LATEST NEWS

Loading...

Custom Search
+ -

ഫാ. തോമസ് വധം: അന്വേഷണം അധികാരത്തര്‍ക്കങ്ങളിലേക്കും

Posted on: 04 Apr 2013

 

ബാംഗ്ലൂര്‍:ബാംഗ്ലൂര്‍ മല്ലേശ്വരത്തെ സെമിനാരിയില്‍ ഫാ. കെ.ജെ. തോമസ് കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണം സെമിനാരിയിലെ അധികാരത്തര്‍ക്കങ്ങളിലേക്കും നീളുന്നു. മോഷണശ്രമത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് ആദ്യം അനുമാനിച്ചിരുന്നെങ്കിലും ചില ആഭ്യന്തര പ്രശ്‌നങ്ങളാണ് കൊലയ്ക്കുകാരണമായതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലീസ്. അതേസമയം, വധം നടന്ന് മൂന്നു ദിവസമായിട്ടും ജീവനക്കാരെ ചോദ്യം ചെയ്തതൊഴിച്ചാല്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല.

റെക്ടര്‍ സ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാ. തോമസിനെക്കുറിച്ച് സെമിനാരിക്ക് അകത്തും പുറത്തും മതിപ്പായിരുന്നു. ഈ സ്ഥാനത്ത് അദ്ദേഹം പരിഗണിക്കപ്പെട്ടത് ഭാഷയുടെ അടിസ്ഥാനത്തിലുണ്ടായ സമവായത്തിലാണെന്നാണ് സൂചന.

ഈ കാരണത്താല്‍ തന്നെയാണ് അദ്ദേഹത്തെ രണ്ടാമതും സെമിനാരിയുടെ തലപ്പത്ത് നിയമിച്ചത്. ഇദ്ദേഹത്തിന് രണ്ടാമതും ആ സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഫിബ്രവരിയില്‍ ഒരു സംഘമാളുകള്‍ ഫാദറുടെ ഓഫീസിന് മുന്നില്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇത്തരം പ്രശ്‌നങ്ങളുടെ ഉള്ളറകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.

അതേസമയം, ഫാ. തോമസിന്റെ സഹപ്രവര്‍ത്തകന്‍ ഫാ. പാട്രിക് സേവ്യറുടെ മൊഴിയും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഫാദര്‍ സേവ്യറിന്റെ മുറിയില്‍ നിന്ന് അജ്ഞാതരായ ആളുകള്‍ സംസാരിക്കുന്നത് കേട്ടതായി ഇദ്ദേഹം മൊഴി നല്‍കിയിരുന്നു. എന്നാല്‍, സംസാരം മുഴുവന്‍ വ്യക്തമായിരുന്നില്ലെന്ന് ഫാ പാട്രിക് പറയുന്നു. ജീവഹാനി സംഭവിക്കുമോ എന്ന ഭയത്താലാണ് മുറിക്ക് പുറത്തുവരാതിരുന്നതെന്നും അദ്ദേഹത്തിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍, ഫാ. പാട്രിക് മുമ്പ് നല്‍കിയ മൊഴിയും ഇതും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

സെമിനാരിയിലെ വിദ്യാര്‍ഥികള്‍ ഈസ്റ്ററിന് പോയ സമയത്താണ് കൊല നടന്നത്. തോമസിനെ കൂടാതെ സംഭവദിവസം മറ്റ് മൂന്ന് ജീവനക്കാര്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ഇതാണ് പോലീസിന്റെ സംശയം വിര്‍ധിപ്പിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് സാധനങ്ങളൊന്നും മോഷണം പോവാത്തതിനാല്‍ മോഷണത്തിനിടെ നടന്ന കൊലയായി വ്യഖ്യാനിക്കാനാവില്ലെന്ന് പോലീസ് സൂചിപ്പിക്കുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയും വൈദികനുമായ ഫാ. കെ.ജെ. തോമസ് പഴയമ്പള്ളിലി(കൊച്ചുപുരയ്ക്കല്‍-63)നെ സെമിനാരിയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എ.സി.പി. (ക്രമസമാധാനപാലനം) അലോക് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസന്വേഷിക്കുന്നത്. ഇവര്‍ സെമിനാരിയിലെ കാവല്‍ക്കാരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തു.
(100%) (1 Vote)

 

 

Other News in this Section