LATEST NEWS

Loading...

Custom Search
+ -

ദുബായില്‍ പാരമ്പര്യകലകള്‍ നിറഞ്ഞാടി

Posted on: 29 Nov 2009

 



അബുദാബി: കഥകളിയും കൂടിയാട്ടവും കൂത്തും തായമ്പകയും ദുബായ് നഗരത്തില്‍ ഉത്സവം തീര്‍ക്കുന്നു. ദുബായ് കോണ്‍സുലേറ്റിന്റെയും ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഓഫീസിന്റെയും സഹകരണത്തോടെ 'തിരനോട്ടം' എന്ന സംഘടന നടത്തുന്ന ഉത്സവം-2009 പാരമ്പര്യകലകളുടെ അവിസ്മരണീയമായ ദൃശ്യവിസ്മയമായി. ദുബായ് ജെംസ് വെല്ലിങ്ടണ്‍ ഓഡിറ്റോറിയത്തിലാണ് ഉത്സവത്തിന് തിരിതെളിഞ്ഞത്. ദുബായ് കോണ്‍സുലേറ്റിലെ വേണു രാജാമണിയും കഥകളി, കൂടിയാട്ടം ആചാര്യന്മാരും ചേര്‍ന്നാണ് അഞ്ചുദിവസം നീണ്ടുനില്ക്കുന്ന ഉത്സവത്തിന് ഭദ്രദീപം തെളിച്ചത്. ചാക്യാര്‍കൂത്തിലെ ഇതിഹാസം മണ്‍മറഞ്ഞ മാണിമാധവ ചാക്യാര്‍ക്ക് സ്മരണാഞ്ജലിയായിട്ടാണ് ഒന്നാംദിവസത്തെ പരിപാടികള്‍ അരങ്ങേറിയത്.ആറു മണിക്ക് കലാമണ്ഡലം ശങ്കരവാര്യരും കലാമണ്ഡലം ശശിയും ചേര്‍ന്നുള്ള കേളികൊട്ടോടെ അരങ്ങുണര്‍ന്നു. ഏഴു മണിക്ക് കപില വേണു നരസിംഹാവതാരം നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു.

ഒന്‍പത് മണിക്ക് കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ തായമ്പക അരങ്ങേറി. രണ്ടാംദിവസം കലാമണ്ഡലം കൃഷ്ണന്‍നായര്‍ക്കാണ് ഉത്സവം സമര്‍പ്പിച്ചത്. രാവിലെ ഒമ്പതുമുതല്‍ രാത്രി 11 വരെ നീണ്ട ആഘോഷപ്പെരുമ. കേളി, ചാക്യാര്‍കൂത്ത്, പുറപ്പാട്, കഥകളി എന്നിവയില്‍ നാട്യകലയില്‍ ആചാര്യന്മാര്‍ അരങ്ങുവാണ ദിവസം. സുഭദ്രാഹരണം കഥകളിയില്‍ അര്‍ജുനനായി കലാമണ്ഡലം ഗോപിയും സുഭദ്രയായി മാര്‍ഗി വിജയകുമാറും കൃഷ്ണനായി സദനം ഭാസിയും ബലരാമനായി സദനം ബാലകൃഷ്ണനും അരങ്ങിലെത്തി.

ചാക്യാര്‍കൂത്തില്‍ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ അവതരിപ്പിച്ച 'ഹനുമദ്ദൂത്' സദസ്സിനെ രസിപ്പിച്ചു.

രണ്ടാം ദിവസത്തെ കളി 'ബാലിവിജയം' കഥകളിയോടെയാണ് അവസാനിച്ചത്. രാവണനായി സദനം കൃഷ്ണന്‍കുട്ടിയും മണ്ഡോദരിയായി മാര്‍ഗി വിജയകുമാറും നാരദനായി സദനം ഭാസിയും ബാലികയായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും അരങ്ങിലെത്തി. ജെംസ് വെല്ലിങ്ടണ്‍ സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സാണ് ഉത്സവം 2009 വീക്ഷിക്കാന്‍ എത്തിയിരുന്നത്.

കഥകളി, കൂടിയാട്ടം, കൂത്ത് പോലുള്ള പാരമ്പര്യ കലകള്‍ക്ക് ഗള്‍ഫില്‍ ഇത്രയും സജീവമായ സദസ്സ് സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. യു.എ.ഇ.യുടെ വിവിധ നഗരങ്ങളില്‍നിന്ന് 'കളിഭ്രാന്തന്മാര്‍' മറ്റെല്ലാ പരിപാടികളും മാറ്റിവെച്ചാണ് പരിപാടികള്‍ വീക്ഷിക്കാന്‍ എത്തിയത്.

കളിയരങ്ങിലെ മഹാരഥന്മാരും വാദ്യകലയിലെ കുലപതികളും സംഗമിക്കുന്ന വേദി അപൂര്‍വമായിമാത്രമാണ് ദുബായിലെ അസ്വാദകര്‍ക്ക് ലഭിക്കുന്നത്.
(0%) (0 Votes)

 

 

Other News in this Section