LATEST NEWS

Loading...

Custom Search
+ -

വീരവനിതയെ ഓര്‍ത്തെടുക്കുമ്പോള്‍ അഭിമാനം തുളുമ്പി ഈ ബന്ധുക്കള്‍

Posted on: 24 Jul 2012

 

ന്യൂഡല്‍ഹി: രാഷ്ട്രീയമായി വിരുദ്ധചേരിയിലെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ ജ്വലിച്ച വീരവനിതയെക്കുറിച്ചു പറയുമ്പോള്‍ ഈ ബന്ധുക്കളുടെ മനസ്സില്‍ അഭിമാനത്തിന്റെ വേലിയേറ്റം. മുന്‍കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണനും 'മാതൃഭൂമി' ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതനും ആനക്കര വടക്കേടത്ത് ലക്ഷ്മിയെന്ന ബന്ധുവിനെ ഓര്‍ത്തെടുത്തു.
കെ.പി. ഉണ്ണികൃഷ്ണന്റെ മുത്തച്ഛനും ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മുത്തച്ഛനും സഹോദരന്മാരാണ്. സ്വാതന്ത്ര്യസമരത്തിന്റെ അവസാനകാലത്ത് ഇന്ത്യന്‍ ജനതയെ, പ്രത്യേകിച്ചും യുവതലമുറയെ ആവേശം കൊള്ളിച്ച ഒരധ്യായമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയെന്ന് കെ.പി. ഉണ്ണികൃഷ്ണന്‍ അനുസ്മരിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഐ.എന്‍.എ.യുടെ ഭാഗമായി ഉയര്‍ന്നുവന്ന നേതാവാണ് ക്യാപ്റ്റന്‍ ലക്ഷ്മി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനകാലഘട്ടത്തിലായിരുന്നുവെങ്കിലും അന്നത്തെ തലമുറയെ ഏറ്റവുമധികം സ്വാധീനിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. സ്വാതന്ത്ര്യത്തിന് അനുകൂലമായ തരംഗമുണ്ടാക്കിയ ഒരു പ്രതിഭാസമായിരുന്നു നേതാജിയുടെ ഐ.എന്‍.എ. ഒരര്‍ഥത്തില്‍ അതിന്റെയൊരു കേന്ദ്രബിന്ദുവായിരുന്നു ലക്ഷ്മിയേടത്തി.
മദ്രാസില്‍ എം.ബി.ബി.എസ്. പഠനത്തിനു ശേഷം സിംഗപ്പൂരിലെത്തിയ അവര്‍ക്ക് അന്നു വലിയ രാഷ്ട്രീയതാത്പര്യമുണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍, നേതാജിയുടെ നേതൃത്വം അവരെ ഏറേ സ്വാധീനിച്ചു. മെഡിക്കല്‍ പ്രാക്ടീസൊക്കെ ഉപേക്ഷിച്ച് അവര്‍ ഐ.എന്‍.എ.യില്‍ സക്രിയമായി. നേതാജിയുടെ ലഫ്റ്റനന്റായി അവര്‍ മാറി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രതീകമാണ് ക്യാപ്റ്റന്‍ ലക്ഷ്മി. വരുംതലമുറയ്ക്ക് ഏറേ മാതൃകയാണ് അവരുടെ ജീവിതമെന്നും കെ.പി. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
കേണല്‍ എ.വി.എം. അച്യുതന്റെ ഭാര്യ മാലിനിയുടെ അച്ഛന്റെ സഹോദരിയാണ് ലക്ഷ്മിയുടെ അമ്മ അമ്മു സ്വാമിനാഥന്‍. കുട്ടിക്കാലം മുതല്‍ക്കേ മറ്റുള്ളവരുടെ പ്രയാസങ്ങളറിയാനും കഴിയാവുന്നത്ര സഹായിക്കാനുമുള്ള മനസ്സ് ലക്ഷ്മിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പരോപകാരമായിരുന്നു അവരുടെ മുഖമുദ്ര. മാതൃകാപരമായ വ്യക്തിത്വമായിരുന്നു അവര്‍. നേതാജിയുടെ അടുത്ത അനുയായി മാറിയ ലക്ഷ്മി എല്ലാവരുടെയും ആവേശമായി. സിംഗപ്പൂരില്‍ മലയാളികള്‍ക്കെല്ലാം അവരൊരു സഹായമായിരുന്നു. ഒട്ടേറേ മലയാളികളെ അവര്‍ ഐ.എന്‍.എ.യില്‍ ചേര്‍ത്ത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷമാണ് ക്യാപ്റ്റന്‍ സെഹ്ഗാളുമായുള്ള വിവാഹം. ഐ.എന്‍.എ.യില്‍ നിന്നുള്ള അടുപ്പമായിരുന്നു അത്. ക്യാപ്റ്റന്‍ സെഹ്ഗാള്‍, ക്യാപ്റ്റന്‍ ഷാനവാസ് ഖാന്‍, ലഫ്റ്റ. ധില്ലണ്‍ എന്നിവരെ ബ്രിട്ടീഷ് പട്ടാളം വിചാരണ ചെയ്തത് ചെങ്കോട്ടയില്‍ വെച്ചായിരുന്നു. അതിനുശേഷമായിരുന്നു സെഹ്ഗാളുമായുള്ള വിവാഹം.
താനും കുടുംബവും ഒന്നു രണ്ടു ദിവസം കാണ്‍പുരിലെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. മലയാളികള്‍ക്കു മാത്രമല്ല, കാണ്‍പുര്‍ വാസികള്‍ക്കെല്ലാം ഏറേ പ്രിയങ്കരിയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. അവര്‍ക്ക് എന്തു സഹായത്തിനും എപ്പോഴും കൂടെയുണ്ടായിരുന്നു. ലക്ഷ്മിയുടെ കൈകൊണ്ടു അനുഗ്രഹം വാങ്ങി മക്കളുടെ ഭാവി ശോഭനമാക്കാനായി പ്രസവിച്ച സ്ത്രീകളൊക്കെ കുട്ടികളുമായി എത്തുന്നതും പതിവായിരുന്നു. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി സി.പി.എമ്മാണെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു രാഷ്ട്രപതി സ്ഥാനാര്‍ഥിയാവാനുള്ള തീരുമാനമെന്നും കേണല്‍ അച്യുതന്‍ പറഞ്ഞു. വീട്ടുകാരൊക്കെ ഏറേ സ്‌നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു ലക്ഷ്മിയെന്ന് മാലിനി അച്യുതന്‍ അഭിപ്രായപ്പെട്ടു. വീട്ടുകാരെയെല്ലാവരെയും അറിയാമായിരുന്നു. എല്ലാവര്‍ക്കും അവരെ വലിയ കാര്യമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ആനക്കര വടക്കത്ത് തറവാട്ടു വീട്ടിലെത്തും. പാവങ്ങള്‍ക്കൊപ്പം നിന്ന നേതാവായിരുന്നു ലക്ഷ്മിയെന്നും മാലിനി പറഞ്ഞു.




(0%) (0 Votes)

 

 

Other News in this Section