LATEST NEWS

Loading...

Custom Search
+ -

മലയാളംമിഷന്‍ അധ്യാപകര്‍ക്കുള്ള റിഫ്രഷ്‌മെന്റ് കോഴ്‌സ് 25നും 26നും

Posted on: 06 Aug 2012

 


ചെന്നൈ:മലയാളം മിഷനിലെ അധ്യാപകര്‍ക്കുള്ള രണ്ടാംവര്‍ഷത്തെ റിഫ്രഷ്‌മെന്റ് കോഴ്‌സ് 25 , 26 തിയ്യതികളില്‍ ചെന്നൈയില്‍ നടത്തുമെന്ന് മലയാളം മിഷന്‍ രജിസ്ട്രാര്‍ സുധാകരന്‍ പിള്ള അറിയിച്ചു. ഞായറാഴ്ച ആശാന്‍ സ്മാരക സ്‌കൂളില്‍ നടന്ന മലയാളം മിഷന്‍ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെന്നൈയില്‍ മലയാളം മിഷന്‍ പഠന ക്ലാസുകളിലെകുട്ടികളെ എങ്ങനെ പരിക്ഷയ്ക്കു പ്രാപ്തരാക്കാം എന്ന കാര്യത്തിലൂന്നി കേരളത്തില്‍ നിന്നെത്തുന്ന മലയാളം മിഷന്റെ സാരഥികളാണ് ഇവിടത്തെ അധ്യാപകര്‍ക്ക് റിഫ്രഷ്‌മെന്റ് കോഴ്‌സു നടത്തുക. ചെന്നൈയിലെ മലയാളം മിഷന്‍ കേന്ദ്രങ്ങളെ രണ്ടായിത്തിരിച്ച് രണ്ടു ദിവസങ്ങളിലായിരിക്കും പരിശീലന ക്ലാസുകള്‍ നടത്തുകയെന്നും സുധാകരന്‍ പിള്ള പറഞ്ഞു.
രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ 'കണിക്കൊന്ന'യാണ് ഇപ്പോള്‍ ഇവിടത്തെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. കോഴ്‌സിന്റെ ഒരു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായി. രണ്ടാംവര്‍ഷത്തെ ക്ലാസുകള്‍ എല്ലാകേന്ദ്രങ്ങളിലും ജൂലായ് ഒന്നു മുതല്‍ സജീവമായിട്ടുണ്ട്. മൊത്തം നൂറ് മാര്‍ക്കിലാണ് പരീക്ഷ നടത്തുന്നത്. രണ്ടു വര്‍ഷങ്ങളിലായുള്ള നിരന്തരമൂല്യ നിര്‍ണയത്തിലൂടെ 20 മാര്‍ക്കും എഴുത്തുപരീക്ഷയില്‍ 40 മാര്‍ക്കും വാചിക പരീക്ഷയ്ക്കും വിവരസാങ്കേതികതയിലും യഥാക്രമം 10 മാര്‍ക്കുവീതവും ചേര്‍ത്താണ് മൊത്തം മാര്‍ക്കിടുക. എ, ബി, സി, ഡി എന്നിങ്ങനെ ഗ്രേഡ് അടിസ്ഥാനത്തില്‍ വിജയിച്ചവരെ തരംതിരിക്കും. പരീക്ഷയില്‍ 80 മാര്‍ക്കില്‍ കൂടുതല്‍ നേടുന്നവര്‍ക്ക് എ ഗ്രേഡും 60 മുതല്‍ 80 മാര്‍ക്കു വരെ നേടുന്നവര്‍ക്ക് ബി ഗ്രേഡും 40-നും 50 മാര്‍ക്കിനുമിടയില്‍ നേടുന്നവര്‍ക്ക് സി ഗ്രേഡുമാണ് നല്‍കുക. ഡി ഗ്രേഡ് ലഭിച്ചവര്‍ പരീക്ഷയില്‍ തോറ്റവരാണെന്നര്‍ഥം. എന്നാല്‍, പ്രത്യേക സാഹചര്യത്തില്‍ പരീക്ഷയ്ക്ക് കൃത്യമായി പഠിക്കാന്‍ പറ്റാതെയാണ് തോല്‍വി സംഭവിച്ചതെങ്കില്‍ പരിമിതമായ കാലയളവില്‍ ഇവര്‍ക്ക് ഒരുവട്ടം കൂടി പരീക്ഷ എഴുതാന്‍ അനുമതി നല്‍കുമെന്നും സുധാകരന്‍ പിള്ള വ്യക്തമാക്കി.
യോഗത്തില്‍ ചെന്നൈ മലയാളം മിഷന്‍ പ്രസിഡന്റ് എം. നന്ദഗോവിന്ദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വിനര്‍ കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ എസ്. സന്തോഷ് കുമാര്‍, കണ്‍വീനര്‍മാരായ പി.എ. സുരേഷ്‌കുമാര്‍, പി.കെ. രാമചന്ദ്രന്‍, മേഖലാ കണ്‍വീനര്‍ കെ.ഡി. സന്തോഷ് കുമാര്‍, ഡോ. കെ.ജെ. അജയകുമാര്‍, കല്‍പ്പാക്കം വിജയകുമാര്‍, പി.ആര്‍. സ്മിത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ടി.എസ്. രാജു, അപ്പുക്കുട്ടന്‍, രാജ്കുമാര്‍, പി.എന്‍. ശ്രീകുമാര്‍, പ്രീജ, സിന വിജയകുമാര്‍, ധനുജ, ഷീജ ജയന്‍, എം.കെ. ദാമോദരന്‍, സുരേഷ്, എല്‍. സുധ തുടങ്ങിയവര്‍ പങ്കെടുത്തു. ചെന്നൈയില്‍ സ്‌കൂള്‍ ബസ്സിന്റെ വിടവിലൂടെ വീണു മരിച്ച മലയാളി വിദ്യാര്‍ഥിനി ശ്രുതിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്.
കേരള സര്‍ക്കാര്‍ 2011 ഫിബ്രവരി 13-ന് ചെന്നൈയില്‍ തുടക്കമിട്ട മലയാള മിഷന്‍ പദ്ധതി, പുതുതലമുറയുടെ മാതൃഭാഷാപഠനത്തിനു വഴിയറിയാതെ ഉഴറിയിരുന്ന പ്രവാസി മലയാളി സമൂഹം വൈകാരികാവേശത്തോടെയാണ് നെഞ്ചേറ്റിയത്. മിഷന്‍ വിഭാവനം ചെയ്യുന്ന നാല് തലത്തിലുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമോ കോഴ്‌സുകള്‍ക്കുവേണ്ടി തയാറാക്കിയ കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി പാഠപുസ്തകങ്ങളും സമീപനരേഖയും കൈപ്പുസ്തകങ്ങളും ഉപയോഗപ്പെടുത്തി കളിയും ചിരിയുമോടെയാണ് ഭാഷാപഠന കേന്ദ്രങ്ങളില്‍ അധ്യയനം നടത്തുന്നത്.

(0%) (0 Votes)

 

 

Other News in this Section