LATEST NEWS

Loading...

Custom Search
+ -

രവീന്ദ്രരാജ വിരമിച്ചു, പ്രസിഡന്‍സി സ്‌കൂളില്‍ മലയാളം പടിക്ക്‌പുറത്ത്‌

പ്രശാന്ത് കാനത്തൂര്‍

Posted on: 11 Jun 2012

 

ചെന്നൈ: മലയാളം മിഷന്റെ സഹകരണത്തോടെ ചെന്നൈയില്‍ മാതൃഭാഷാപഠന ക്ലാസുകള്‍ സക്രിയമായിരിക്കേ എഗ്മൂറിലെ പ്രസിഡന്‍സി സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മലയാളം പടിക്കുപുറത്തേക്ക്.

പ്രസിഡന്‍സിയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകന്‍ ഡോ.കെ. രവീന്ദ്രരാജ മാര്‍ച്ചില്‍ വിരമിച്ചതോടെ ഈ തസ്തികയില്‍ ഇനി പുതുതായി നിയമനത്തിനുള്ള സാധ്യതയുമില്ല. ഇതോടെ ചെന്നൈ കേന്ദ്രീകരിച്ചുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ മലയാളത്തിലുള്ള അധ്യയനസൗകര്യം ഏതാണ്ട് അവസാനിച്ചു എന്നുതന്നെ പറയാം. ഏതാനും വര്‍ഷം മുമ്പ് കോടമ്പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മലയാളം അധ്യാപിക അന്നാസ് വിരമിച്ച ശേഷം ഇവിടെ മലയാളം അധ്യാപക തസ്തികതന്നെ എടുത്തു കളയുകയാണുണ്ടായത്. രവീന്ദ്ര രാജ വിരമിച്ച സാഹചര്യത്തില്‍ സമാന നടപടി തന്നെയായിരിക്കും പ്രസിഡന്‍സി സ്‌കൂളിലും ഉണ്ടാവുക.

രവീന്ദ്രരാജ വിരമിക്കുമ്പോള്‍ മലയാളം പഠിക്കാന്‍ നാലു കുട്ടികള്‍ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. ഇവര്‍ പ്ലസ് ടു വിദ്യാര്‍ഥിനികളായിരുന്നു. ഇവര്‍ പഠിച്ചിറങ്ങിയതോടെ ഇനി മലയാളം പഠിക്കാന്‍ ഇവിടെ വിദ്യാര്‍ഥികളുമില്ല. അതുകൊണ്ടുതന്നെ രവീന്ദ്രരാജയുടെ ഒഴിവ് നികത്തപ്പെടാനുള്ള സാധ്യതയും വിരളമാണ്.

ഒരു കുട്ടി മാത്രം പഠിക്കാനുണ്ടായാല്‍പ്പോലും മലയാളമുള്‍പ്പെടെ ന്യൂനപക്ഷ ഭാഷകള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ തസ്തിക നിലനിര്‍ത്താം എന്നാണ് സര്‍ക്കാര്‍ നിയമം. എന്നാല്‍ കുട്ടികളില്ലെങ്കില്‍ പുതിയ നിയമനം വ്യര്‍ഥമായിരിക്കുമെന്നാണ് രവിന്ദ്രരാജതന്നെ പറയുന്നത്. മദിരാശി കേരള സമാജത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള വിദ്യാലയത്തിലും മദ്രാസ് കേരള സമാജത്തിന്റെ കീഴിലുള്ള മലയാള വിദ്യാലയത്തിലും ഇപ്പോള്‍ മലയാള പഠന സൗകര്യമുണ്ട്. ഈ രണ്ട് സ്‌കൂളുകളും എയ്ഡഡ് പദവിയിലുള്ളതാണ്.
എന്നാല്‍ പ്രസിഡന്‍സിയാകട്ടെ സര്‍ക്കാര്‍ സ്‌കൂളാണ്. സൗജന്യ വിദ്യാഭ്യാസത്തിനു പുറമേ സര്‍ക്കാറില്‍ നിന്ന് പലവിധ ആനുകൂല്യങ്ങളും ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും മലയാളം പഠിക്കാന്‍ വിദ്യാര്‍ഥികള്‍ എത്തുന്നില്ലെന്ന് രവീന്ദ്രരാജ വ്യക്തമാക്കി. പ്രസിഡന്‍സിയില്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മലയാളം ഇതുവരെ നിലനിര്‍ത്തിക്കൊണ്ടു പോയതിനു പിന്നില്‍ തന്റെ കൂടി കഠിനാധ്വാനമുണ്ടെന്ന് രവീന്ദ്രരാജ .

മലയാള വിദ്യാലയത്തില്‍ നിന്നും സാലിഗ്രാമത്തെ വിദ്യാക്ഷേത്രം സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പഠിച്ചിറങ്ങുന്ന കുട്ടികളെ പ്രസിഡന്‍സിയിലേക്കെത്തിക്കാന്‍ വര്‍ഷങ്ങളായി ശ്രമം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നൂറ്റമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള പ്രസിഡന്‍സി ഒരു കാലത്ത് ചെന്നൈയിലെ പേരുകേട്ട സ്‌കൂളായിരുന്നു. കേരളവിദ്യാലയത്തെയും മലയാള വിദ്യാലയത്തെയുംപോലെ ഇവിടെ മലയാളം മീഡിയത്തില്‍ത്തന്നെ അധ്യയന സൗകര്യമുണ്ടായിരുന്നു. എന്നാല്‍ കുട്ടികള്‍ കുറഞ്ഞതോടെ കഴിഞ്ഞ കുറച്ചു വര്‍ഷമായി മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍ തലങ്ങളില്‍ മലയാളം ക്ലാസെടുത്തിരുന്ന അധ്യാപകര്‍ ഇപ്പോള്‍ തമിഴ് മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും ക്ലാസെടുക്കുകയാണ്. തത്ത്വത്തില്‍ പ്രസിഡന്‍സിയില്‍ മലയാളം മീഡിയം ഇപ്പോഴും നിലനില്ക്കുന്നുണ്ട്. പക്ഷേ, കുട്ടികള്‍ ഇല്ലെന്നു മാത്രം. ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ തമിഴ് നിര്‍ബന്ധ ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ നിയമം കൊണ്ടു വന്നിരുന്നു.

തമിഴ് ഭാഷയ്ക്ക് പ്രാമുഖ്യം നല്കാനുള്ള സര്‍ക്കാറിന്റെ ഈ തീരുമാനം നിലനിലേ്ക്ക മലയാളം അധ്യാപകരുടെ തസ്തിക നികത്താന്‍ സര്‍ക്കാര്‍ തയ്യാറായെന്നു വരില്ല.

തമിഴ് നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനെതിരെ മലയാളികള്‍ ഉള്‍പ്പെടെ ന്യൂനപക്ഷ ഭാഷാ വിഭാഗങ്ങളും സംഘടനകളും തുടക്കം മുതല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

(0%) (0 Votes)

 

 

Other News in this Section