അറിയിപ്പ്
തിരഞ്ഞെടുപ്പില്‍ പണംനല്‍കി വാര്‍ത്ത: നിരീക്ഷണത്തിന് ജില്ലാതല സമിതി
തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണംനല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് നിരീക്ഷിക്കുന്നതിനായി ജില്ലാതല സമിതി രൂപവത്കരിക്കാന്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരാണ് സമിതി രൂപവത്കരിക്കേണ്ടത്. എല്ലാ ജില്ലകളിലും ഇത് രൂപവത്കരിക്കണം. ജില്ലയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നതോ പ്രചാരത്തിലുള്ളതോ ആയ എല്ലാ പത്രങ്ങളും സമിതി വിശദമായി പരിശോധിക്കും. ഇലക്‌ട്രോണിക് മാധ്യമത്തില്‍ വരുന്ന വാര്‍ത്ത / ഫീച്ചര്‍ ജില്ലാതല സമിതി നിരീക്ഷിക്കും. ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി അമിതപ്രാധാന്യം നല്‍കി സംപ്രേഷണം ചെയ്യുന്ന വാര്‍ത്തകളും പരിപാടികളും പരസ്യമായി പരിഗണിക്കാതിരിക്കാനുള്ള കാരണം അതത് സ്ഥാനാര്‍ഥികള്‍ വിശദമാക്കേണ്ടിവരും. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കാണ് ഇത്തരം കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജിതമായി നടപ്പാക്കേണ്ടതിന്റെ ചുമതല.
റീഹാബിലിറ്റേഷന്‍ പ്ലാന്‍േറഷനില്‍ 20 ശതമാനം ബോണസ്
പുനലൂരിലെ റീഹാബിലിറ്റേഷന്‍ പ്ലാന്‍േറഷനിലെ തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് നല്‍കും. 8400 രൂപയും 12 ശതമാനം പ്രൊഡക്ഷന്‍ ഇന്‍സെന്റീവായി 5040 രൂപയും ഓണസമ്മാനമായി 3000 രൂപയും ഉള്‍പ്പെടെ 16,400 രൂപ വീതം നല്‍കാന്‍ തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ ധാരണയായി. ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് 2250 രൂപ ഫെസ്റ്റിവല്‍ അലവന്‍സും ഇന്‍സെന്റീവും ഓണസമ്മാനവും നല്‍കും.
മലേഷ്യയില്‍ ജോലി : മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം
മലേഷ്യയില്‍ തൊഴിലെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലേഷ്യയില്‍ നിയമവിരുദ്ധമായി ജോലിചെയ്യുന്നത് അറസ്റ്റിലേക്കും തടവിലേക്കും നയിക്കുമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ www.mohr.gov.my സൈറ്റില്‍ അറിയാം.
മെഡിക്കല്‍ കോളേജുകളില്‍ ആഗസ്ത് മുതല്‍ പഞ്ചിങ്
മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസിനു കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളേജുകളിലും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും ആഗസ്ത് ഒന്നു മുതല്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനമേര്‍പ്പെടുത്താന്‍ അനുമതി നല്‍കി.
ഇന്ധന സര്‍ച്ചാര്‍ജ്: ഉപഭോക്തൃ പരാതിയില്‍ അഭിപ്രായം രേഖപ്പെടുത്താം
ഇന്ധന സര്‍ച്ചാര്‍ജ് പിന്‍വലിക്കാന്‍ ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് ഏതാനും ഉപഭോക്താക്കള്‍ സമര്‍പ്പിച്ച പരാതികള്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ സ്വീകരിച്ചു. കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.erckerala.org) പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷയില്‍ കക്ഷി ചേരാനോ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനോ താത്പര്യമുള്ളവര്‍ക്ക് സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി. ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.
ജുവനൈല്‍ ഹോം: പ്രൊട്ടക്ടഡ് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താം
ജുവനൈല്‍ ഹോമുകളോടനുബന്ധിച്ചുള്ള സ്‌കൂളുകളില്‍ നിലവില്‍ ഒഴിവുകളുള്ള തസ്തികകളില്‍ സാമൂഹികക്ഷേമ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് പ്രൊട്ടക്ടഡ് അധ്യാപകരുടെ സേവനം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ അധികാരപ്പെടുത്തി. പ്രൊട്ടക്ടഡ് അധ്യാപകരുടെ സേവനം ലഭ്യമല്ലാത്ത സ്ഥലത്ത് അധ്യാപകരില്‍നിന്ന് സമ്മതപത്രം വാങ്ങി ഒഴിവുകള്‍ നികത്താം.
താത്കാലിക അധ്യാപക ഒഴിവ്
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.സി.കളില്‍ ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക് മെക്കാനിക്, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഡ്രാപ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക് റേഡിയോ ആന്‍ഡ് ടെലിവിഷന്‍, സര്‍വ്വേയര്‍, പ്ലംബര്‍, കാര്‍പ്പന്റര്‍ എന്നീ ട്രേഡുകളിലേക്കും അര്ത്തമാറ്റിക് കാല്‍ക്കുലേഷന്‍ ആന്‍ഡ് ഡ്രോയിങ് (എ.സി.ഡി.) എന്ന വിഷയത്തിനും ഗസ്റ്റ്ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നു. അഭിമുഖം ശനിയാഴ്ച രാവിലെ 10ന് തിരുവനന്തപും വെള്ളയമ്പലം കനകനഗറിലുള്ള അയ്യങ്കാളിഭവനില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണമേഖലാ ട്രെയിനിങ് ഇന്‍സ്‌പെക്ടറാഫീസില്‍.
അസിസ്റ്റന്റ് എന്‍ജിനിയര്‍ ഒഴിവ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നടത്തിപ്പിനായി കുഴല്‍മന്ദം ബ്ലോക്ക്പഞ്ചായത്തില്‍ അക്രഡിറ്റഡ് അസി. എന്‍ജിനിയറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.ടെക്., അഗ്രികള്‍ച്ചര്‍/സിവില്‍ എന്‍ജിനിയറിങ് ബിരുദമാണ് യോഗ്യത. അസ്സല് പ്രമാണങ്ങള്‍ സഹിതം ആഗസ്ത് 11ന് 11ന് കുഴല്‍മന്ദം ബ്ലോക്ക്പഞ്ചായത്തില്‍ എത്തണം.
സീറ്റൊഴിവ്
ചിറ്റൂര്‍ ഗവ. കോളേജില്‍ ബി.എസ്സി. കെമിസ്ട്രി, ബി.എ. സംഗീതം, തമിഴ് എം.കോം., എം.എ. ഫിലോസഫി, തമിഴ് കോഴ്സുകളില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. ബിരുദകോഴ്സുകളില്‍ ജനറല്‍-സംവരണ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. ബിരുദകോഴ്സുകളിലേക്ക് ജൂലായ് 31ന് 10നും ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് ആഗസ്ത് നാലിന് 10നും കൂടിക്കാഴ്ച നടത്തും.
30-Jul-2010