എന്‍.എസ്.എസ്. വളന്റിയര്‍ ഒഴിവ്
ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. സെല്ലില്‍ നാഷണല്‍ സര്‍വീസ് വളന്റിയര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളുണ്ട്. 2010 മാര്‍ച്ച് 31ന് 27 വയസ് പൂര്‍ത്തിയാകാത്തവരും നാഷണല്‍ സര്‍വീസ് സ്‌കീമില്‍ വോളണ്ടിയറായിരുന്നവരുമായ ബിരുദധാരികള്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രതിമാസം 2500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. എസ്.സി/എസ്.ടി. വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് മൂന്നു വര്‍ഷം വയസ് ഇളവ് ലഭിക്കും. രേഖകളുമായി മാര്‍ച്ച് 20ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം ശാന്തിനഗര്‍ ഹൗസിങ്‌ബോര്‍ഡ് ബില്‍ഡിങ്ങിലെ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. സെല്ലില്‍ ഹാജരാകണം. ഫോണ്‍: 0471-2323023.
സീനിയോറിട്ടി ലിസ്റ്റ്
ഹെല്‍ത്ത് സര്‍വീസ് ക്വാട്ടയില്‍ മെഡിക്കല്‍ പി.ജി. കോഴ്‌സുകളിലേക്ക് അപേക്ഷിച്ച ഡോക്ടര്‍മാരുടെ സര്‍വീസ് സീനിയോറിട്ടി ലിസ്റ്റ് www.argoyakeralam.gov.in. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ മാര്‍ച്ച് 22ന് മുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം.
പി.എസ്.സി. ഇന്റര്‍വ്യു
വിദ്യാഭ്യാസവകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്: നേരിട്ടുള്ള നിയമനം) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യു പത്തനംതിട്ട ജില്ലാ പി.എസ്.സി. ഓഫീസില്‍ മാര്‍ച്ച് 24, 25, 26 തീയതികളില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍: 96.13 കോടി രൂപ അനുവദിച്ചു
2010 മാര്‍ച്ച്‌വരെയുള്ള കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 96.13 കോടി രൂപ അനുവദിച്ചു. 2009 സപ്തംബര്‍ മുതല്‍ 2010 മാര്‍ച്ച് വരെയുള്ള ഏഴു മാസത്തെ പെന്‍ഷനാണ് ഇതനുസരിച്ച് വിതരണം ചെയ്യുക.
സിലബസിന് അംഗീകാരം
കെ.ജി.ടി.ഇ. (ടെന്‍ കോഴ്‌സിന്റെ) പുതുക്കിയ കരിക്കുലത്തിനും സിലബസിനും അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. www.prd.kerala.gov.in/whatsnew സൈറ്റില്‍ പരിശോധിക്കാം.
വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വനംവകുപ്പ് 2010 ലെ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. എന്റെ മരം, നമ്മുടെ മരം, ഹരിതകേരളം, ഹരിതതീരം, വഴിയോര തണല്‍ എന്നീ പദ്ധതി വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരങ്ങള്‍ ഈ വര്‍ഷം നല്‍കും. 50,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് 2010 ലെ വനമിത്ര പുരസ്‌കാരം.
അപേക്ഷാഫോറവും നിബന്ധനകളും ജില്ലാ ആസ്ഥാനങ്ങളിലെ സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസുകളിലും www.keralaforest.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
സെന്‍സസ് പരിശീലനം
2011 ലെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനാടിസ്ഥാനത്തില്‍ എന്യൂമറേറ്റര്‍മാരുടെ പരിശീലനം ഏപ്രില്‍ അഞ്ച്, ആറ്, ഏഴ് തീയതികളിലും അന്ന് നടത്താന്‍ കഴിയാത്തവര്‍ക്കായി ഏപ്രില്‍ എട്ട്, ഒന്‍പത്, 10 തീയതികളിലും പരിശീലനം നല്‍കുമെന്ന് സെന്‍സസ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍കൂടിയായ പൊതുഭരണവകുപ്പ് സെക്രട്ടറി യു.കെ.എസ്. ചൗഹാന്‍ അറിയിച്ചു.
18-Mar-2010