ട്രാഫിക് സിഗ്‌നല്‍ നിലച്ചു; ഗതാഗതം സ്തംഭിച്ചു
Posted on: 01 Aug 2012
ന്യൂഡല്‍ഹി: നഗരത്തില്‍ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടത് വലിയ ഗതാഗതക്കുരുക്കിന് വഴിവെച്ചു. ട്രാഫിക് സിഗ്‌നലുകള്‍ മുഴുവന്‍ തകരാറിലായതാണ് കാരണം. വാഹനങ്ങള്‍ തോന്നിയതുപോലെ ഓടിയത്പ്രശ്‌നമായി. ട്രാഫിക് സിഗ്‌നലുകളില്‍ ഭൂരിഭാഗവും പോലീസുകാരില്ലാത്തതും പ്രശ്‌നം രൂക്ഷമാക്കി. കൊണാട്ട് പ്ലേസ്, ഐ.ടി.ഒ, അശോക റോഡ്, ഇന്ത്യാ ഗേറ്റ്, ലക്ഷ്മി നഗര്‍, പട്ടേല്‍നഗര്‍, കീര്‍ത്തിനഗര്‍, രജൗരി ഗാര്‍ഡന്‍, ശങ്കര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതം നിശ്ചലമായ അവസ്ഥയിലായിരുന്നു. പലേടത്തും പരിസരത്തെ ജനങ്ങള്‍തന്നെ റോഡിലിറങ്ങി ട്രാഫിക് പോലീസിന്റെ ഡ്യൂട്ടി ചെയ്യുന്നപോലെ ഗതാഗതം നിയന്ത്രിക്കുന്നുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ടാംദിവസവും വിതരണശൃംഖലയുടെ തകരാര്‍ കാരണം വൈദ്യുതി തടസ്സപ്പെട്ടതോടെ നഗരത്തില്‍ ഗതാഗതസ്തംഭനമുണ്ടായതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രാഫിക് സിഗ്‌നലുകള്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെന്ന് ജോയന്റ് കമ്മീഷണര്‍(ട്രാഫിക്) സത്യേന്ദ്ര ഗാര്‍ഗ് പറഞ്ഞു.
മെട്രോ ഗതാഗതവും രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടതിനാല്‍ റോഡില്‍ തിരക്കേറി. ബസ്സിനെ ആശ്രയിച്ച യാത്രക്കാര്‍ക്കും നിരാശപ്പെടേണ്ടിവന്നു. ബസ്സുകളില്‍ കയറിക്കൂടാന്‍ ജനങ്ങള്‍ തിക്കുംതിരക്കും കൂട്ടി. എന്നാല്‍ ബസ്സുകള്‍ ഗതാഗതക്കുരുക്കില്‍ നീങ്ങാനാവാതെ കിടന്നു. ഗതാഗതക്കുരുക്ക് നിലനില്‍ക്കുന്നതിനാല്‍ യാത്രക്കാരെ കയറ്റാന്‍ ഓട്ടോറിക്ഷക്കാരും വിസമ്മതിച്ചതോടെ നഗരവാസികള്‍ ശരിക്കും ബുദ്ധിമുട്ടിലായി.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





