LATEST NEWS

Loading...

Custom Search
+ -

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബിരുദത്തിന് റെക്കോഡ് അപേക്ഷകര്‍

Posted on: 16 Jun 2013

 

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദ കോഴ്‌സുകള്‍ക്കുള്ള അപേക്ഷകളുടെ എണ്ണം സകല റെക്കോഡുകളും മറികടന്ന് മുന്നേറുന്നു. കഴിഞ്ഞവര്‍ഷം ആകെ 1.47 ലക്ഷം അപേക്ഷകളാണ് ലഭിച്ചതെങ്കില്‍ ഇക്കുറി ഇതുവരെ ഇത് 1.6 ലക്ഷം കവിഞ്ഞു. അപേക്ഷ സമര്‍പ്പിക്കാന്‍ ഇനിയും നാല് ദിവസംകൂടി ബാക്കി നില്‍ക്കെ, സംഖ്യ ഇനിയും ഉയരുമെന്ന് തീര്‍ച്ച.

ഓണ്‍ലൈനും ഓഫ്‌ലൈനുമായി സമര്‍പ്പിച്ച അപേക്ഷകള്‍ കൂട്ടുമ്പോഴാണ് 1.6 ലക്ഷമായത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഓഫ്‌ലൈന്‍ അപേക്ഷകളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇരട്ടിയായി വര്‍ധിച്ചു. വെള്ളിയാഴ്ച വരെ പണമടച്ച 73,574 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞു. ജനറല്‍, ഒ.ബി.സി. വിഭാഗത്തില്‍ മാത്രമുള്ള അപേക്ഷകളാണിത്. എസ്.സി, എസ്.ടി, വികലാംഗ വിഭാഗത്തില്‍പ്പെട്ടവരുടെ 10,000-ലേറെ അപേക്ഷകളും ലഭിച്ചിട്ടുണ്ട്.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനദിനം അടുക്കുന്തോറും ഫോം വില്പന കുറഞ്ഞുവരികയാണ്. വെള്ളിയാഴ്ച ജനറല്‍, ഒ.ബി.സി. വിഭാഗങ്ങളിലായി 4,354-ഉം എസ്.സി, എസ്.ടി, വികലാംഗ വിഭാഗത്തിലായി 1,109-ഉം ഫോമുകളാണ് വിറ്റത്.

അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് വൈകിക്കരുതെന്ന് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു. അപൂര്‍ണമായതോ തെറ്റായ രീതിയില്‍ പൂരിപ്പിച്ചതോ ആയ ഫോമുകള്‍ തിരുത്തണമെങ്കിലും നേരത്തേ സമര്‍പ്പിച്ചാലേ സാധിക്കുകയുള്ളൂ. ഈമാസം 19 വരെയാണ് അതിന് സമയം.

കഴിഞ്ഞവര്‍ഷം, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിനമാണ് നിരവധി വിദ്യാര്‍ഥികള്‍ ഫോമുകളില്‍ തിരുത്തല്‍ വരുത്താനും മാറ്റിനല്കാനുമായി എത്തിയത്. അതുകൊണ്ടുതന്നെ അവസാനദിനം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് അപേക്ഷകള്‍ നേരത്തേ സമര്‍പ്പിക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ അഭ്യര്‍ഥിച്ചത്. കഴിഞ്ഞവര്‍ഷം നല്കിയ ആനുകൂല്യം ഇക്കുറിയുണ്ടാവില്ലെന്നും സമയം കഴിഞ്ഞ് സമര്‍പ്പിക്കുന്ന ഫോമുകള്‍ സ്വീകരിക്കില്ലെന്നും അവര്‍ അറിയിച്ചു.

(0%) (0 Votes)

 

 

Other News in this Section