നോര്‍ക്കയുടെ ആനുകൂല്യങ്ങള്‍; പ്രചാരണവും സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും
Posted on: 09 Aug 2012
ബാംഗ്ലൂര്‍: നോര്‍ത്ത് വെസ്റ്റ് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഫെയ്മയുമായി സഹകരിച്ച് നോര്‍ക്ക ഇന്‍ഷുറന്‍സ് കാര്‍ഡ് കാമ്പയിന് 12-ന് തുടക്കമാകും. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ അപോക്ഷാ ഫോറം വിതരണവും അപേക്ഷാ ഫോറം സ്വീകരിക്കലും ഉണ്ടാകും. മാസം 6,000 രൂപയില്‍ താഴെ വരുമാനമുള്ള 250 മലയാളികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഫെയ്മയുടെ സഹായത്തോടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ. അര്‍ഹരായവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, അന്യസംസ്ഥാനത്ത് താമസിക്കുന്നതിന്റെ രേഖ എന്നിവയോടൊപ്പം ജാലഹള്ളി ക്രോസ്സിലെ ഗ്ലോബല്‍ ഔറാ അപാര്‍ട്ട്‌മെന്റില്‍ എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാസം 6,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ 300 രൂപ പ്രീമിയം നല്‍കണം. കേരളത്തിന് പുറത്ത് കുറഞ്ഞത് രണ്ട് വര്‍ഷം താമസിച്ച 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കാര്‍ഡിനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9845156189 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. ഇന്‍ഷുറന്‍സ് കാര്‍ഡ് വിവിധ പദ്ധതികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡായും ഉപയോഗിക്കാം. മൂന്നുവര്‍ഷത്തെ കാലയളവില്‍ രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കൂടാതെ മറ്റ് അനുകൂല്യങ്ങളും ഉണ്ട്.
പ്രവാസി മലയാളികള്‍ക്കായി കേരള സര്‍ക്കാര്‍ ആരംഭിച്ച നോര്‍ക്ക റൂട്ടസിന്റെ ക്ഷേമ പദ്ധതികളുടെ പ്രചാരണ പരിപാടികള്‍ക്ക് വിവിധ സംഘടനകള്‍ തുടക്കം കുറിച്ചിരിക്കുകയാണ്.
പ്രവാസി വകുപ്പ് നല്‍കുന്ന അനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ലാത്തതിനാല്‍ ക്ഷേമനിധി അടക്കമുള്ള പദ്ധതികളില്‍ അംഗങ്ങളാകുന്നവര്‍ കുറവാണ്. ഇതിന് പരിഹാരം കാണുന്നതിനായാണ് ബോധവത്കരണ പരിപാടികള്‍. ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷാ ഫോറങ്ങള്‍ വിതരണം ചെയ്യുക, പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ നോര്‍ക്ക ഓഫീസില്‍ എത്തിക്കുക തുടങ്ങിയവയാണ് പ്രധാനമായും പ്രചാരണ നടപടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അള്‍സൂര്‍ തടാകത്തിന് സമീപം പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്‌സ് സാറ്റലെറ്റ് ഓഫീസില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധിയിലും ഇപ്പോള്‍ വര്‍ധന വരുത്തിയിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിന് പ്രായപരിധിയില്ല.
മലയാള ഭാഷയും സംസ്‌കാരവും പ്രോത്‌സാഹിപ്പിക്കുക, മലയാളികളുടെ സുരക്ഷ ഉറപ്പാക്കുക, പ്രവാസികള്‍ക്ക് പുനരധിവാസത്തിനുള്ള സഹായം അനുവദിക്കുക, പ്രവാസി ക്ഷേമനിധിയില്‍ അംഗത്വത്തിനുള്ള അപേക്ഷാ ഫോറം വിതരണം ചെയ്യുക എന്നിവ നോര്‍ക്കയുടെ ഓഫീസാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തിന് പുറത്ത് കാണാതാകുന്ന മലയാളികളെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങളും നോര്‍ക്ക ചെയ്യുന്നുണ്ട്. ഇതുകൂടാതെ കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി വിഭാഗവും ആരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





