ഇഗ്‌നോ ബിരുദദാനച്ചടങ്ങ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാനച്ചടങ്ങിനോടനുബന്ധിച്ചുള്ള മേഖലാ ചടങ്ങ് 15 ന് തിരുവനന്തപുരത്ത് നടക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓപ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ ഡോ.ബി.എന്‍.സുരേഷ് മുഖ്യാതിഥിയായിരിക്കും. ഇഗേ്‌നാ തിരുവനന്തപുരം മേഖലാ ഡയറക്ടര്‍ ഡോ.ബി.സുകുമാര്‍ ചടങ്ങില്‍ സംബന്ധിക്കും. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ചടങ്ങ്. തിരുവനന്തപുരത്ത് ആദ്യമായി സംഘടിപ്പിക്കുന്ന കോണ്‍വൊക്കേഷനില്‍ 241 പേര്‍ക്ക് ബിരുദങ്ങള്‍ നല്‍കും.
ക്ലബ്ബ് എഫ്.എമ്മിലൂടെ ഇന്ന് പൃഥ്വിരാജുമായി സംസാരിക്കാം
കൊച്ചി: നടന് പൃഥ്വിരാജുമായി ഫോണില്‍ സംസാരിക്കാന്‍ ക്ലബ്ബ് എഫ്.എം. 94.3 അവസരമൊരുക്കുന്നു. വെള്ളിയാഴ്ച രാത്രി 8 മുതല്‍ 9 വരെ കൊച്ചിയില്‍ ക്ലബ്ബ് എഫ്.എമ്മിന്റെ സ്റ്റുഡിയോയില്‍ നിന്നാണ് പൃഥ്വിരാജ് ശ്രോതാക്കളുമായി സംസാരിക്കുന്നത്. റിലീസിനൊരുങ്ങുന്ന പുതിയ സിനിമയായ 'താന്തോന്നി'യുടെ വിശേഷങ്ങളും മറ്റു മലയാളിസിനിമയുടെ പുതുതലമുറയിലെ സൂപ്പര്‍സ്റ്റാറായ പൃഥ്വിരാജിനോട് ചോദിച്ചറിയാം. രാത്രി 9 വരെ 0484 2405943 എന്ന ഫോണ്‍ നമ്പറിലാണ് വിളിക്കേണ്ടത്. ക്ലബ്ബ് എഫ്.എം. 94.3 ആണ് താന്തോന്നി സിനിമയുടെ റേഡിയോ പാര്‍ട്ണര്‍.
ഫാം ജേര്‍ണലിസ്റ്റ്സ് ഫോറം മാധ്യമ ശില്പശാല 18ന്
കൊച്ചി: കേരള ഫാം ജേര്‍ണലിസ്റ്റ്സ് ഫോറം കൊച്ചിന് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. 'രണ്ടാം ഹരിതവിപ്ലവത്തിന് മാധ്യമങ്ങളുടെ പങ്ക്' എന്നതാണ് വിഷയം. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ 18ന് വൈകീട്ട് 3ന് നടക്കുന്ന ശില്പശാല ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു അധ്യക്ഷനാകും. കാര്‍ഷിക വിജ്ഞാന വ്യാപനത്തില്‍ മികച്ച സേവനം നടത്തിയ ആര്. ഹേലിയെ ചടങ്ങില്‍ ആദരിക്കും.
നാട്ടുവൈദ്യ പ്രാക്ടീഷണേഴ്സ് അസോ. ഭാരവാഹികള്‍
കല്പറ്റ: അഖില മലബാര്‍ നാട്ടുവൈദ്യ പ്രാക്ടീഷണേഴ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി തിരഞ്ഞെടുത്തു.
എം.കെ. സലിം വയനാട് (പ്രസി.), കെ. സുധാകരന് വൈദ്യര് കോഴിക്കോട്, ഹക്കീന് ആര്.പി. അസ്ലം തങ്ങള്‍ വയനാട് (വൈ.പ്രസി.), ടി.പി. പാപ്പച്ചന് വൈദ്യര് എറണാകുളം (ജന. സെക്ര.), സി.പി.എ. റഹിം വൈദ്യര് കണ്ണൂര്‍, എം.എന്‍. ഷൈന്‍ വൈദ്യര് മലപ്പുറം (സെക്ര.), സി.എ. കമാലുദ്ദീന് വൈദ്യര് വയനാട് (ഖജാ.).
പി.എസ്.സി. അറിയിപ്പുകള്‍....
ഇന്റര്‍വ്യു
തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ. (ഇംഗ്ലീഷ്) തസ്തികയുടെ ചുരുക്കപ്പട്ടികയിലെ മുഖ്യപട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഉപപട്ടികയിലെ രജിസ്റ്റര്‍ നമ്പര്‍ 1136 ഒ.ബി.സി. വരെയുള്ള (വികലാംഗ ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടെ) ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യു 16, 17, 18, 19, 23, 24, 25, 26 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ നടത്തും.
തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ. (സോഷ്യല്‍ സ്റ്റഡീസ്-മലയാളം മാധ്യമം) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട (ലിസ്റ്റ്-2ലെ വികലാംഗ ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടെ) ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യു 16, 17, 18, 19, 23, 24, 25 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ നടത്തും.
തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ. (മാത്‌സ്-മലയാളം മാധ്യമം) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട (വികലാംഗ ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടെ) ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യു 23, 24, 25 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ തിരുവനന്തപുരം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) സുവോളജി തസ്തികയുടെ ഇന്റര്‍വ്യു (വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം) 17ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി. ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണം.
സെറ്റ് പരീക്ഷ: അപേക്ഷകള്‍ 15 മുതല്‍
ഹയര്‍ സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂണ്‍ 6ന് നടത്തും.
50 ശതമാനം മാര്‍ക്കില്‍ കുറയാതെ രണ്ടാംക്ലാസ് ബിരുദാനന്തര ബിരുദവും ബി. എഡും ആണ് അടിസ്ഥാന യോഗ്യത. ചില വിഷയങ്ങളെ ബി. എഡില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എസ്. സി, എസ്. ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന യോഗ്യതയില്‍ ഒന്ന് മാത്രം നേടിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. പി. ജി. ബിരുദം മാത്രം നേടിയവര്‍ 2009-ല്‍ ബി. എഡിന് പ്രവേശനം ലഭിച്ചവരായിരിക്കണം. ബി. എഡ്. ബിരുദം മാത്രം നേടിയവര്‍ 2009-2010 അധ്യയന വര്‍ഷത്തില്‍ അവസാന വര്‍ഷ/സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷ എഴുതുന്നവരായിരിക്കണം.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലും ഇലക്‌ട്രോണിക്‌സിലും സെറ്റ് പരീക്ഷ നടത്തും. എല്ലാ വിഷയങ്ങളുടേയും സിലബസ് എല്‍. ബി. എസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.
ജനറല്‍/ഒ. ബി. സി. വിഭാഗത്തില്‍പ്പെടുന്നവര്‍ 500 രൂപയും എസ്. സി./എസ്. ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ 250 രൂപയും നല്‍കിയാല്‍ കേരളത്തിലെ ഹെഡ് പോസ്റ്റോഫീസുകളില്‍ നിന്നും പ്രോസ്‌പെക്ടസും അപേക്ഷ ഫോറവും മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 13 വരെ ലഭിക്കും. കേരളത്തിന് പുറത്തുള്ളവര്‍ അപേക്ഷ ലഭിക്കാന്‍ ഏതെങ്കിലും ഒരു േേദശസാല്‍കൃത ബാങ്കില്‍ നിന്നും എല്‍. ബി. എസ്. ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 550 രൂപ ഡി. ഡി. യും എസ്. സി./എസ്.ടി. വിഭാഗത്തില്‍ 300 രൂപ ഡി. ഡി. യും മുന്‍കൂര്‍ എടുത്ത് സ്വന്തം മേല്‍വിലാസം എഴുതിയ കവറും സഹിതം ഡയറക്ടര്‍ എല്‍. ബി. എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ ഏപ്രില്‍ 7-നകം അപേക്ഷിക്കണം. എസ്. സി./എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ ഫീസ് ഇളവിനായി ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍. ബി. എസ്. സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തശേഷം ഫോട്ടോ പതിച്ച അപേക്ഷ തിരുവനന്തപുരം എല്‍. ബി. എസ്. സെന്ററില്‍ തപാലില്‍ ലഭിച്ചിരിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഹാജാക്കേണ്ട ആവശ്യമില്ല. സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചതിനുശേഷം സെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ടി ഇവ ഹാജരാക്കിയാല്‍മതി. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എല്‍. ബി. എസ്. സെന്ററിന്റെ വെബ് സൈറ്റുകളില്‍ ഓണ്‍ലൈനായി ലഭിക്കും.
അപേക്ഷ ഫോറം ലഭിക്കുന്ന ഹെഡ് പോസ്റ്റോഫീസുകള്‍: തിരുവനന്തപുരം ജി. പി. ഒ, തൈക്കാട്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാല, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം, തൃശ്ശൂര്‍, വടക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, കാസര്‍കോട്, കണ്ണൂര്‍, തളിപ്പറമ്പ, തലശ്ശേരി. കൂടുതല്‍ വിവരങ്ങള്‍ www.lbskerala.com, www.lbscentre.org എന്നീ വെബ് സൈറ്റുകളില്‍ നിന്നും ലഭിക്കും.
ഫെലോഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ബിരുദാനന്തര ബിരുദത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള ഗവേഷണ തല്‍പ്പരരായ നാലുപേര്‍ക്ക് ഒരുവര്‍ഷം പൂര്‍ണസമയം ഗവേഷണം നടത്തുന്നതിന് ഫെലോഷിപ്പ് നല്‍കുന്നു. ഭാഷ, സംസ്‌കാരം, വിദ്യാഭ്യാസം, കല, ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിലാണിത്. ഒരു സീറ്റ് എസ്‌സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ടിയും ഒരു സീറ്റ് വനിതകള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. പ്രതിമാസം 6000 രൂപ വീതം ഒരുവര്‍ഷക്കാലം നല്‍കും. തൊഴിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 9746077290. www.keralabhashainstitute.org എന്ന വെബ് സൈറ്റില്‍നിന്നും ആപ്ലിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അവസാന തീയതി മാര്‍ച്ച് 31.
സര്‍വ്വകലാശാലാ വാര്‍ത്തകള്‍ കാലിക്കറ്റ്
പരീക്ഷ മാറ്റി
12ന്‌നടത്തുവാന്‍ നിശ്ചയിച്ചിരുന്ന മൂന്നാം വര്‍ഷ ബി.കോം/ബി.ബി.എ ഡിഗ്രി(റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.
പരീക്ഷ പുനഃ ക്രമീകരിച്ചു
ഒമ്പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക് പേപ്പര്‍ ബി.ടി. 04 505 കെമിക്കല്‍ റിയാക്ഷന്‍ എന്‍ജിനിയറിങ് പരീക്ഷ 17ലേക്ക് മാറ്റി.
എം.കോം പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഏപ്രിലില്‍ നടക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എം.കോം പരീക്ഷയ്ക്ക് 500/- രൂപ സൂപ്പര്‍ഫൈനോടുകൂടി 20വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ചലാന്‍ രശീത് സഹിതം 23ന് മുമ്പ് വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ എത്തിക്കണം.
ഫിനാന്‍സ് കമ്മിറ്റി ഇലക്ഷന്‍
സര്‍വ്വകലാശാലാ ഫിനാന്‍സ് കമ്മിറ്റിയിലേക്കുള്ള ഇലക്ഷന് 30ന് അഞ്ചുമണിവരെ നോമിനേഷന്‍ സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തിയ്യതി ഏപ്രില്‍ 6ന് 11മണിയ്ക്കാണ്. ബാലറ്റ് പേപ്പറുകള്‍ യൂണിവേഴ്‌സിറ്റി ഓഫീസില്‍ എത്തേണ്ട അവസാന തിയ്യതി മാര്‍ച്ച് മൂന്നിന് അഞ്ചുമണിയാണ്. സൂക്ഷ്മ പരിശോധനയും വോട്ടെണ്ണലും മെയ് നാലിനാണ്.
വൈവ വോസി പരീക്ഷ
ജനവരിയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ് പരീക്ഷയുടെ വൈവ വോസി 17ന് തുടങ്ങും. കേന്ദ്രം: സര്‍വ്വകലാശാല എജ്യുക്കേഷന്‍ വിഭാഗം.
സ്റ്റുഡന്‍സ് യൂണിയന്‍ ഇലക്ഷന്‍
സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ്‌സ് യൂണിയന്‍ -2010 ലേക്കുള്ള ഇലക്ഷന്‍ 25ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30വരെ നടക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 17 മൂന്നുമണിയാണ്. 18ന് ഉച്ചയ്ക്ക് രണ്ടുമണിവരെ പത്രിക പിന്‍വലിക്കാം.
സെറ്റ് കോച്ചിങ്
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സെറ്റ് പരീക്ഷയുടെ സയന്‍സ് വിഷയങ്ങള്‍ക്കുള്ള കോച്ചിങ് ക്ലാസ്സുകള്‍ ഏപ്രില്‍ അഞ്ചിന് ഇ.എം.എസ് ചെയറില്‍ ആരംഭിക്കുന്നു. ക്ലാസ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷാ ഫോമിന് നൂറുരൂപ മണിഓര്‍ഡറായി കോ-ഓര്‍ഡിനേറ്റര്‍, ഇ.എം.എസ് ചെയര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ എന്ന വിലാസത്തില്‍ അയക്കുകയോ, ഓഫീസില്‍ നേരിട്ട് അടക്കുകയോ ചെയ്താല്‍ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 29നകം ലഭിച്ചിരിക്കണം.
ബി.എ പരീക്ഷാഫലം
2009സപ്തംബറില്‍ നടത്തിയ മൂന്നാംവര്‍ഷ ബി.എ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റില്‍ www.universityofcalicut.info അറിയാം.
മാര്‍ക്ക് ലിസ്റ്റ് വിതരണം പുനഃ പരിശോധന എന്നിവയ്ക്കുള്ള തിയ്യതികള്‍ പിന്നീട് അറിയിക്കും.
ഈ പരീക്ഷ എഴുതിയവര്‍ക്ക് 17ന് തുടങ്ങുന്ന മൂന്നാം വര്‍ഷ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ആല്‍ഫാ ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍ ഓണ്‍ലൈന്‍ മുഖേന 15നകം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുകയും അപ്പോള്‍തന്നെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം.
ഓണ്‍ ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് 19നകം പരീക്ഷാഭവനില്‍ എത്തിക്കണം.
ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍ പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം 15നകം പരീക്ഷാഭവനിലെ ബി.എ വിഭാഗത്തില്‍ നേരിട്ട് സമര്‍പ്പിച്ച് ഹാള്‍ടിക്കറ്റ് കൈപ്പറ്റണം.
മണല്‍വാരാന്‍ അനുമതി
നിലവിലുള്ള എല്ലാ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി അംഗീകൃത അളവില്‍ മാര്‍ച്ച് 12 മുതല്‍ 30വരെയുള്ള പ്രവര്‍ത്തിദിനങ്ങളില്‍ അംഗീകൃത കടവുകളില്‍നിന്ന് മണല്‍വാരാന്‍ ജില്ലാകളക്ടര്‍ അനുമതിനല്‍കി.
വനിതാകമ്മീഷന്‍ അദാലത്ത്
സംസ്ഥാന വനിതാകമ്മീഷന്‍ അദാലത്ത് മാര്‍ച്ച് 19ന് മലപ്പുറം കോട്ടപ്പടി മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.
ഗതാഗതം നിരോധിച്ചു
പാറകുണ്ടുച്ചിറ റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 13 മുതല്‍ ജോലിതീരുംവരെ വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ എരമംഗലം-കോതമുക്ക് വഴിയും കളത്തില്‍പ്പടി-അയിരൂര്‍ സ്‌കൂള്‍ വഴിയും പോകേണ്ടതാണ്.
റേഷന്‍കാര്‍ഡ്: അപേക്ഷാഫോം പഞ്ചായത്ത് ഓഫീസില്‍ കിട്ടും
റേഷന്‍കാര്‍ഡിനുള്ള അപേക്ഷാഫോമുകള്‍ പഞ്ചായത്ത് ഓഫീസുകളില്‍ക്കൂടി വിതരണംചെയ്യും. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസിന്റെ നിര്‍ദേശാനുസരണമാണ് നടപടി.
വാട്ടര്‍ അതോറിറ്റിയില്‍ ആന്റിതെഫ്റ്റ് സ്‌ക്വാഡ് രൂപവത്കരിച്ചു
ജലചൂഷണം തടയുന്നതിന് എക്‌സി. എന്‍ജിനിയര്‍, റവന്യൂ ഡിവിഷന്‍ ഓഫീസര്‍, അസി. എക്‌സി. എന്‍ജിനിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആന്റിതെഫ്റ്റ് സ്‌ക്വാഡ് രൂപവത്കരിച്ചു. ആറുമാസത്തില്‍ കൂടുതല്‍ കുടശ്ശികയുള്ള എല്ലാ ഉപഭോക്താക്കളുടെയും കണക്ഷനുകള്‍ വിച്ഛേദിക്കുന്നതാണെന്നും ഇത്തരം ഉപഭോക്താക്കള്‍ മാര്‍ച്ച് 20നകം കുടിശ്ശിക അടച്ചുതീര്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഓഡിയോ എന്‍ജിനിയറിങ് പ്രവേശനം
ഇന്‍സ്റ്റി്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റിന്റെ കീഴില്‍ പാലക്കാട് വടക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനിയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കല്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇന്‍സ്ട്രുമെന്‍േറഷന്‍ ശാഖകളില്‍ ബി.എസ്.സി ബിരുദവും സംഗീതത്തില്‍ അഭിരുചിയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും 25 രൂപയ്ക്ക് മെയ് എട്ടുവരെ നേരിട്ട് ലഭിക്കും. തപാലില്‍ വേണ്ടവര്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 40 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് സഹിതം ഏപ്രില്‍ നാലിനകം അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് എട്ട്. അപേക്ഷാഫോം www.ihrdkerala.org, casvadakkencherry*ihrd.ac.inലഭ്യമാണ്. അപേക്ഷകര്‍ ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയോടൊപ്പം 125 രൂപയുടെ ഡി.ഡി സഹിതം പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, വടക്കഞ്ചേരി എന്ന പേരില്‍ അവസാന തീയതിക്കുമുമ്പായി സമര്‍പ്പിക്കേണ്ടതാണ്.
ടൈപ്പിസ്റ്റ് സീനിയോറിറ്റി ലിസ്റ്റ്
ലാന്‍ഡ്‌റവന്യു വകുപ്പില്‍ 01-11-1956 മുതല്‍ 17-03-2008 വരെയുള്ള എല്‍.ഡി ടൈപ്പിസ്റ്റ്മാരുടെ സംസ്ഥാനതല പുതുക്കിയ താത്കാലിക സിനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ പകര്‍പ്പ് കളക്ടറേറ്റ്, റവന്യു ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭിക്കും.
12-Mar-2010