LATEST NEWS

Loading...

Custom Search
+ -

രണ്ടാംദിവസവും വൈദ്യുതിയില്ല;നഗരം നിശ്ചലമായി

Posted on: 01 Aug 2012

 

ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാംദിനവും നഗരം ഇരുട്ടിലായി. ഉച്ചയ്ക്ക് 12.55ന് പോയ വൈദ്യുതി വൈകുന്നേരമാണ് പുനഃസ്ഥാപിച്ചത്. മെട്രോസര്‍വീസ് മണിക്കൂറുകള്‍ തടസ്സപ്പെട്ടു. റോഡുഗതാഗതവും തീവണ്ടിസര്‍വീസും താളംതെറ്റി. ജലവിതരണം മുടങ്ങി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. നഗരജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു.

രാവിലെമുതല്‍ വൈകിട്ടുവരെപെയ്ത ചാറ്റല്‍മഴയാണ് നഗരത്തിന് ആശ്വാസം പകര്‍ന്നത്. ചെറിയ മഴമൂലം ചൂടില്‍നിന്നും ഈര്‍പ്പത്തില്‍നിന്നും നഗരവാസികള്‍ക്ക് മോചനമായി. വൈദ്യുതി പ്രതിസന്ധി തിങ്കളാഴ്ചത്തെക്കാള്‍ രൂക്ഷമായിരുന്നുവെന്ന് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തെ കിഴക്കന്‍ പ്രദേശങ്ങളിലെ വിതരണശൃംഖലകൂടി തകരാറായത് ഡല്‍ഹിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.

നോര്‍ത്തേണ്‍ ഗ്രിഡിലെ തകരാര്‍ തലേദിവസം പരിഹരിച്ചെങ്കിലും വീണ്ടും പ്രശ്‌നം ഉടലെടുക്കുകയായിരുന്നു. 4,300 മെഗാവാട്ട് വൈദ്യുതിയാണ് തലസ്ഥാനനഗരത്തിന് ആവശ്യമുള്ളത്. എന്നാല്‍ ഉച്ചയ്ക്ക് 1.45ന് 38 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭ്യമായത്. ഗ്രിഡിലെ തകരാര്‍മൂലം ജല, കല്‍ക്കരി, വാതക വൈദ്യുതി പ്ലാന്റുകളെല്ലാം നിലച്ചു.

ഡല്‍ഹിയിലേക്കുള്ള തീവണ്ടികളെല്ലാം പാതിവഴിയില്‍ മണിക്കൂറുകള്‍ പിടിച്ചിട്ടു. രാജ്യത്തൊട്ടാകെ മുന്നൂറിലേറെ തീവണ്ടികളുടെ സര്‍വീസ് അവതാളത്തിലായിട്ടുണ്ട്. രാജധാനി, ശതാബ്ദി എക്‌സ്പ്രസുകള്‍ ഇതിലുള്‍പ്പെടും.

അതേസമയം, ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ വൈദ്യുതി പ്രതിസന്ധി ബാധിച്ചില്ല. ഉച്ചയ്ക്ക് വൈദ്യുതിപോയ ഉടനെ വിമാനത്താവളത്തിലെ മുഴുവന്‍ പ്രവര്‍ത്തനവും ഡീസലിലേക്ക് മാറ്റി.

നഗരത്തിലെ പ്രധാന ആസ്പത്രികളുടെ പ്രര്‍ത്തനത്തെ പവര്‍കട്ട് ബാധിച്ചില്ല. രോഗികളുടെ ചികിത്സ പതിവുപോലെ നടന്നു. നഗരത്തിലെ ആസ്പത്രികളിലെ സ്ഥിതിവിശേഷങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്‍ഷു പ്രകാശ് അറിയിച്ചു. രോഗികള്‍ക്ക് ചികിത്സ ഉറപ്പുവരുത്താനുളള സംവിധാനങ്ങള്‍ എല്ലാ ആസ്പത്രികളിലുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആസ്പത്രികളില്‍ മതിയായ ഡീസല്‍ കരുതലായുണ്ട്. വൈദ്യുതി മുടങ്ങുമ്പോള്‍ അവ ഉപയോഗിക്കാന്‍ പറ്റും.
ഇപ്പോള്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എയിംസ്, സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളേജ് തുടങ്ങിയ ആസ്പത്രികളില്‍ സ്ഥിതിഗതികള്‍ പതിവുപോലെയാണ്. മതിയായ ജനറേറ്ററുകളുണ്ടെന്നും സര്‍ജറികളും മറ്റും മുറപോലെ നടക്കുന്നുണ്ടെന്നും എയിംസ് മെഡിക്കല്‍ സൂപ്രണ്ട് ഡി.കെ ശര്‍മ അറിയിച്ചു.



(0%) (0 Votes)

 

 

Other News in this Section