LATEST NEWS

Loading...

Custom Search
+ -

ഇന്ത്യന്‍ മീന്‍പിടുത്തക്കാര്‍ക്ക് നേരെ വീണ്ടും ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണം

Posted on: 22 Aug 2012

 

ചെന്നൈ: ശ്രീലങ്കന്‍ നാവികസേന ഇന്ത്യക്കാരായ മീന്‍പിടിത്തക്കാരെ വീണ്ടും ആക്രമിച്ചതായി ആരോപണം. ചൊവ്വാഴ്ച പുലര്‍ച്ചെ പാക് കടലിടുക്കിനടുത്ത് കച്ചൈത്തീവിനു സമീപമാണ് സംഭവം നടന്നത്. രാമേശ്വരത്ത് നിന്ന മീന്‍പിടിക്കാന്‍ പുറപ്പെട്ട 13 മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന തോക്കുചൂണ്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് ഒരാള്‍ പറഞ്ഞു.
നെടുന്തീവിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് അധികൃതരുടെ നിര്‍ദേശപ്രകാരം വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ വിട്ടയയ്ക്കുന്നതിനുമുമ്പ് തങ്ങളെ ശ്രീലങ്കന്‍ നാവികസേനാംഗങ്ങള്‍ ക്രൂരമായി മര്‍ദിച്ചെന്ന് ഇവര്‍ പറഞ്ഞു. പരിക്കേറ്റ ആറുപേരില്‍ അഞ്ചുപേരെ രാമേശ്വരത്തെ ആസ്പത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുണശേഖരന്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച തമിഴ്‌നാട്ടില്‍ നിന്നുള്ള എട്ട് മുക്കുവര്‍ക്ക് ശ്രീലങ്കന്‍ നാവികസേനയുടെ കൈയേറ്റത്തില്‍ പരിക്കേറ്റിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള മുക്കുവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ജയലളിതയും ഡി.എം.കെ. നേതാവ് എം. കരുണാനിധിയും കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ മൃദുസമീപനമാണ് ശ്രീലങ്കന്‍ നാവികരുടെ അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ജയലളിത ആരോപിച്ചു. ഇന്ത്യന്‍ മുക്കുവര്‍ക്ക് നേരെയുള്ള കൈയേറ്റങ്ങള്‍ തടയുമെന്ന ശ്രിലങ്കന്‍ അധികൃതരുടെ ഉറപ്പുകള്‍ കടലാസില്‍ അവശേഷിക്കുകയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മുക്കുവര്‍ക്കു നേരെ 167 തവണ ആക്രമണമുണ്ടായിട്ടുണ്ടെന്ന് കരുണാനിധി പറഞ്ഞു. ഇതില്‍ 85 പേര്‍ കൊല്ലപ്പെടുകയും 187 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുക്കുവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം ചില പ്രസ്താവനകള്‍ നടത്തുമെന്നല്ലാതെ മറ്റൊരു നടപടിയും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് കരുണാനിധി കുറ്റപ്പെടുത്തി.

സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണമെന്ന് വിജയകാന്ത്

തമിഴ്‌നാട്ടില്‍ നിന്നുള്ള മീന്‍പിടിത്തക്കാര്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേന ആക്രമണം നടത്തുന്നത് തുടര്‍ക്കഥയായിരിക്കെ ഇക്കാര്യത്തില്‍ അന്തിമപരിഹാരം കാണുന്നതിന് തമിഴ്‌നാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണമെന്ന് തമിഴ്‌നാട് നിയമസഭാ പ്രതിപക്ഷ നേതാവ് വിജയകാന്ത് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും പ്രതിനിധികള്‍ സഹകരിക്കണമെന്ന് വിജയകാന്ത് പറഞ്ഞു. തമിഴ് മുക്കുവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് വിജയകാന്ത് ചൂണ്ടിക്കാട്ടി. തമിഴ്മുക്കുവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് സര്‍വകക്ഷി സംഘത്തിനാവുമെന്നും വിജയകാന്ത് പറഞ്ഞു.







(0%) (0 Votes)

 

 

Other News in this Section