LATEST NEWS

Loading...

Custom Search
+ -

മലയാളി നേഴ്‌സിന്റെ കൊലപാതകം: സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കുമെന്ന് ബന്ധുക്കള്‍

Posted on: 14 Nov 2012

 


പുത്തൂര്‍: യു.പി.യിലെ അമേഠി ഡി ഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹെഡ്‌നേഴ്‌സായിരുന്ന പുത്തൂര്‍ കാരിക്കല്‍ ബിനുഭവനില്‍ വിജയമ്മയുടെ കൊലപാതകത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണാഭരണത്തിനും പണത്തിനുംവേണ്ടി മാത്രമല്ല തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് സംശയം. ഇതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. പല ഉന്നതര്‍ക്കും ഇതുമായി ബന്ധമുണ്ടാകാമെന്നും വിജയമ്മയുടെ മകള്‍ വിജിയും ബന്ധുക്കളും പറഞ്ഞു. ഉത്തര്‍പ്രദേശ് പോലീസിന്റെ ഭാഗത്തുനിന്ന് നീതിപൂര്‍വ്വമായ നിലപാടുകള്‍ ഉണ്ടാകാതിരുന്നത് സംഭവത്തിന് പിന്നില്‍ ഉന്നതരുണ്ടായതിനാലാണെന്നും അവര്‍ ആരോപിച്ചു.

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. വിജയമ്മയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തി. ആര്‍.എസ്.പി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പാങ്ങോട് സുരേഷ്, സി.പി.എം. ലോക്കല്‍ സെക്രട്ടറി വി.രാധാകൃഷ്ണന്‍, എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് സുദേവന്‍ എന്നിവര്‍ എം.എല്‍.എ.യോടൊപ്പമുണ്ടായിരുന്നു. മുന്‍ എം.എല്‍.എ. എഴുകോണ്‍ നാരായണന്‍, ബ്ലോക്ക് പ്രസിഡന്റ് ഇന്ദിരാഗോപിനാഥ് എന്നിവരും വിജയമ്മയുടെ വീട് സന്ദര്‍ശിച്ചു.

വിജയമ്മയുടെ കൊലപാതകം സമഗ്രമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാര്‍. ഞായറാഴ്ച രാവിലെ 11ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംയുക്താഭിമുഖ്യത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരണയോഗം കാരിക്കല്‍ എസ്.എന്‍.ഡി.പി. ശാഖാമന്ദിരത്തില്‍ നടക്കും. കേന്ദ്ര ഏജന്‍സികളെക്കൊണ്ട് കേസന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ബന്ധുക്കളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍നിന്ന് ഈ മാസം രണ്ടിന് കാണാതായ നേഴ്‌സിന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഊഞ്ചാല്‍ ഗ്രാമത്തിനടുത്ത് ശാരദാ സഹായ് പുഴയുടെ തീരത്ത് അഴുകിയനിലയില്‍ കണ്ടെത്തുകയായിരുന്നു.
ബാംഗ്ലൂരില്‍ സി.ആര്‍.പി.എഫ്. ജോലിക്കാരനായ ബിനുകുമാര്‍, വിജി എന്നിവരാണ് ശാന്തമ്മയുടെ മക്കള്‍. മഞ്ജു, ദിനേശ് എന്നിവര്‍ മരുമക്കളും. ഭര്‍ത്താവ് വിജയന്‍ ആറുമാസം മുമ്പാണ് മരിച്ചത്.
(80%) (1 Vote)

 

 

Other News in this Section

 

x