LATEST NEWS

Loading...

Custom Search
+ -

ബാംഗ്ലൂര്‍ - കൊച്ചുവേളി ട്രെയിനിന്റെ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തം

Posted on: 27 Jun 2012

 

ബാംഗ്ലൂര്‍: പ്രതിദിന സര്‍വീസായി ഉയര്‍ത്തുന്ന കൊച്ചുവേളി - ബാംഗ്ലൂര്‍ - കൊച്ചുവേളി എക്‌സ്പ്രസ്സിന്റെ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തം. തമിഴ്‌നാടിനെയും സ്വകാര്യബസ് ലോബിയെയും സഹായിക്കുന്നതാണ് ട്രെയിനിന്റെ സമയക്രമമെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നു. പുതിയ റെയില്‍വേ ടൈം ടേബിള്‍ നിലവില്‍ വരുന്ന ജൂലായ് ഒന്നു മുതലാണ് സമയ മാറ്റം. ആഴ്ചയില്‍ മൂന്നുദിവസം സര്‍വീസ് നടത്തിയിരുന്ന ബാംഗ്ലൂര്‍ - കൊച്ചുവേളി എക്‌സ്പ്രസ്സ് റെയില്‍വേ ബജറ്റിലെ പ്രഖ്യാപന പ്രകാരമാണ് പ്രതിദിന ട്രെയിനായി ഉയര്‍ത്തുന്നത്.

ഉച്ചതിരിഞ്ഞ് 2.30-നു ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ടു അടുത്തദിവസം രാവിലെ ആറിന് കൊച്ചുവേളിയില്‍ എത്തുന്നതാണു പുതിയ സമയക്രമം. പാലക്കാട് ട്രെയിന്‍ എത്തുമ്പോള്‍ രാത്രി 10.35 ആകും. തൃശ്ശൂര്‍ 11.50-നും എറണാകുളത്തു പുലര്‍ച്ചെ 1.20-നുമാണ് എത്തുന്നത്. ആലപ്പുഴയില്‍ പുലര്‍ച്ചെ 2.47-നും കൊല്ലത്ത് 4.30-നുമാണ് എത്തുന്നത്. അര്‍ധ രാത്രിയിലും പുലര്‍ച്ചെയുമായാണ് കേരളത്തിലെ പ്രധാന സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തുന്നത്. കേരളത്തിലെ സ്റ്റേഷനുകളില്‍ രാത്രി ഇറങ്ങുന്ന യാത്രക്കാര്‍ നേരിടേണ്ട ദുരന്തം ഓര്‍ത്തു യാത്രക്കാര്‍ ഈ ട്രെയിന്‍ യാത്ര ഉപേക്ഷിക്കാനാണ് സാധ്യത.

ട്രെയിനിന്റെ മടക്ക സര്‍വീസും സമാന സ്ഥിതിയില്‍ തന്നെ. കൊച്ചുവേളിയില്‍ നിന്ന് രാത്രി 9.20-നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30-നു ബാംഗ്ലൂരില്‍ എത്തുന്ന പ്രകാരമാണ് പുതുക്കിയ സമയം നിശ്ചയിച്ചിരിക്കുന്നത്. കൊല്ലത്ത് 10.20-നും ആലപ്പുഴയില്‍ 11.50-നും എറണാകുളത്ത് പുലര്‍ച്ചെ ഒന്നിനുമാണ് ട്രെയിന്‍ എത്തുന്നത്. തൃശ്ശൂര്‍ സ്റ്റേഷനില്‍ രണ്ടരയ്ക്കും പാലക്കാട് 4.05-നുമാണ് സമയം. അര്‍ധരാത്രിയിലും പുലര്‍ച്ചെയുമായി ട്രെയിന്‍ കയറാന്‍ യാത്രക്കാര്‍ എത്തണം. അതേസമയം, തമിഴ്‌നാട്ടിലെ സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്ന സമയം അവിടെയുള്ള യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ്.

ദക്ഷിണ റെയില്‍വേ ആസ്ഥാനമായുള്ള തമിഴ്‌നാട് ലോബിയാണ് സമയക്രമീകരണത്തിനു പിന്നില്ലെന്ന് സൂചനയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമായിരുന്നു നിലവിലെ സമയം. സമയം നേരത്തേയാക്കുന്നതിനാല്‍ ഒരു ദിവസം അവധി നഷ്ടപ്പെടുമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേ പോലെ, പുതിയതായി അനുവദിച്ച പ്രതിവാര ട്രെയിന്റെ സമയക്രമത്തിലും യാത്രക്കാര്‍ക്ക് പ്രതിഷേധമുണ്ട്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.25-ന് യശ്വന്തപുരത്തു നിന്ന് പുറപ്പെടുകയും വെള്ളിയാഴ്ച 12.50-ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന രീതിയിലാണ് ഈ ഗരീബ്‌രഥ് ട്രെയിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്.

പ്രതിദിനമാക്കിയ ബാംഗ്ലൂര്‍-കൊച്ചുവേളി എക്‌സ്പ്രസ്സിന്റെ സമയം പുനഃക്രമീകരിക്കണമെന്ന് വിവിധ മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടു. റെയില്‍വേയുടെ നീക്കത്തില്‍ പ്രതിഷേധിക്കുന്നതിനും ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനും മലയാളി സംഘടനാ പ്രതിനിധികളുടെ യോഗം വ്യാഴാഴ്ച വൈകുന്നേരം ഏഴിന് കെ.എന്‍.ഇ. ട്രസ്റ്റ് ഹാളില്‍ ചേരുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ പറഞ്ഞു.



സ്റ്റേഷന്‍ എത്തുന്ന സമയം പുറപ്പെടുന്ന സമയം ബാംഗ്ലൂര്‍ സിറ്റി 2.15 പി.എം.
സേലം 6.20 6.25
ഈറോഡ് 7.30 7.35
കോയമ്പത്തൂര്‍ 9.10 9.15
പാലക്കാട് 10.35 10.40
തൃശ്ശൂര്‍ 11.47 11.50
എറണാകുളം 1.20 1.30
ആലപ്പുഴ 2.47 2.50
കൊല്ലം 4.30 4.35
കൊച്ചുവേളി 6.05
16316 കൊച്ചുവേളി - ബാംഗ്ലൂര്‍ എക്‌സ്പ്രസ്
സ്റ്റേഷന്‍ എത്തുന്ന സമയം പുറപ്പെടുന്ന സമയം
കൊച്ചുവേളി 9.20 പി.എം.
കൊല്ലം 10.20 10.25
ആലപ്പുഴ 11.50 11.53
എറണാകുളം 1.00 1.10
തൃശ്ശൂര്‍ 2.32 2.35
പാലക്കാട് 4.05 4.10
കോയമ്പത്തൂര്‍ 5.30 5.35
ഈറോഡ് 7.10 7.15
സേലം 8.07 8.10
ബാംഗ്ലൂര്‍ സിറ്റി 12.45 പി.എം.




(0%) (0 Votes)

 

 

Other News in this Section