അവസാനത്തെ ബര്മീസ്രാജാവിന്റെ ശവകുടീരം കാണാന്‍ മ്യാന്മര് പ്രസിഡന്റ് രത്നഗിരിയില്‍
Posted on: 23 Dec 2012
മുംബൈ: ഇന്ത്യയുടെ അവസാന മുഗള്‍ ചക്രവര്‍ത്തിയെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയത് അന്ന് ബര്‍മയായിരുന്ന ഇന്നത്തെ മ്യാന്‍മാറിലേക്കാണ്. പകരമെന്നോണം ബര്‍മയിലെ അവസാനത്തെ രാജാവിനെ നാടുകടത്തിയത് ഇന്ത്യയിലേക്കും. അങ്ങനെ 1885-ല്‍ ഇന്ത്യയിലേക്ക് വന്ന തിബാവ് രാജാവിന്റെ ശവകുടീരം കാണാന്‍ മ്യാന്മര് പ്രസിഡന്റ് തെയ്ന്‍ സെയ്ന് എത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഓര്മ പുതുക്കലായി.കൊങ്കണ്‍ തീരത്തെ ജില്ലയായ രത്നഗിരിയിലുള്ള ശവകുടീരം ശനിയാഴ്ചയാണ് തെയ്ന്‍ സെയ്ന് സന്ദര്‍ശിച്ചത്. സന്ദര്‍ശനം കഴിഞ്ഞ് ഉച്ചതിരിഞ്ഞ് മുംബൈയില്‍ തിരിച്ചെത്തിയ പ്രസിഡന്റ് വൈകാതെ മ്യാന്മറിലേക്ക് പോവുകയും ചെയ്തു.
885-ലെ മൂന്നാം ആംഗ്ലോ-ബര്‍മീസ് യുദ്ധത്തില്‍ തിബാവ് രാജാവ് പരാജിതനായതോടെയാണ് ബര്‍മയിലെ രാജവംശത്തിന് അന്ത്യമായത്. രാജാവിനെയും ഭാര്യ സുപായലാതിനെയും ഇന്ത്യയിലേക്ക് നാടുകടത്തി. ബര്‍മയിലേക്ക് വിട്ട ബഹാദൂര്‍ ഷാ സഫറിന് അനുഭവിക്കേണ്ടിവന്ന അത്രയും ദുരിതങ്ങള്‍ തിബാവ് രാജാവിന് നേരിടേണ്ടിവന്നില്ല. സ്വന്തമായി ഒരു ബംഗ്ലാവും കാറും അദ്ദേഹത്തിന് ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്നു. എന്നാല്‍, ബംഗ്ലാവിന് വളരെയേറെ ദൂരത്തേക്ക് പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. രത്നഗിരി പട്ടണത്തിലെ ഈ ബംഗ്ലാവ് ഇപ്പോള്‍ തിബാവ് ബംഗ്ലാവ് എന്നാണറിയപ്പെടുന്നത്.
1916-ല്‍ തന്റെ 57-ാം വയസ്സിലായിരുന്നു രാജാവിന്റെ മരണം. യുദ്ധങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ലോലഹൃദയനായിരുന്നുവെന്നുവേണം കരുതാന്‍. തന്റെ മകള്‍ തനിക്കിഷ്ടമില്ലാത്തയാളുമായി ഒളിച്ചോടിയതിലുള്ള വിഷമത്തെത്തുടര്ന്നുള്ള ഹൃദയാഘാതമായിരുന്നുമരണകാരണം. രാജാവിന്റെ മരണശേഷം ബന്ധുക്കളില്‍ ചിലര്‍ സ്വരാജ്യത്തേക്ക് തിരിച്ചുപോയി. മറ്റു ചിലര്‍ ഇന്ത്യയില്‍ത്തന്നെ തുടര്‍ന്നു.
ബര്‍മയിലേക്ക് നാടുകടത്തപ്പെട്ട മുഗള്‍ ചക്രവര്‍ത്തി ബഹാദുര്‍ ഷാ സഫര്‍ 1862-ലാണ് അവിടെ മരിച്ചത്. ഈ വര്‍ഷമാദ്യം മ്യാന്മര് സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്മോഹന് സിങ് ബഹാദുര്‍ ഷായുടെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു.
(60%) (1 Vote)
Explore Mathrubhumi
Other News in this Section





