LATEST NEWS

Loading...

Custom Search
+ -

അജോയ് നദിക്കരയിലെ ബാവുല്‍ മാന്ത്രികര്‍

വി.എസ്.സനോജ്‌

Posted on: 23 Jan 2013

 


കെന്ദുളിയില്‍ വെച്ചാണ് ലഖനെ കാണുന്നത്. ലഖന്‍ദാസ് ബാവുല്‍. തിക്കും തിരക്കും ആരവങ്ങളും നിറഞ്ഞ ആ കുഗ്രാമത്തിലെ പല വേദികള്‍ക്കരികിലും ലഖന്‍ദാസ് ബാവുലിനെ അന്വേഷിച്ച് ഞങ്ങള്‍ നടന്നു. ഏറെ ഇരുട്ടി അദ്ദേഹത്തെ കണ്ടെത്തുമ്പോഴേക്കും ആ ഗ്രാമം ഉന്മാദവും ലഹരിയും പൂത്ത ബാവുലിന്റെ താളങ്ങളില്‍ മുങ്ങിപ്പോയിരുന്നു. ലഖന്‍ദാസ് ബാവുലിന്റെ സ്വരവൈഭവം ആ വേദിക്കരിലേക്ക് ഞങ്ങളെ എത്തിച്ചുവെന്നുംപറയാം. കേരളത്തില്‍ നിന്ന് തന്നെ അന്വേഷിച്ച് വന്നവരോട് തികഞ്ഞ വിനയത്തോടെ ആ ഗായകന്‍ വിധേയനായി. ഇവിടെ വന്നിരിക്കൂ, പാട്ടുകേള്‍ക്കൂ എന്നുമാത്രം പറഞ്ഞ് തൊഴുകൈയോടെ മധുരമായി ചിരിച്ച് ലഖന്‍ദാസ് വേദിയിലേക്ക് മടങ്ങിപ്പോയി. അപ്പോള്‍ വേദിയില്‍ ഹാലിം ഫക്കീര്‍ ഏക്താരയില്‍ അലിഞ്ഞുപാടുന്നുണ്ടായിരുന്നു.

കാഴ്ച്ചയില്‍ പരുക്കന്‍ മുഖമാണ് ഹാലിം ഫക്കീറിന്റേത്. ഹിന്ദി സിനിമയില്‍ എവിടെയോ കണ്ടുമറന്ന ഒരു വില്ലന്റെ മുഖച്ഛായ. ഈ മനുഷ്യന്റെ ഉള്ളില്‍ നിന്നാണോ ഇത്രയും മധുരമായ ആലാപനം പുറപ്പെട്ടുവരുന്നതെന്ന് പാട്ടുകേട്ട ആരും ആശ്ചര്യപ്പെട്ടുപോകും. ഹാലിം പാടുന്നതിനിടെ മുഷിഞ്ഞ നോട്ടുകളുമായി വേദിക്കരികിലെത്തി അദ്ദേഹത്തിന് നേരെ നീട്ടുന്നവരെയും കാണാമായിരുന്നു. ജീവിതത്തിന്റെ ഗ്രാമ്യഭാവവും വിഷാദഭരിതമായ പ്രണയവും പ്രത്യാശകളും ആസന്നതകളും ഇഴചേര്‍ത്ത വരികളോടെയാണ് ഓരോ ബാവുല്‍ ഗാനവും നമ്മെ തേടിവരുന്നത്. അവര്‍ സ്വയംമറന്നുപാടുന്നത് കണ്ടുനില്‍ക്കുക ഒരു സുഖമാണ്. ആ സുഖം ഹാലിം ഫക്കീറില്‍ നിന്ന് തുടങ്ങുന്നുമില്ല അദ്ദേഹത്തില്‍ അവസാനിക്കുന്നുമില്ല. നേരം പുലരുംവരെ അജോയ് നദിയുടെ നീണ്ടുപരന്ന കരയില്‍, കൊടുംതണുപ്പിന്റെ മേലുടുപ്പിട്ട മഞ്ഞുകാലത്തെ വകവെക്കാതെ സംഗീതവിസ്മയങ്ങളില്‍ ഭ്രമിച്ച് കുറെയധികം പേര്‍. അവര്‍ മനസ്സുകൊണ്ട് ഒരു രാത്രിയെങ്കിലും സ്വയം അവധൂതരായി മാറി അലയുന്നത് ഞങ്ങള്‍ കണ്‍നിറയെ കണ്ടു.

ഓരോ മകരസംകാന്ത്രിയ്ക്കും എത്രയോ പേര്‍ നൂറുകണക്കിന് മൈലുകള്‍ അകലെ നിന്നുപോലും ഇവിടെയെത്തിച്ചേരുന്നു. അതില്‍ കുടുംബങ്ങളുണ്ട്. അതില്‍ വിശ്വസിക്കാത്തവരുമുണ്ട്. കെന്ദുളിയില്‍ ഈ ദിവസങ്ങളില്‍ എത്തിച്ചേരുന്ന മനുഷ്യരുടെ എണ്ണവും ഭാവവും അളക്കുക പ്രയാസമാണ്. എല്ലാവരുടേയും മനസ്സില്‍ അപ്പോള്‍ ഒരേ താളവും ഈണവുമാണ് ബാവുലിന്റേതുമാത്രം. അജോയ് നദിയുടെ കരയിലെ ജയദേവ മേളയെന്ന സംഗീതസദസ്സിലേക്ക് മദ്യവും കഞ്ചാവും മാത്രമല്ല ബാവുല്‍ സംഗീതത്തിന്റെ കലര്‍പ്പില്ലാത്ത ഈണങ്ങളുമായി വന്നെത്തുന്നവരുടെ എണ്ണം ആയിരത്തിനും മേലെയാണ്. അത് മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്നു. മകരസംക്രാന്തി സംഗീതത്തിന്റെ വീര്യ-ലാസ്യങ്ങളിലേക്ക് കെന്ദൂളിനെ ആവേശിതമാക്കുന്നു. ഒരുകാലത്ത് രവീന്ദ്രനാഥ ടാഗോറും ശില്‍പ്പി രാംകിങ്കറുമെല്ലാം അടക്കം നിരവധി പ്രഗത്ഭര്‍ ചെന്നെത്തി സംഗീതാസ്വാദനം നടത്തിയിരുന്ന ഗ്രാമമാണിത്. അങ്ങനെയാണ് ലോകത്തിലെ സംഗീതപ്രണയിനികള്‍ക്കെല്ലാം കെന്ദുളി പരിചിതമായതും. പല വിദേശരാജ്യങ്ങളില്‍ നിന്നും പാട്ടിന്റെ ഈ മഹാശിവരാത്രി വെളുപ്പിക്കാന്‍ ആളുകള്‍ കടല്‍താണ്ടിയെത്തുന്നു ഇപ്പോഴും.

ബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ഒരു ഗ്രാമമാണ് കെന്ദുളി. ഒരു കുഗ്രാമം എന്ന് പറഞ്ഞാലും തെറ്റാകില്ല. ശാന്തിനികേതനില്‍ നിന്ന് ഇടയ്ക്ക് വന്നെത്തുന്ന ഓരോ ബസ്സിനുമൊപ്പം അതിനുള്ളിലും മുകളിലുമായി നിരനിരയായി ആളുകളെത്തുന്നത് കാണാം. നൂറുകണക്കിന് സ്വകാര്യവാഹനങ്ങള്‍ മണ്‍പാതകളെ കീഴടക്കിയിരിക്കുന്നു. റോഡിലുടനീളം ഉയര്‍ന്നുപൊങ്ങുന്ന പൊടിയുടെ ഉയര്‍ച്ചതാഴ്ച്ചകളെ തല്‍ക്കാലത്തേക്ക് വിലക്കാന്‍ പഞ്ചായത്ത് അധികൃതര്‍ വെള്ളം തളിക്കുന്നത് കാണാമായിരുന്നു. ബസ്സിറങ്ങി കൊച്ചു ഇടവഴികളും കുടിലുകളും പിന്നിട്ട് നടന്നാല്‍ കെന്ദുളിയിലെ നദീതീരമായി. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജോടുകൂടിയ ഇരിപ്പിടങ്ങള്‍ (ഹെര്‍മിറ്റേജ്-ആശ്രമങ്ങള്‍ എന്നാണ് ഇവിടെ ഇതിന് പറയുക) എല്ലായിടത്തും കാണാം. ശാന്തരും പ്രകോപിതരുമായി, ഭിന്നരൂപങ്ങളുള്ള നൂറുകണക്കിന് സന്യാസിമാരെയും ഈ ദിവസങ്ങളില്‍ കാണാം. കുംഭമേളയുടെ അതേ ശൈലിയില്‍ തന്നെ താല്‍ക്കാലിക ഇരിപ്പിടങ്ങളൊരുക്കി പൂജകളും സാധനകളും അവര്‍ നടത്തുന്നു. ചിലതെല്ലാം വെറും വേഷം കെട്ടലുകളാണെന്ന് നമുക്ക് തോന്നിയേക്കാം. പക്ഷേ ഈ കൊടുംതണുപ്പില്‍ അഗ്നി ജ്വലിപ്പിച്ച് പൂജ നടത്തിയും കഞ്ചാവുപുകച്ചും ചാരായം കുടിച്ചും അവര്‍ ബാവുലില്‍ ആമുഗ്ധരായിരിക്കുന്നു.

കൊല്‍ക്കത്തയില്‍ നിന്ന് പോകുന്നവര്‍ക്ക് ബോല്‍പൂരാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. അവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ടാഗോറിന്റെ ലോകപ്രശസ്തമായ ശാന്തിനികേതന്‍ എന്ന വിശ്വഭാരതി യൂണിവേഴ്‌സിറ്റിയായി. ശാന്തിനികേതന് സമീപം പ്രാന്തിക് എന്ന ഒരു സ്‌റ്റേഷന്‍ ഉണ്ടെങ്കിലും ഇവിടെ പല ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ല. ശാന്തിനികേതനില്‍ നിന്ന് 35 കി.മീറ്ററാണ് കെന്ദൂളിയിലേക്കുള്ള ദൂരം. ഏതാണ്ട് മൂവായിരത്തോളമാണ് ഗ്രാമത്തിലെ ജനസംഖ്യ. ഇതില്‍ ഭൂരിഭാഗവും ദളിത് വിഭാഗത്തില്‍ പെട്ടവര്‍. തികര്‍ബെട്ടാ, സഹപൂര്‍, ജനുബസാര്‍, രഘുനാഥപൂര്‍, മുന്ദിര, ബലാര്‍പൂര്‍, സന്തോഷ്പൂര്‍, സുഘഡ്, ഛട്ടാഛക്, എന്നിവയാണ് ബോല്‍പൂര്‍ സബ് ഡിവിഷനിലെ മറ്് പഞ്ചായത്തുകള്‍. ഇലംബസാര്‍ ആണ് തൊട്ടടുത്തുള്ള പ്രധാനപ്പെട്ട സ്ഥലം.

ബോല്‍പൂര്‍ സബ് ഡിവിഷനിലാണ് കെന്ദുളി. മണ്ണില്‍ ചുട്ടെടുത്ത ശില്‍പവൈഭവങ്ങള്‍ കൊണ്ട് സമ്പന്നമായ രാധബിനോദ് ക്ഷേത്രം ഇവിടെ അടുത്താണ്. രാമായണകഥയില്‍ ഇടംനേടിയ ഐതിഹ്യപാരമ്പര്യമാണ് ഇവിടത്തെ പ്രത്യേകത. സന്താള്‍ ഗോത്രവിഭാഗത്തിന്റെ ജീവിതസന്ധാരണങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ് ഈ ഗ്രാമത്തിലെ ഓരോ വഴികളും ഇവിടത്തെ കുടിലുകളും. ഇന്ത്യയില്‍ ഏതാണ്ട് എല്ലായിടത്തും മകരസംക്രാന്തിക്ക് പാരമ്പര്യാചാരങ്ങളുണ്ട്. പല പേരില്‍, ഭിന്ന രീതിയില്‍. ജയദേവകവിയുടെ ജന്മസ്ഥലമായാണ് കെന്ദുളി അറിയപ്പെടുന്നത്. ജയദേവ കവിയുടെ ഓര്‍മ്മപുതുക്കലാണ് ബാവുലിന്റെ ഈ സംഗീതാര്‍ച്ചനയുടെ സവിശേഷത. ഗീതാഗോവിന്ദത്തിന്റെ സൃഷ്ടാവായ സംസ്‌കൃതകവിയുടെ ജന്മദേശം എന്ന നിലയിലാണ് മകരസംക്രാന്തി ഇവിടെ ബാവുല്‍ മേളയായി അരങ്ങേറുന്നത്.

ബംഗാള്‍ ഗ്രാമങ്ങളുടെ നാടന്‍ശീലുകളാണ് ബാവുല്‍. അവധൂതജന്മങ്ങളുടെ സംഗീതഭാഷ്യങ്ങളാണവ. സൂഫി പാരമ്പര്യവും ഗ്രാമ്യശൈലി പുരണ്ട നാട്ടുവഴക്കങ്ങളും ഇണചേരുന്ന രചനാശൈലിയാണ് ബാവുലിന്റേത്. സംഗീതത്തിന്റെ നിസ്വാര്‍ത്ഥതയും ആലാപന സൗന്ദര്യവുമാണ് ബാവുലിനെ വ്യത്യസ്തമാക്കുന്നത്. ഭക്തി, രതി, പ്രണയം, അമര്‍ഷം, ജീവിതത്തിന്റെ ക്ഷണികത ഇവയെല്ലാം വരികള്‍ക്കിടയിലെ അര്‍ത്ഥമായി പാട്ടുകളില്‍ നിറഞ്ഞുതുളുമ്പുന്നു. ഓരോ ബംഗാളി ഗ്രാമത്തിന്റേയും തുയിലുണര്‍ത്തുപാട്ടാണ് ബാവുല്‍ എന്നുപറയാം. ജീവിതത്തെ അസാധാരണമായി നിര്‍വചിച്ച് കാലംകഴിയ്ക്കുന്നവരുടെ വാമൊഴി ഈണമാണ് ഓരോ പാട്ടും. വൈഷ്ണവരുടെയും സൂഫിസത്തിന്റേയും രസലയങ്ങള്‍ സംഗമിക്കുന്ന തത്വചിന്തകളാണ് ബാവുലിന്റെ വരികളിലും സംഗീതത്തിലുമുള്ളത്. ചിലപ്പോള്‍ ഒരു തോണിപ്പാട്ടുകാരന്റേതായും മറ്റുചിലപ്പോള്‍ പുള്ളുവന്‍പാട്ടിന്റേയും എല്ലാം രസച്ചരടുകള്‍ ഇതില്‍ സംഗമിക്കുന്നതായി തോന്നാം.

തെളിനീര്‍ പോലെ ശുദ്ധമായ ബാവുലിന്റെ ആരോഹണാവരോഹണങ്ങളാണ് കെന്ദുളിയെ പ്രണയിക്കാനെത്തുന്നവന്റെ മൂന്നുരാത്രികളെയും സമ്പന്നമാക്കുന്നത്. വലിയ ടെന്റുകളിലാണ് വേദിയലങ്കരിച്ച് ബാവുല്‍ ഗായകര്‍ ഉത്സവരാത്രികളെ വിസ്മയിപ്പിക്കുന്നത്. മഴക്കാലത്ത് സമ്പന്നമാകുമെങ്കിലും ഇപ്പോള്‍ നിള പോലെ വരണ്ട് നീണ്ടുകിടക്കുന്ന ഒരു മണല്‍പ്രദേശമാണ് അജോയ് നദി. മണല്‍വാരല്‍ നദിയെ ദരിദ്രമാക്കിയിരിക്കുന്നു.

അജോയ് നദിയുടെ നിലാവുപരന്ന മണല്‍മുഖത്താണ് ആഘോഷരാവ് അരങ്ങേറുന്നത്. സംഗീതവും തന്ത്രഘോഷങ്ങളുയര്‍ത്തി സന്യാസിമാരും കാഴ്ച്ച കൗതുകങ്ങളുമായി മറ്റ് ജനങ്ങളും വന്നുചേര്‍ന്നാല്‍ ജയദേവമേളയായി. കെന്ദൂളില്‍ വൈകീട്ട് എത്തുമ്പോള്‍ അപരിചിതമായ അനുഭവമാണ് തേടിയെത്തിയത്. വെളിക്കിരിക്കലുകളുടെ രൂക്ഷഗന്ധം പേറുന്ന ഈ മണല്‍പുറത്തിന്റെ പലഭാഗങ്ങളും ഈ ദിവസങ്ങളില്‍ സംഗീതപ്രേമികളുടെ കിടപ്പിനും ഉറക്കം തീണ്ടാത്ത സംഭാഷണങ്ങള്‍ക്കും വഴിമാറുന്നു. നദിയുടെ കരയില്‍ മണലില്‍ കൊച്ചുകുടിലുകളും കാണാം. ഇവിടെ ഭിക്ഷാടനക്കാരുടെ നീണ്ടനിരയാണ്. പരുക്കന്‍ മുഖവും ഭാവവുമുള്ള മനുഷ്യര്‍. നിലത്ത് തന്നെ പാത്രങ്ങള്‍ നിരത്തി, തിരക്കിട്ട് രാത്രിഭക്ഷണമൊരുക്കുന്നു കുറെ പേര്‍.

ഇങ്ങനെയിങ്ങനെയാണ് കാഴ്ചകള്‍. കെന്ദുളി മേള ഇന്ന് വ്യാപാര സാധ്യതകളെയും ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. കച്ചവടക്കാരുടെ ലഹളയാണ് എങ്ങും. ഈ മുന്നുദിനങ്ങള്‍ അവര്‍ക്ക് ഉപജീവനത്തിന്റേയും കൂടി ദിനങ്ങളാണ്. പലതരം പലഹാരങ്ങളും കളിക്കോപ്പുകളുമെല്ലാം ഒരുക്കി സമീപവാസികള്‍ ജയദേവ മേളയെ അതിജീവനത്തിന്റെ ഉത്സവം കൂടിയാക്കി മാറ്റുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വേദിയും ബാവുല്‍ അവതരിപ്പിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിരവധി ഗായകര്‍ പാടുന്നുണ്ട്. വലിയ വേദിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്. ഇവിടെയും നല്ല തിരക്കാണ്. ഇവിടെ ഒരു സ്‌കൂള്‍ കലോത്സവത്തിന്റെ അനാവശ്യ അച്ചടക്കം പാലിച്ച് അവതരിപ്പിക്കുന്നവര്‍ക്ക് മാത്രംമാണോ സ്ഥാനം എന്നുതോന്നാം.

മറ്റ് വേദികളില്‍ അങ്ങനെയല്ല. അവിടെ ലഹരിയും സംഗീതവും ഒരുപോലെ ഉലയുന്ന ഹര്‍ഷോന്മാദത്തിന്റെ ഉത്സവരാവാണ് പൂക്കുന്നത്. സമീപത്തെ മരങ്ങള്‍ക്ക് താഴെയും താല്‍ക്കാലിക മാളങ്ങളിലുമെല്ലാം സന്യാസിസംഘങ്ങള്‍ സജീവമാണ്. പൂജയുടെ ആരവങ്ങളും ഭാംഗിന്റെ മണവും കഞ്ചാവുപുകയുമെല്ലാം ഇവിടെ ഉയര്‍ന്നുപൊങ്ങുന്നത് കാണാം, കുംഭമേളയുടെ പ്രതീതി ജനിപ്പിച്ചുകൊണ്ട്.

ഇത്തവണ ലഖന്റേയും സംഘത്തിന്റെയുമെല്ലാം പാട്ടുകേള്‍ക്കാന്‍ ആളൊരുപാടുണ്ട്. ലഖന്റെയും മറ്റ് നിരവധി പേരുടേയും പാട്ടുകേട്ട് വേദിയുടെ വലതുഭാഗത്ത് മറ്റൊരാള്‍ ഇരിക്കുന്നത് പിന്നീടാണ് കണ്ടത്. സാക്ഷാല്‍ പബന്‍ദാസ് ബാവുല്‍. കൂടെ പ്രിയസഖി മിംലു സെന്നുമുണ്ട്. യുവാക്കളും യുവതികളുമായ ബാവുല്‍ ഗായകരുടെ പ്രകടനങ്ങള്‍ കേട്ട് പബന്‍ ഇരിക്കുന്നു, ഇടയ്ക്കിടെ കണ്ണടച്ച് പാട്ടില്‍ മുഴുകുന്നു. കത്തിക്കയറുന്ന സംഗീത ലയവിന്യാസങ്ങള്‍ക്കൊപ്പം തലയാട്ടി, ബാവുലില്‍ ലയിച്ചും ചിലപ്പോഴെല്ലാം പൊട്ടിത്തെറിച്ചും പബന്‍ദാസിന്റെ ഭാവപ്രകടനങ്ങള്‍ കണ്ടുനിന്നു. ഒടുവില്‍ ആരാധകരുടേയും ഗായകരുടേയും പലതവണയായുള്ള ആവശ്യം മാനിച്ച് പബന്‍ദാസ് എന്ന ലോകപ്രശസ്ത ബാവുല്‍ ഗായകന്‍ മൈക്കിന് മുന്നിലേക്ക്. മൂര്‍ഷിദാബാദിലെ മൊഹമ്മദ്പൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് കുടില്‍ നിറയെ ദാരിദ്ര്യവും മനസ്സ് നിറയെ സംഗീതവുമായി ലോകം കീഴടക്കിയ ഈ ഗായകന്റെ മുന്നിലെ വേദികള്‍ കെന്ദുളില്‍ മാത്രമല്ല പാരീസിലും ലാസ് വേഗാസിലുമെല്ലാമായി അങ്ങനെ നീണ്ടുകിടക്കുകയാണ്. പിന്നീട് ഫോക് ഫ്യൂഷന്‍ എന്ന പേരിലും ലോകമെമ്പാടും പബന്‍ പാടി വിസ്മയിപ്പിച്ചു. ഇപ്പോള്‍ താമസം പാരീസില്‍.

പക്ഷേ പബന്‍ ദാസിന്റെ ആലാപത്തിന് മൈക്ക് തടസ്സം സൃഷ്ടിച്ചു. ഇടയ്ക്കിടെ മൈക്ക് പണിമുടക്കിയതോടെ ഞാനെന്ന ഭാവത്തിന് തെല്ലുംകുറവില്ലാത്ത പബന്‍ദാസ് രണ്ടുതവണ പാട്ടുനിര്‍ത്തിവെച്ചു. താന്‍ പോകുകയാണെന്ന് ക്ഷുഭിതനായി ഉറക്കെ പ്രഖ്യാപിച്ചു. പക്ഷേ സദസ്സ് വീണ്ടും പബന്‍ദാസിനായി കൈയുയര്‍ത്തുന്നത് കാണാമായിരുന്നു. ഒടുവില്‍ അസ്വസ്ഥപ്പെടുത്താനെത്തുന്ന മൈക്കിന്റെ ശബ്ദക്രമീകരണങ്ങളിലെ ഇടര്‍ച്ചകള്‍ക്കിടെയും പബന്‍ദാസ് മധുരമായ സ്വരത്തില്‍ ഏക്താരയുമായി പാടിത്തീര്‍ക്കുന്നത് വിസ്മയത്തോടെ മാത്രം കണ്ടുനിന്നു.

സുബല്‍ദാസ് ബാവുലിനെ പോലെ, സത്യാനന്ദയെ പോലെ, കനായിദാസിനെ പോലെ പല പ്രമുഖരും രാവുപുലരും വരെ പാടിത്തെളിഞ്ഞ് ലയിച്ച മണ്ണും വായുവുമാണ് കെന്ദുളിയിലേത്. പബന്‍ദാസ് സ്വരത്തിലൂടെ പ്രണയവും സംഗീതവും മൊഴിഞ്ഞ് ഒരു കറുത്ത കാറില്‍ തിരികെ പോയിരുന്നു അപ്പോഴേക്കും. രാവു പുലരാന്‍ മണിക്കൂറുകള്‍ പോലുമില്ല. ഞങ്ങള്‍ തിരികെ ശാന്തിനികേതനിലേക്ക് തന്നെ മടങ്ങി. അപ്പോഴും ബാവുല്‍ നിലച്ചിട്ടില്ല. അതിനിയും തുടരും. നൂറുകണക്കിന് വേദികള്‍ക്കരികിലായി സദസ്സ് ഇപ്പോഴും സമ്പന്നമാണ്. പബന്‍ദാസിനെ പോലും അതിശയിപ്പിച്ച് പുതിയ ഗായകര്‍ ഓരോരുത്തരായി അപ്പോഴും പാടിക്കൊണ്ടേയിരുന്നു...

ഫോട്ടോ-മണിലാല്‍ പടവൂര്‍


 

(100%) (1 Vote)

 

 

Other News in this Section