LATEST NEWS

Loading...

Custom Search
+ -

വേനലവധിക്കാലം വെറുതെയിരിക്കാനല്ല; കുട്ടികളെയുണര്‍ത്തി ക്യാമ്പുകള്‍

പി.കെ. മണികണ്ഠന്‍

Posted on: 19 May 2012

 

ന്യൂഡല്‍ഹി: വേനലവധിക്കാലം തുടങ്ങി. തീവണ്ടിയില്‍ സീറ്റു കിട്ടാനില്ലെങ്കിലും എങ്ങനെയെങ്കിലുമൊന്ന് ജന്മനാട്ടിലെത്തി അവധിക്കാലം ആസ്വദിക്കാന്‍ കുടുംബത്തോടൊപ്പം കുതിച്ച മലയാളികളേറെ. എന്നാല്‍ നാട്ടിലേക്ക് പോവാത്തവര്‍ അവധിക്കാലം ഇവിടെ ഉത്സവമാക്കുന്നു. ഇനിയുള്ള ദിവസങ്ങള്‍ അവധിക്കാലമാഘോഷിക്കുന്ന കുട്ടികളുടെ കളിചിരികളാല്‍ നഗരം നിറയും.
മൈതാനങ്ങളില്‍ പകലന്തിയോളം സമയം ചെലവഴിക്കുന്ന നാട്ടിലെ അവധിദിനങ്ങളല്ല ഡല്‍ഹിയിലേത്. വീട്ടുപരിസരങ്ങളിലും അപ്പാര്‍ട്ട്‌മെന്റ് വളപ്പിലുമൊക്കെയുള്ള പാര്‍ക്കിലും കളിസ്ഥലങ്ങളിലും കുട്ടികള്‍ കൂട്ടംകൂടിയിരിക്കുന്ന കാഴ്ച ഇവിടെ പതിവാണ്. എന്നാലവിടെ മാത്രമൊതുങ്ങുന്നതല്ല അവരുടെ വേനലവധിക്കാലം. പാട്ടും വരയും അഭിനയവുമൊക്കെ പരിശീലിച്ച് കുട്ടികളെ കൂടുതല്‍ സര്‍ഗാത്മകതയുള്ളവരാക്കാന്‍ തിടുക്കം കൂട്ടുന്ന രക്ഷിതാക്കളുടെ നഗരവുമാണ് ഡല്‍ഹി. ഇതിനായി തിരഞ്ഞെടുക്കുന്ന സുപ്രധാനവേളയാണ് വേനല്‍ദിനങ്ങള്‍. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയുമൊക്കെനേതൃത്വത്തില്‍ നഗരത്തിലെ മിക്കവാറും കോണുകളില്‍ വേനല്‍ക്യാമ്പുകള്‍ ഉണ്ടാവാതിരിക്കില്ല. രക്ഷിതാക്കള്‍ കുട്ടികളെ ഇവിടേക്കയയ്ക്കുന്നു. മറ്റുകുട്ടികളുമായി ഇടപഴകി കൂട്ടുകൂടി സമയം ചെലവഴിക്കുന്നതിനൊപ്പം അവരുടെ താത്പര്യത്തിനനുസരിച്ചുള്ള പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ മുഴുകാനും ക്യാമ്പിലെത്തുന്ന കുട്ടികള്‍ക്കാവും. പക്ഷേ, സൗജന്യ വേനല്‍ക്കാല ക്യാമ്പുകളല്ല ഡല്‍ഹിയില്‍. ഓരോ കുട്ടിക്കും നിശ്ചിത ഫീസീടാക്കിയുള്ളതാണ് ക്യാമ്പുകള്‍.പലയിടത്തും ക്യാമ്പുകള്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ലോധി എസ്റ്റേറ്റിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്റര്‍, ഐ.ടി.ഒയിലെ ദേശീയ ബാലഭവന്‍ എന്നീ സ്ഥാപനങ്ങള്‍ തുടങ്ങി സന്നദ്ധസംഘടനകളും സ്വകാര്യസംരംഭകരുമൊക്കെ കുട്ടികള്‍ക്കായി വേനല്‍ ക്യാമ്പുകളൊരുക്കുന്നു. ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ തുടങ്ങിയ കുട്ടികളുടെ ശില്പശാലയുടെ ആദ്യഘട്ടം ചൊവ്വാഴ്ച സമാപിക്കും. പത്തു മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കായി അഭിനയം പരിശീലിപ്പിക്കുകയാണ് ഇവിടെ. ഒരു കുട്ടിക്ക് 3500 രൂപയാണ് ഫീസ്. വെള്ളിയാഴ്ച തുടങ്ങിയ ഒറിഗാമി ക്യാമ്പ് ശനിയാഴ്ചയുമുണ്ടാവും. 14 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കായി വീഡിയോ പാവക്കൂത്ത് ശില്പശാല വെള്ളിയാഴ്ച തുടങ്ങി. ഇത് 27 വരെയുണ്ടാവും. വേനല്‍ക്യാമ്പിന്റെ രണ്ടാംഘട്ടം ജൂണില്‍ ആരംഭിക്കും. 12-16 വയസ്സുള്ള കുട്ടികള്‍ക്കായുള്ള അഭിനയശില്പശാല ജൂണ്‍ ഏഴു മുതല്‍ 13 വരെ നടക്കും. ഇതേദിവസങ്ങളില്‍ പ്രസംഗ ശില്പശാലയും ജൂണ്‍ 16 മുതല്‍ 22 വരെയും 24 മുതല്‍ 30 വരെയും വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി തിയേറ്റര്‍പഠനവും സംഘടിപ്പിക്കും. എല്ലാ ശില്പശാലകള്‍ക്കും നിശ്ചിതഫീസീടാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
റൂം ടു ഗ്രോ- സ്‌പേസ് ടു ലേണ്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഗ്രേയ്റ്റര്‍ കൈലാഷ് പാര്‍ട്ട് രണ്ടില്‍ വെള്ളിയാഴ്ച പരിശീലനം തുടങ്ങി. കഥ പറച്ചില്‍, നൃത്തം, അഭിനയം, പാവക്കൂത്ത്, ചിത്രരചന തുടങ്ങിയ ഒട്ടേറെ മേഖലകളിലാണ് പരിശീലനം. അഭിനയ ശില്പശാല ജൂണ്‍ നാലു മുതല്‍ 22 വരെ ഡിഫന്‍സ്‌കോളനിയിലും സംഘടിപ്പിക്കും.
ലാജ്പത്‌നഗര്‍, ജി.കെ-രണ്ട്, ന്യൂഫ്രണ്ട്‌സ് കോളനി എന്നിവിടങ്ങളില്‍ പൈപ്പാസ് സംഘടിപ്പിക്കുന്ന സമ്മര്‍ക്യാമ്പ് തിങ്കളാഴ്ച തുടങ്ങും.
നൃത്തം, ഉപകരണസംഗീതം, കരകൗശലം, ചിത്രരചന എന്നിവയിലാണ് പ്രധാന പരിശീലനം. സിരിഫോര്‍ട്ടിനു സമീപം ഫാദര്‍ ആഗേ്‌നല്‍ സ്‌കൂളിലെ സമ്മര്‍ക്യാമ്പ് 31-ന് ആരംഭിച്ച് ജൂണ്‍ 22 വരെ നീണ്ടുനില്‍ക്കും. നോയ്ഡ സെക്ടര്‍ 41-ലെ നോയ്ഡ സിറ്റി സെന്റര്‍ മില്ലെനിയം സ്‌കൂളില്‍ ഇതിനകം തുടങ്ങിയിട്ടുള്ള ക്യാമ്പ് ജൂണ്‍ ഒമ്പതു വരെയുണ്ടാവും. കല്‍ക്കാജിയിലെ താന്‍സെന്‍ സംഗീത മഹാവിദ്യാലയം ദി ലൈഫ് ബ്യൂട്ടിഫുള്‍ എന്ന പേരില്‍ സമ്മര്‍ക്യാമ്പ് തുടങ്ങിക്കഴിഞ്ഞു. മഹാറാണിബാഗ് സെന്‍ട്രല്‍ അവന്യൂവില്‍ ബാരിജോണ്‍ ആക്ടിങ് സ്റ്റുഡിയോ തുടങ്ങിയിട്ടുള്ള അഭിനയ ശില്പശാല ജൂണ്‍ ഒമ്പതു വരെയുണ്ട്.
പുഷ്പവിഹാര്‍ സെക്ടര്‍ നാലിലെ രാധാകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളില്‍ കുട്ടികള്‍ക്കായി ടെന്നീസ്, ഫുട്‌ബോള്‍ പരിശീലന ക്യാമ്പും നടന്നു വരുന്നു.
അവധിക്കാലം കളിച്ചുനടക്കാന്‍ മാത്രമുള്ളതല്ല, കുട്ടികളുടെ മനസ്സിലുള്ള അഭിരുചി വാര്‍ത്തെടുക്കാനുള്ള സമയം കൂടിയാണെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ കൂട്ടായ്മകള്‍. കുട്ടികളില്‍ സംഘടിതബോധവും പരസ്പരസ്‌നേഹവും വളര്‍ത്താനും ഈ ക്യാമ്പുകള്‍ ഉപകരിക്കുന്നു.
(0%) (0 Votes)

 

 

Other News in this Section