LATEST NEWS

Loading...

Custom Search
+ -

മലയാളം മിഷന്‍ ഇഴയുന്നു; വെബ്മാഗസിന്‍ വെട്ടിച്ചുരുക്കി

പി.കെ. മണികണ്ഠന്‍

Posted on: 17 May 2012

 

* സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടിക്കിടക്കുന്നു
* ക്ലസ്റ്റര്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തില്ല

ന്യൂഡല്‍ഹി: തലസ്ഥാനത്തെ മലയാളം മിഷന്‍ പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുന്നു. പഠനകേന്ദ്രങ്ങളില്‍ മലയാളം ക്ലാസുകള്‍ നടക്കുന്നതൊഴിച്ചാല്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം ചലിക്കുന്നില്ലെന്നാണ് ആക്ഷേപം. മറുനാട്ടിലെ മലയാളി സംഘടനകളെയെല്ലാം കോര്‍ത്തിണക്കിയുള്ള ഊര്‍ജസ്വലമായ മാതൃഭാഷാപ്രസ്ഥാനത്തിന് ഉണര്‍വു നഷ്ടപ്പെട്ടതില്‍ നിരാശരാണ് മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരടക്കമുള്ള പഠനകേന്ദ്രം പ്രവര്‍ത്തകര്‍.
മലയാളം വിദ്യാര്‍ഥികളുടെ ഭാഷാശേഷി കൂട്ടാനും സര്‍ഗരചനകള്‍ പ്രസിദ്ധീകരിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള പൂക്കാലം വെബ്മാഗസിന്‍ വെട്ടിച്ചുരുക്കി. മാസത്തില്‍ രണ്ടു തവണ വെബ്മാഗസിന്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. എന്നാല്‍, രചനകള്‍ പ്രസിദ്ധീകരിക്കുന്നത് ഒരു മാസമാക്കി ചുരുക്കാനാണ് ഇപ്പോഴുള്ള തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് മാസത്തെ പതിപ്പ് കഴിഞ്ഞദിവസം പുറത്തിറക്കി. വിവിധ പഠനകേന്ദ്രങ്ങളില്‍ നിന്ന് രചനകള്‍ ശേഖരിക്കുന്നതിലുള്ള വീഴ്ചയും ഏകോപനത്തിലെ പാളിച്ചയുമാണ് ഇത്തരമൊരു അവസ്ഥയിലേയ്ക്ക് വഴിവെച്ചതെന്നാണ് വിമര്‍ശനം. ഏപ്രില്‍ 11-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തതാണ് പൂക്കാലം.
പഠനകേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളും കുറവുകളും പരിഹരിക്കാനുള്ള ക്ലസ്റ്റര്‍ യോഗങ്ങളും ഇതുവരെ വിളിച്ചു ചേര്‍ത്തിട്ടില്ല. ഡല്‍ഹിയില്‍ 150-ലേറെ പഠനകേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രവര്‍ത്തിക്കുന്നവ 125 എണ്ണം മാത്രമേയുള്ളൂ. പരിശീലകരായ അധ്യാപകരില്‍ തിരഞ്ഞെടുത്ത ഒരു സംഘം ഓണ്‍സൈറ്റ് സപ്പോര്‍ട്ട് (ഒ.എസ്.എസ്.) ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ കേന്ദ്രവും സന്ദര്‍ശിച്ച് അവിടത്തെ പ്രശ്‌നങ്ങളും സ്ഥിതിഗതികളും വിലയിരുത്തുകയാണ് ഈ സംഘത്തിന്റെ ചുമതല. ഡിസംബര്‍ അവസാനത്തോടെ മിക്ക പഠനകേന്ദ്രങ്ങളും സന്ദര്‍ശിച്ച് ഒ.എസ്.എസ്. പൂര്‍ത്തിയായിട്ടുണ്ട്. ഫരീദാബാദ്, ഗാസിയാബാദ് മേഖലകളിലേതു പൂര്‍ത്തിയായത് ഫിബ്രവരിയിലായിരുന്നു. ഒ.എസ്.എസ്. പൂര്‍ത്തിയായാല്‍ വിവിധ മേഖലകളില്‍ ക്ലസ്റ്റര്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കണമെന്നാണ് വ്യവസ്ഥ. ഈ യോഗങ്ങളിലാണ് അധ്യാപകര്‍ക്കും പഠനകേന്ദ്രങ്ങള്‍ക്കും ആവശ്യമായ എന്തൊക്കെ സൗകര്യങ്ങളും സഹായങ്ങളുമാണ് വേണ്ടതെന്ന് കൂട്ടായി ചര്‍ച്ചചെയ്തു തീരുമാനിക്കുക. 13 ക്ലസ്റ്ററുകള്‍ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യോഗങ്ങളൊന്നും നടന്നിട്ടില്ല.
മലയാളം മിഷന്‍ പാഠ്യപദ്ധതി തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും വിതരണം ചെയ്തിട്ടില്ല. പഴയ പാഠ്യപദ്ധതിയനുസരിച്ച് പരീക്ഷയെഴുതി പാസായ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്യാനുള്ളത്. മുന്‍വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി നേരിട്ടാണ് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്തിരുന്നത്. കഴിഞ്ഞവര്‍ഷം അഞ്ഞൂറിലേറെ കുട്ടികള്‍ പരീക്ഷയെഴുതി പാസായി. അച്ചടിച്ച സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ ഒപ്പുവെച്ച് ഡല്‍ഹിയില്‍ ദിവസങ്ങളായി കെട്ടിക്കിടക്കുമ്പോഴും വിതരണം ചെയ്യാന്‍ നടപടിയുണ്ടായിട്ടില്ല.
വിവിധ മേഖലകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുമെന്ന് മലയാളം മിഷന്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഉളിയക്കോവില്‍ മാതൃഭൂമിയോടു പറഞ്ഞു. വേനലവധിക്കാലം കഴിഞ്ഞായിരിക്കും സര്‍ട്ടിഫിക്കറ്റ് വിതരണമെന്നും അദ്ദേഹം അറിയിച്ചു. മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ സംഘടനകളുടെ കൂട്ടായ്മയിലുള്ള മാതൃഭാഷാപ്രസ്ഥാനമെന്ന നിലയില്‍ മലയാളം മിഷന് ഊര്‍ജസ്വലത നഷ്ടപ്പെട്ടെന്നാണ് കേന്ദ്രസമിതിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ആക്ഷേപം. കേവലമൊരു സര്‍ക്കാര്‍ സംവിധാനം മാത്രമായി മലയാളം മിഷന്‍ ഒതുങ്ങിയതായും പരക്കെ വിമര്‍ശനമുയരുന്നു. പുതിയ കോ-ഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുക്കാനായി ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാനാണ് അധികൃതരുടെ ഇപ്പോഴത്തെ നീക്കം. ഇതിന്റെ ഭാഗമായി വിവിധ സംഘടനകള്‍ക്ക് ബൈലോ തയ്യാറാക്കി വിതരണം ചെയ്തു. 30 കുട്ടികള്‍ക്ക് ഒരു പ്രതിനിധി എന്ന നിലയ്ക്ക് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ആളുകളെ പങ്കെടുപ്പിക്കാമെന്നാണ് ഇപ്പോഴത്തെ ധാരണ. ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ തിയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
(0%) (0 Votes)

 

 

Other News in this Section