഫ് സൂപ്രണ്ടുമായി സ്‌ക്രൈബിന്റെ ഐഡന്റിറ്റി കാര്‍ഡിനായി ബന്ധപ്പെടണം. ഇനിയും സ്‌ക്രൈബിനെ അനുവദിച്ചു കിട്ടാത്ത പരീക്ഷാര്‍ഥികള്‍ പരീക്ഷാ സെന്ററിലെ ചീഫ് സൂപ്രണ്ട് വഴി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷ

കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സൈക്കോളജിക്കല്‍ എംപവര്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷ സംഘടിപ്പിക്കും. അഭിരുചി പരീക്ഷ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സപ്തംബറില്‍ നടക്കുമെന്ന് ഐ.പി.ഇ.ആര്‍.ടി. ചെയര്‍മാന്‍ പി.പി. സുരേഷ്‌കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് അഭിരുചി പരീക്ഷ നടത്തുന്നത്. രജിസ്‌ട്രേഷന്‍, പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ തികച്ചും സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ സ്‌കൂള്‍ അധികൃതര്‍ വഴിയോ നേരിട്ടോ www. ipert.in, www. ipert. org എന്നീ സൈറ്റുകള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.

സെന്റര്‍ ഫോര്‍ ബയോപോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഉദ്ഘാടനം 25ന്

കൊച്ചി: സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി ( സിപെറ്റ് ) യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ ബയോപോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൊച്ചി സെന്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും. ഏലൂര്‍ ഫാക്ട് ക്യാമ്പസില്‍ രാവിലെ 10ന് കേന്ദ്രമന്ത്രി എം. കെ. അളഗിരിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രിമാരായ പ്രൊഫ. കെ. വി. തോമസ്, ഡി. നെപ്പോളിയന്‍, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, വി. കെ. ഇബ്രാഹിംകുഞ്ഞ്, കെ. പി. രാമലിംഗം എം. പി. എന്നിവര്‍ പങ്കെടുക്കും.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി സഹകരിച്ചുകൊണ്ടായിരിക്കും സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രോജക്ട് മാനേജര്‍ ടി. ഒ. വര്‍ഗ്ഗീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കുസാറ്റ് ആയിരിക്കും കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എം. എസ്. സി, പിഎച്ച്ഡി കോഴ്‌സുകളാണ് സെന്ററില്‍ ഉള്ളത്. എം. എസ്. സി.യ്ക്ക് 20 സീറ്റാണ് ഉള്ളത്. ബയോപോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലുള്ള ഇന്ത്യയിലെ തന്നെ ആദ്യ സെന്ററാണ് കൊച്ചിയില്‍ ആരംഭിക്കുന്നതെന്ന് സിപെറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. പളനിവേലു, എസ്. സുഗുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

23-Aug-2012