ടി.പി. സെന്‍കുമാര്‍ ട്രാന്. കമ്മീഷണര്‍
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. മാനേജിങ് ഡയറക്ടര്‍ അഡീഷണല്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ജയകുമാറിന് അധികച്ചുമതല
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് കാര്‍ഷികോത്പാദന കമ്മീഷണറുടെ അധികച്ചുമതല കൂടി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി: ആനുകൂല്യങ്ങള്‍ പുതുക്കി നിശ്ചയിച്ചു
കേരള അന്തസ്സംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയിലെ ആനുകൂല്യങ്ങള്‍ പുതുക്കി നിശ്ചയിച്ചതായി തൊഴില്‍വകുപ്പുമന്ത്രി പി.കെ.ഗുരുദാസന്‍ അറിയിച്ചു.
പുതുക്കിയ പദ്ധതിയനുസരിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഒരു കുടിയേറ്റ തൊഴിലാളിക്ക് പ്രതിവര്‍ഷം ചികിത്സാച്ചെലവ് 25,000 രൂപവരെ ലഭിക്കും. നിശ്ചിത കാലയളവില്‍ കേരളത്തില്‍ ജോലിചെയ്തശേഷം വിരമിക്കുമ്പോള്‍ 25,000 രൂപ ഓരോ തൊഴിലാളിക്കും നല്‍കും. അപകടത്തില്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയും സ്വാഭാവിക മരണത്തിന് 10,000 രൂപയും നല്‍കും. മരണപ്പെടുന്ന തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് 15,000 രൂപവരെ ലഭ്യമാക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 3,000 രൂപവരെ വിദ്യാഭ്യാസ സഹായം നല്‍കാനും വ്യവസ്ഥയുണ്ട്.
ക്ഷേമപദ്ധതിയനുസരിച്ച് കുടിയേറ്റ തൊഴിലാളികള്‍ പ്രതിവര്‍ഷം 30 രൂപയും കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും സംസ്ഥാന സര്‍ക്കാരും 30 രൂപ വീതവും പദ്ധതിക്കുവേണ്ടി അംശദായമടയ്ക്കും.
പുതിയ ജാതിപ്പേര് നല്‍കി
സംസ്ഥാന പിന്നാക്കവിഭാഗ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലെ മറയൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍ വില്ലേജുകളിലെ മലയന്‍, മലവേടന്‍, മലമ്പണ്ടാരം വിഭാഗങ്ങള്‍ക്ക് അഞ്ചുനാട്‌വെള്ളാളര്‍ എന്ന ജാതിപ്പേര് നല്‍കി.
ദേവികുളം താലൂക്കിലെ വട്ടവട, കോവിലൂര്‍, കൊറ്റകൊമ്പൂര്‍ വില്ലേജുകളിലെ മലയന്‍ വിഭാഗക്കാര്‍ക്ക് കുന്നുവര്‍ മന്നാടി എന്ന ജാതിപ്പേരും നല്‍കി ഉത്തരവായിട്ടുണ്ട്.
പുനഃസംഘടിപ്പിച്ചു
ധനകാര്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്.മുരളീധരനെയും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.എല്‍.തങ്കമണിയെയും ഡയറക്ടര്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.
03-Sep-2010