പട്ടികവിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനം

കൊച്ചി: പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആലുവ മാര്‍വാര്‍ ജംഗ്ഷനിലുള്ള എറണാകുളം ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ബാങ്ക് ക്ലാര്‍ക്ക് പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം നല്‍കും.

എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള പിന്നോക്ക, ന്യൂനപക്ഷ മറ്റര്‍ഹ സമുദായക്കാര്‍ക്കുമാണ് പ്രവേശനം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഹാജര്‍ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 400/- രൂപ നിരക്കില്‍ സ്റ്റൈപ്പന്റ് നല്‍കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, 6 മാസത്തിനകമുള്ള ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി 6ന് തിങ്കളാഴ്ച രാവിലെ 11ന് ഓഫീസില്‍ എത്തണം.

യോഗാ മെഡിറ്റേഷന്‍ കോഴ്‌സ്: ഒന്നാം റാങ്ക് ഡോ. എസ്. കൃഷ്ണന്

കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാലയും ചേര്‍ന്ന് സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ മെഡിറ്റേഷന്‍ ആന്റ് പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം 2010 ജൂലായ് ബാച്ചിന്റെ ഫലം പ്രസിദ്ധീകരിച്ചു. പ്രൊഫസര്‍ ഡോ. എസ്. കൃഷ്ണന്‍ (അസോസിയേറ്റ് പ്രൊഫസര്‍, മനോരോഗ ചികിത്സാ വിഭാഗം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ) ഒന്നാം റാങ്കും കൃഷ്ണകുമാര്‍. എം (കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍, അസി. രജിസ്ട്രാര്‍ ഓഫീസ്, ഒറ്റപ്പാലം ) രണ്ടാം റാങ്കും ഡോ. ജി. സുരേഷ്‌കുമാര്‍ ( രജിസ്ട്രാര്‍, ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍, തിരുവനന്തപുരം) മൂന്നാം റാങ്കും നേടി.

പി.എസ്.സി. 55 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: പബ്ലിക് സര്‍വീസ് കമ്മീഷന്‍ 55 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തില്‍ പത്തും ജില്ലാ തലത്തില്‍ മൂന്നും തസ്തികകളിലേക്കാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ പതിനഞ്ചും ജില്ലാതലത്തില്‍ മൂന്നും തസ്തികയിലേക്ക് അപേക്ഷിക്കാം. എന്‍.സി.എ. ഒഴിവുകളില്‍ സംസ്ഥാന-ജില്ലാതലങ്ങളില്‍ പന്ത്രണ്ട് വീതം തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സംസ്ഥാനതലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റിനായി കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍, സയന്റിഫിക് അസിസ്റ്റന്റ് സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), ജൂനിയര്‍ ഓവര്‍സിയര്‍ (സിവില്‍), ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍, പോലീസ് കോണ്‍സ്റ്റബിള്‍, സെയില്‍സ് അസിസ്റ്റന്റ്, ഡബിങ് ആര്‍ട്ടിസ്റ്റ് തസ്തികകളിലേക്കാണ് അപേക്ഷിക്കേണ്ടത്. ജില്ലാതലത്തില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍, നഴ്‌സറി സ്‌കൂള്‍, ടീച്ചര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ്-2. തസ്തികകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapsc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫിബ്രവരി എട്ട്.

അന്തസ്സംസ്ഥാന 'ഗാന്ധിപീസ് ബസ്'

തിരുവനന്തപുരം: കേരള ഗാന്ധി സ്മാരകനിധിയുടെ വജ്രജൂബിലിയുടെ ഭാഗമായി തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള 30 യുവതീ - യുവാക്കള്‍ കന്യാകുമാരിയില്‍നിന്ന് മംഗലാപുരം വരെ മഹാത്മാഗാന്ധി സന്ദര്‍ശിച്ച സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിക്കും.

ഗാന്ധി പീസ് ബസ് എന്ന് പേരിട്ട വാഹനത്തില്‍ സഞ്ചരിക്കുന്ന യുവതീയുവാക്കള്‍ മൂന്നുദിവസത്തെ ക്യാമ്പിനുശേഷം കന്യാകുമാരിയില്‍നിന്ന് യാത്ര തിരിക്കും. 14 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര മംഗലാപുരം വരെയാണ്. യാത്രാമധ്യേ ഗാന്ധിജിയുടെ കാല്‍പ്പാടുകള്‍കൊണ്ട് പവിത്രമായ സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിക്കും. അതത് സ്ഥലങ്ങളിലുള്ള പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. മെയ് എട്ടിന് ഗാന്ധിപീസ് ബസ് യാത്രതിരിക്കും.

കേരള ഗാന്ധി സ്മാരകനിധി, ഗതാഗതവകുപ്പ്, മാതൃഭൂമി എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ യാത്ര.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എന്‍.നാണുക്കുട്ടന്‍നായര്‍, ജോയിന്റ് സെക്രട്ടറി, കേരള ഗാന്ധി സ്മാരകനിധി എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0471 - 23217896.

04-Feb-2012