ബന്ദില്‍ നിശ്ചലമായില്ലെങ്കിലും പ്രതിഷേധം മറയ്ക്കാതെ നഗരം
Posted on: 01 Jun 2012
ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ എന്‍.ഡി.എ.യും ഇടതുപാര്‍ട്ടികളും നടത്തിയ ഭാരതബന്ദില്‍ നഗരം നിശ്ചലമായില്ലെങ്കിലും പ്രതിഷേധം ഒട്ടും കുറഞ്ഞില്ല. ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാറിനെതിരെയുള്ള രോഷം പ്രതിഫലിപ്പിക്കുന്ന രീതിയിലായിരുന്നു നഗരവാസികളുടെ സമീപനം. പതിവില്‍നിന്ന് വ്യത്യസ്തമായി മിക്കസ്ഥലങ്ങളിലും കടകള്‍ അടഞ്ഞുകിടന്നു. അരലക്ഷത്തോളമുള്ള ഓട്ടോറിക്ഷകളില്‍ മിക്കവയും നിരത്തിലിറങ്ങിയില്ല. പക്ഷേ, ഡി.ടി.സി. ബസ്സും മെട്രോയും സര്‍വീസ് നടത്തിയതിനാല്‍ പൊതുഗതാഗതം തടസ്സപ്പെട്ടില്ല. ചാന്ദ്‌നിചൗക്ക്, സദര്‍ബസാര്‍, ലക്ഷ്മിനഗര്‍, ലാജ്പത്‌നഗര്‍, സരോജിനിനഗര്‍, ഡിഫന്‍സ് കോളനി, ഖാന്‍ മാര്‍ക്കറ്റ്, കൊണാട്ട് പ്ലേസ് എന്നീ സുപ്രധാന മാര്‍ക്കറ്റുകളില്‍ ഒട്ടേറെ കച്ചവടക്കാര്‍ കടയടച്ചിട്ട് പ്രതിഷേധിച്ചു. മിക്കവരും പകല്‍മുഴുവന്‍ കടയടച്ചിട്ട് വൈകുന്നേരമാണ് തുറന്നത്. എന്നാല്‍, ചെറിയ കടകളെല്ലാം തുറന്നിരുന്നു.
ഓട്ടോ-ടാക്‌സി യൂണിയനുകള്‍ ബന്ദില്‍ പങ്കാളിയായതിനാല്‍ മിക്കസ്ഥലങ്ങളിലും നഗരവാസികള്‍ വലഞ്ഞു. ഹര്‍ത്താലിലും ബന്ദിലും സാധാരണ നഗരം നിലയ്ക്കുന്ന അവസ്ഥയില്ലാത്തതിനാല്‍ പലരും ഓട്ടോറിക്ഷകള്‍ ഉണ്ടാവുമെന്നുകരുതിയാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍, ഏറെനേരം റോഡില്‍ കാത്തുനിന്നിട്ടും ഓട്ടോറിക്ഷകള്‍ ലഭിക്കാത്തതിനാല്‍ നടന്ന് തൊട്ടടുത്തുള്ള മെട്രോസ്റ്റേഷനുകളില്‍ എത്തിയവരും കുറവല്ല.
എല്ലാ ദിവസവും ഓട്ടോറിക്ഷയില്‍ മെട്രോസ്റ്റേഷനിലെത്താറുള്ള താന്‍ വ്യാഴാഴ്ച നടന്നാണ് എത്തിയതെന്ന് ഇന്ത്യാഗേറ്റിന് സമീപമുള്ള പോലീസ് കോളനിയില്‍ താമസിക്കുന്ന രശ്മി പറഞ്ഞു. ഏറെനേരം കാത്തിരുന്നിട്ടും ഒറ്റ ഓട്ടോറിക്ഷപോലും ലഭിച്ചില്ലെന്നും രശ്മി പറഞ്ഞു. കിഴക്കന്‍ ഡല്‍ഹിയില്‍ അക്ഷര്‍ധാം ക്ഷേത്രത്തിനടുത്തുള്ള റോഡ് സമരക്കാര്‍ ഉപരോധിച്ചു. തുടര്‍ന്ന് വാഹനഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. പട്ടേല്‍നഗറിലും കരോള്‍ബാഗിലുമെല്ലാം രാവിലെത്തന്നെ ബി.ജെ.പി. പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങി കടയടപ്പിച്ചു.
മുഴുവന്‍ സമയവും കടയടച്ചില്ലെങ്കിലും കുറച്ചുനേരം അടച്ചിട്ട് ബന്ദിനോട് അനുഭാവം പ്രകടിപ്പിച്ചവരും കുറവായിരുന്നില്ല. സി.എന്‍.ജിക്ക് അഞ്ചുശതമാനം വാറ്റുചുമത്തിയ സംസ്ഥാനസര്‍ക്കാര്‍ നടപടിക്കെതിരെയും ഡല്‍ഹിയില്‍ പ്രതിഷേധമിരമ്പി. അക്ഷര്‍ധാംക്ഷേത്രത്തിന് സമീപത്തെ റോഡുഉപരോധത്തിന് ബി.ജെ.പി. നേതാക്കളായ സഞ്ജീവ് ജോഷിയും മുക്താര്‍ അബ്ബാസ് നഖ്‌വിയും നേതൃത്വം നല്‍കി. നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റുചെയ്ത് നീക്കി. ചാന്ദ്‌നിചൗക്കിലെ പ്രതിഷേധത്തിന് ബി.ജെ.പി. ദേശീയനേതാക്കളായ ആനന്ദ്കുമാര്‍, വിജയ് ഗോയല്‍, സംസ്ഥാനപ്രസിഡന്‍റ് വിജേന്ദര്‍ ഗുപ്ത എന്നിവര്‍ നേതൃത്വം നല്‍കി.
സര്‍ക്കാരിനെതിരെയുള്ള ജനരോഷമാണ് ബന്ദില്‍ പ്രകടമായതെന്ന് ബി.ജെ.പി. നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇടതുനേതാക്കളായ പ്രകാശ് കാരാട്ട്, എ.ബി. ബര്‍ദന്‍, സീതാറാം യെച്ചൂരി, ഡി.രാജ എന്നിവര്‍ ഡല്‍ഹിഗേറ്റിനുമുന്നിലെ റോഡ് ഉപരോധത്തില്‍ പങ്കെടുത്തു. ദരിയാഗഞ്ച് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ നേതാക്കള്‍ പിന്നീട് അറസ്റ്റുവരിച്ചു.
ഖാന്‍ മാര്‍ക്കറ്റിലെ മിക്കകടകളും അടച്ചിട്ടതായി ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് സഞ്ജീവ് മെഹ്‌റ പറഞ്ഞു. ഡല്‍ഹിയോടുചേര്‍ന്നുള്ള ദേശീയപാത-24ലും സമരക്കാര്‍ ഉപരോധിച്ചു. കൂടാതെ ഡല്‍ഹി-റോഥക്ക് റെയില്‍പ്പാതയും സമരക്കാര്‍ തടഞ്ഞു. മിക്ക സ്ഥലങ്ങളിലും റോഡ് ഉപരോധമായിരുന്നു പ്രധാന സമരമാര്‍ഗം. ഇവിടങ്ങളില്‍ വന്‍തോതിലുള്ള പോലീസ് സേനയെയും സര്‍ക്കാര്‍ വിന്യസിച്ചിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസുകാര്‍ക്കുപുറമെ 3500 അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.
പ്രശ്‌നമുണ്ടാവാന്‍ ഇടയുള്ള സ്ഥലങ്ങള്‍ നേരത്തെ കണ്ടുവെച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷാവലയമൊരുക്കി. നിയമം കൈയിലെടുക്കരുതെന്ന് ജനങ്ങള്‍ക്കും സമരക്കാര്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓട്ടോറിക്ഷ മുടങ്ങിയതിനാല്‍ മെട്രോസ്റ്റേഷനുകളില്‍ പതിവില്‍നിന്ന് വിപരീതമായി വന്‍തിരക്കും അനുഭവപ്പെട്ടു. പെട്രോള്‍വില കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയിലും സി.എന്‍.ജി. വില വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും നഗരവാസികള്‍ പ്രതിഷേധം ഒളിപ്പിച്ചു വെക്കാത്ത പതിവില്ലാക്കാഴ്ചയ്ക്ക് വ്യാഴാഴ്ച നഗരം സാക്ഷിയായി.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





