ജല്ലിക്കെട്ടില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി
Posted on: 23 Dec 2012
ചെന്നൈ: പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളകള്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി. മണികണ്ഠന് എന്നയാളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജല്ലിക്കെട്ടിനിറക്കുന്ന കാളകള്ക്കുവേണ്ട സുരക്ഷാ സൗകര്യം സംഘാടകര്‍ ഒരുക്കുന്നില്ലെന്ന് മണികണ്ഠന് ചൂണ്ടിക്കാട്ടി. പോര്ക്കളത്തിലേക്കിറക്കുന്നതിനുമുമ്പ് ഇതിന്റെ ഇടുങ്ങിയ പ്രവേശനകവാടത്തിനടുത്ത് കാളകളെ ദീര്‍ഘനേരം നിര്‍ത്തുന്നു. ഇവിടത്തെ തിക്കും തിരക്കും മൂലം ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നു. പ്രവേശന കവാടത്തിനുസമീപം നിര്‍ത്തുന്ന കാളകളെ ആളുകള്‍ അനാവശ്യമായി ഉപദ്രവിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊങ്കലിനോടനുബന്ധിച്ച് ജെല്ലിക്കെട്ട് പ്രധാനമായും നടക്കുന്ന മധുര, ദിണ്ടിക്കല്‍, തേനി, വിരുദുനഗര്‍, ശിവഗംഗ, രാമനാഥപുരം, തൃശ്ശിനാപ്പള്ളി, പുതുക്കോട്ട തുടങ്ങിയ സ്ഥലങ്ങളിലെ ജില്ല കലക്ടര്‍മാരോടും പോലീസ് സൂപ്രണ്ടുമാരോടും ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ നിര്‍ദേശിക്കണമെന്നും മണികണ്ഠന് കോടതിയോടാവശ്യപ്പെട്ടു. കേസില്‍ വെള്ളിയാഴ്ച വാദംകേട്ട ജസ്റ്റിസ് കെ.എന്‍.ബാഷ, ജസ്റ്റിസ് പി. ദേവദാസ് എന്നിവരടങ്ങിയ ബെഞ്ച് കേസിന്റെ തുടര്‍വിചാരണ ജനവരി മൂന്നിലേക്കു നീട്ടി.
(0%) (0 Votes)
Explore Mathrubhumi
Other News in this Section






