കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

എം.എസ്‌സി വൈവ

ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി അപ്ലൈഡ് സൈക്കോളജി പരീക്ഷയുടെ വൈവ 18ന് പൂവത്തൂര്‍ മദര്‍കോളേജില്‍ നടക്കും.

ബി.എ പരീക്ഷ പുനഃക്രമീകരിച്ചു


22ന് നടത്താനിരുന്ന അവസാനവര്‍ഷ ബി.എ പാര്‍ട്ട് മൂന്ന് സബ്‌സിഡിയറി പേപ്പര്‍ സോഷ്യല്‍ സൈക്കോളജി പരീക്ഷ 25ലേക്ക് മാറ്റി.

എല്‍.എല്‍.ബി പരീക്ഷ


പഞ്ചവത്സര എല്‍.എല്‍.ബി ഒന്നും രണ്ടും സെമസ്റ്റര്‍ സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം 23നും 24നും നടക്കും.

പരീക്ഷാഫലം


ഡിസംബറില്‍ നടന്ന ഒന്നും മൂന്നും സെമസ്റ്റര്‍ എം.എസ്‌സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്​പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഉത്തരക്കടലാസുകളുടെ പകര്‍പ്പ് എന്നിവയ്ക്ക് 31വരെ അപേക്ഷിക്കാം.

ബ്രിട്ടണില്‍ പഠനാവസരത്തിനായി മത്സരങ്ങള്‍

തിരുവനന്തപുരം: ബ്രിട്ടീഷ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ബ്രിട്ടണില്‍ പഠിക്കാന്‍ അവസരം ഒരുക്കുന്നതിനായി എജ്യൂക്കേഷന്‍ യു.കെ.യുമായി ചേര്‍ന്ന് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കും. പതിനെട്ടിനും 25നും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

ഒരുവര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സിലും മൂന്നുവര്‍ഷ ബിരുദകോഴ്‌സുകളിലുമാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം. മത്സരവിജയികള്‍ക്ക് ലാപ്‌ടോപ്, ഐ പോഡ്, റിസ്റ്റ്‌വാച്ച് തുടങ്ങിയ സമ്മാനങ്ങളും നല്കും. വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കാന്‍ ബ്രിട്ടീഷ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി മാര്‍ച്ച് 26. വിവരങ്ങള്‍ www.educationuk-in.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. വിവരങ്ങള്‍ക്ക് 09894723765. ഇ-മെയില്‍: chennai-enquiryOin.britishcouncil.org.

എന്‍.എസ്.എസ്. വളന്റിയര്‍ ഒഴിവ്‌

ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. സെല്ലില്‍ നാഷണല്‍ സര്‍വീസ് വളന്റിയര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളുണ്ട്. 2010 മാര്‍ച്ച് 31ന് 27 വയസ് പൂര്‍ത്തിയാകാത്തവരും നാഷണല്‍ സര്‍വീസ് സ്‌കീമില്‍ വോളണ്ടിയറായിരുന്നവരുമായ ബിരുദധാരികള്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രതിമാസം 2500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. എസ്.സി/എസ്.ടി. വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് മൂന്നു വര്‍ഷം വയസ് ഇളവ് ലഭിക്കും. രേഖകളുമായി മാര്‍ച്ച് 20ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം ശാന്തിനഗര്‍ ഹൗസിങ്‌ബോര്‍ഡ് ബില്‍ഡിങ്ങിലെ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. സെല്ലില്‍ ഹാജരാകണം. ഫോണ്‍: 0471-2323023.

സീനിയോറിട്ടി ലിസ്റ്റ്

ഹെല്‍ത്ത് സര്‍വീസ് ക്വാട്ടയില്‍ മെഡിക്കല്‍ പി.ജി. കോഴ്‌സുകളിലേക്ക് അപേക്ഷിച്ച ഡോക്ടര്‍മാരുടെ സര്‍വീസ് സീനിയോറിട്ടി ലിസ്റ്റ് www.argoyakeralam.gov.in. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ മാര്‍ച്ച് 22ന് മുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം.

പി.എസ്.സി. ഇന്റര്‍വ്യു

വിദ്യാഭ്യാസവകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്: നേരിട്ടുള്ള നിയമനം) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യു പത്തനംതിട്ട ജില്ലാ പി.എസ്.സി. ഓഫീസില്‍ മാര്‍ച്ച് 24, 25, 26 തീയതികളില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍: 96.13 കോടി രൂപ അനുവദിച്ചു

2010 മാര്‍ച്ച്‌വരെയുള്ള കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 96.13 കോടി രൂപ അനുവദിച്ചു. 2009 സപ്തംബര്‍ മുതല്‍ 2010 മാര്‍ച്ച് വരെയുള്ള ഏഴു മാസത്തെ പെന്‍ഷനാണ് ഇതനുസരിച്ച് വിതരണം ചെയ്യുക.

സിലബസിന് അംഗീകാരം

കെ.ജി.ടി.ഇ. (ടെന്‍ കോഴ്‌സിന്റെ) പുതുക്കിയ കരിക്കുലത്തിനും സിലബസിനും അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. www.prd.kerala.gov.in/whatsnew സൈറ്റില്‍ പരിശോധിക്കാം.

വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനംവകുപ്പ് 2010 ലെ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. എന്റെ മരം, നമ്മുടെ മരം, ഹരിതകേരളം, ഹരിതതീരം, വഴിയോര തണല്‍ എന്നീ പദ്ധതി വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരങ്ങള്‍ ഈ വര്‍ഷം നല്‍കും. 50,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് 2010 ലെ വനമിത്ര പുരസ്‌കാരം.

അപേക്ഷാഫോറവും നിബന്ധനകളും ജില്ലാ ആസ്ഥാനങ്ങളിലെ സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസുകളിലും www.keralaforest.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

സെന്‍സസ് പരിശീലനം

2011 ലെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനാടിസ്ഥാനത്തില്‍ എന്യൂമറേറ്റര്‍മാരുടെ പരിശീലനം ഏപ്രില്‍ അഞ്ച്, ആറ്, ഏഴ് തീയതികളിലും അന്ന് നടത്താന്‍ കഴിയാത്തവര്‍ക്കായി ഏപ്രില്‍ എട്ട്, ഒന്‍പത്, 10 തീയതികളിലും പരിശീലനം നല്‍കുമെന്ന് സെന്‍സസ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍കൂടിയായ പൊതുഭരണവകുപ്പ് സെക്രട്ടറി യു.കെ.എസ്. ചൗഹാന്‍ അറിയിച്ചു.

ജാമിയ മിലിയയില്‍ ബി.ടെക്-ബി.ആര്‍ക് പ്രവേശനം

കോഴിക്കോട്: ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയുടെ ബി.ടെക്, ബി.ആര്‍ക്ക് പ്രവേശനത്തിനുള്ള പരീക്ഷ ഫാറൂഖ് കോളേജില്‍ നടക്കുമെന്ന് ഫാക്കല്‍റ്റി ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി ഡീന്‍ പ്രൊഫ. എസ്. സിക്കന്തര്‍ നബി പത്രസമ്മേളനത്തില്‍ പറഞ്ഞു. ജാമിയ മിലിയ കോഴ്‌സുകളുടെ പ്രവേശന പരീക്ഷയ്ക്ക് ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ കേന്ദ്രം അനുവദിക്കുന്നത്.

അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി: ബി.ടെക് (ഏപ്രില്‍ 17), ബി.ആര്‍ക്ക് (മെയ് 15). മെയ് 19ന് ബി.ടെക്കിന്റെയും 31ന് ബി.ആര്‍ക്കിന്റെയും പ്രവേശന പരീക്ഷ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jni.nic.in ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കുട്ട്യാലിക്കുട്ടി പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നിയമനം

മാനേജിങ് ഡയറക്ടര്‍

സഹകരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്. വിജയകുമാറിനെ സംസ്ഥാന കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക് മാനേജിങ് ഡയറക്ടര്‍ ഇന്‍ ചാര്‍ജായി നിയമിച്ച് ഉത്തരവായി.

അഡീഷണല്‍ സെക്രട്ടറി

അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായി ഉദ്യോഗക്കയറ്റം ലഭിച്ച പി. ഗീതയെ ഗതാഗതവകുപ്പില്‍ നിയമിച്ചു. അഡീഷണല്‍ സെക്രട്ടറിയായി ഡി. അജിത്തിനെ വ്യവസായ വകുപ്പില്‍ നിയമിച്ചു.

ഡെപ്യൂട്ടി സെക്രട്ടറി

അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടി സെക്രട്ടറി എം.കെ. നൗഷാദിനെ പാര്‍ലമെന്ററികാര്യവകുപ്പില്‍ മാറ്റി നിയമിച്ചു.

ജോയിന്റ് സെക്രട്ടറി

അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടേറിയറ്റില്‍ ജോയിന്റ് സെക്രട്ടറിയായി എന്‍. ശശിധരനെ പട്ടികജാതി / വര്‍ഗ വികസന വകുപ്പില്‍ നിയമിച്ചു. ജോയിന്റ് സെക്രട്ടറി കെ.എ. കുമാരി ലക്ഷ്മിയെ ആരോഗ്യകുടുംബക്ഷേമ വകുപ്പില്‍ മാറ്റി നിയമിച്ചു.

സര്‍വകലാശാലാ വാര്‍ത്തകള്‍ എം.ജി.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ഫിസിക്‌സ് (വൊക്കേഷണല്‍, മോഡല്‍-രണ്ട്) മാര്‍ച്ച് 2010 പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 19 മുതല്‍ വിവിധ കോളേജുകളില്‍ നടക്കും. മൂന്നാംസെമസ്റ്റര്‍ ബി.സി.എ. ഫിബ്രവരി 2010 പരീക്ഷയുടെ പ്രാക്ടിക്കലും വൈവാവോസിയും മാര്‍ച്ച് 23 മുതല്‍ 25 വരെ വിവിധ കോളേജുകളില്‍ നടത്തും.

പ്രാക്ടിക്കല്‍ പുനഃപരീക്ഷ


2009 മെയ് മാസത്തില്‍ ചാലക്കുടി നിര്‍മലാ കോളേജ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അഞ്ചാംസെമസ്റ്റര്‍ ബി.സി.എ. (ഓഫ് കാമ്പസ്) പരീക്ഷയുടെ ഭാഗമായി നടത്തിയതും റദ്ദുചെയ്യപ്പെട്ടതുമായ ജാവ ലാബ് പ്രാക്ടിക്കലിന്റെയും മിനി പ്രോജക്ടിന്റെയും പുനഃപരീക്ഷ പ്രസ്തുത സെന്ററില്‍ മാര്‍ച്ച് 19, 20, 21 തീയതികളില്‍ നടത്തും.

പരീക്ഷത്തീയതി


മൂന്നാം ബി.ഡി.എസ്. (റഗുലര്‍) പരീക്ഷകള്‍ ഏപ്രില്‍ 9 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 22 വരെയും 50 രൂപ പിഴയോടെ 23 വരെയും സ്വീകരിക്കും. സി.വി. ക്യാമ്പ് ഫീസായി 300 രൂപ പരീക്ഷാഫീസിനൊപ്പം അടയേ്ക്കണ്ടതാണ്.

ഒന്നാംവര്‍ഷ നഴ്‌സിങ് സപ്ലിമെന്ററി (2007-നു മുമ്പുള്ള അഡ്മിഷന്‍) പരീക്ഷ മാര്‍ച്ച് 19 മുതല്‍ ഗാന്ധിനഗര്‍ എസ്.എസ്.ഇയില്‍ നടത്തും. വിദ്യാര്‍ഥികള്‍ ഗാന്ധിനഗര്‍ എസ്.എം.ഇയില്‍ നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.

പരീക്ഷത്തീയതി പുതുക്കി


സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ ഒന്നാംസെമസ്റ്റര്‍ എം.എഡ് (സി.എസ്.എസ്.) പരീക്ഷ മാര്‍ച്ച് 22ന് ആരംഭിക്കുന്നതിനായി പുതുക്കി നിശ്ചയിച്ചു.

പരീക്ഷാഫലം


2009 സപ്തംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഫ്.ടി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 29 വരെയും സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രില്‍ 9 വരെയും അപേക്ഷിക്കാം.

സി.എസ്.സി.എസ്. യങ് റിസര്‍ച്ചേഴ്‌സ് വര്‍ക്‌ഷോപ്പ്


ബാംഗ്ലൂരിലുള്ള സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് സൊസൈറ്റി (സി.എസ്.സി.എസ്.)യിലെ ഗവേഷക വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 25 മുതല്‍ 27 വരെ യുവഗവേഷകര്‍ക്കായി ശില്പശാല സംഘടിപ്പിക്കും. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയിലോ, ഗവേഷണകേന്ദ്രത്തിലോ ഡോക്ടറല്‍ അല്ലെങ്കില്‍ പോസ്റ്റ് ഡോക്ടറല്‍ ബിരുദത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ranjinikPcscs.res.in, elizabethPcscs.res.in എന്നീ മെയില്‍ വിലാസങ്ങളില്‍ ലഭ്യമാണ്.

ബി.എഡ്. മാര്‍ക്ക്‌ലിസ്റ്റ് പകര്‍പ്പ് സമര്‍പ്പിക്കണം


മഹാത്മാഗാന്ധി സര്‍വകലാശാലാ അഫിലിയേറ്റഡ് ട്രെയിനിങ് കോളേജുകളില്‍ സ്വാശ്രയരീതിയില്‍ നടത്തുന്ന എം.എഡ്. കോഴ്‌സിന്റെ പ്രവേശനപ്പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ ബി.എഡ് മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ് സമര്‍പ്പിക്കാത്തവര്‍, പകര്‍പ്പ് മാര്‍ച്ച് 20-നകം സര്‍വകലാശാലാ കാമ്പസിലെ കോളേജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

ഓള്‍ എക്‌സാമിനേഷന്‍ പ്രീ വാലുവേഷന്‍ മീറ്റിങ്


ബി.എസ്‌സി. മെയിന്‍ ഫിസിക്‌സ് പ്രാക്ടിക്കല്‍ മാര്‍ച്ച്-ഏപ്രില്‍ 2010 പരീക്ഷയുടെ ഓള്‍ എക്‌സാമിനേഷന്‍ പ്രീ വാലുവേഷന്‍ മീറ്റിങ് വെള്ളിയാഴ്ച 11 മണിക്ക് എം.ജി. യൂണിവേഴ്‌സിറ്റി അസംബ്ലി ഹാളില്‍ കൂടുന്നതാണ്. എല്ലാ എക്‌സാമിനര്‍മാരും എത്തിച്ചേരണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിക്കുന്നു.

18-Mar-2010