LATEST NEWS

Loading...

Custom Search
+ -

അനുനയ നീക്കമെന്ന് വിലയിരുത്തല്‍ യെദ്യൂരപ്പയ്ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് ഈശ്വരപ്പ

Posted on: 21 May 2012

 

ബാംഗ്ലൂര്‍: കേന്ദ്ര നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ തളയ്ക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നതിനിടെ ഒരു വെടിനിര്‍ത്തല്‍ ലക്ഷ്യം വെച്ചുള്ള വാഗ്ദാനവുമായി സംസ്ഥാന അധ്യക്ഷന്‍ കെ.എസ്.ഈശ്വരപ്പ രംഗത്തെത്തി. യെദ്യൂരപ്പയ്ക്ക് പാര്‍ട്ടിയില്‍ അനുയോജ്യമായ സ്ഥാനം നല്‍കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെടുമെന്ന് ഈശ്വരപ്പ പറഞ്ഞു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ധര്‍മ്മേന്ദ്ര പ്രധാന്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഡല്‍ഹിക്ക് മടങ്ങിയതിന് പിന്നാലെയാണ് ഈശ്വരപ്പയുടെ പ്രതികരണം.
ബി.ജെ.പി.ദേശീയ ജനറല്‍ സെക്രട്ടറി എച്ച്.എന്‍. അനന്ത്കുമാര്‍ അടക്കമുള്ള നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ച് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തെ തുടര്‍ച്ചയായി വെല്ലുവിളിക്കുകയാണ്. തന്നെ പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ പുറത്താക്കട്ടെയെന്ന നിലപാടിലാണ് യെദ്യൂരപ്പ. എന്നാല്‍ യെദ്യൂരപ്പ സ്വന്തം ഇഷ്ടപ്രകാരം രാജിവെക്കട്ടെയെന്ന നിലപാടിലാണ് നേതൃത്വം. യെദ്യൂരപ്പയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയാല്‍ ലിംഗായത്ത് സമുദായത്തെ അകറ്റുമെന്ന ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇത്തരമൊരു നിലപാടിന് കാരണമെന്നാണ് കണക്കാക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷവും റെയ്‌സ് കോഴ്‌സ് റോഡിലെ കൃഷ്ണയില്‍ താമസിച്ചിരുന്ന യെദ്യൂരപ്പ പെട്ടെന്ന് മല്ലേശ്വരത്ത് ഓഫീസ് ആരംഭിച്ചത് പാര്‍ട്ടി നേതൃത്വം ഗൗരവമായാണ് കാണുന്നത്. പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതിന്റെ മുന്നോടിയായും ഇതിനെ ചിത്രീകരിച്ചിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ എത്തിയപ്പോഴും നേതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് യെദ്യൂരപ്പ മാധ്യമങ്ങളോട് സംസാരിച്ചത്. യെദ്യൂരപ്പ പക്ഷത്തുള്ള എം.എല്‍.എ.മാര്‍ ചില ആവശ്യങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. മന്ത്രിസഭാ വികസനം നടത്തുമ്പോള്‍ ഒഴിവുള്ള പതിനൊന്ന് സ്ഥാനങ്ങളില്‍ ആറെണ്ണമെങ്കിലും യെദ്യൂരപ്പ പക്ഷത്തിന് ലഭിക്കണമെന്നതാണ് പ്രധാന ആവശ്യം. ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാണെങ്കിലും യെദ്യൂരപ്പ സമ്മതം മൂളിയിട്ടില്ല. ഇതിനിടയിലാണ് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം യെദ്യൂരപ്പയ്ക്ക് നല്‍കുമെന്ന വെളിപ്പെടുത്തലുമായി കെ.എസ്. ഈശ്വരപ്പ രംഗത്തെത്തിയത്. അതോടൊപ്പം കേന്ദ്ര നേതാക്കളെ യെദ്യൂരപ്പ വിമര്‍ശിച്ച നടപടിയെ കുറച്ച് കാണാനുള്ള ശ്രമമാണ് ഈശ്വരപ്പയുടെ ഭാഗത്ത് നിന്നുണ്ടായത്.
പാര്‍ട്ടിക്കുള്ളില്‍ അടുത്തിടെയുണ്ടായ തെറ്റിദ്ധാരണകള്‍ അടുത്തുതന്നെ മാറും. പാര്‍ട്ടി നേതാക്കള്‍ ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടുമെന്നും പാര്‍ട്ടിയുടെ നേതാവായ യെദ്യൂരപ്പയ്ക്ക് സ്ഥാനം നല്‍കണമെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടാണെന്നും ഈശ്വരപ്പ പറഞ്ഞു.

(0%) (0 Votes)

 

 

Other News in this Section