LATEST NEWS

Loading...

Custom Search
+ -

മണ്ണെണ്ണച്ചൂടില്ലാതെ മഹാനഗരം; പുതിയ പദ്ധതിക്ക് തുടക്കമായി

Posted on: 22 Aug 2012

 

ന്യൂഡല്‍ഹി: മഹാനഗരത്തില്‍ ഇനി മണ്ണെണ്ണയടുപ്പ് പുകയില്ല. റേഷന്‍ കടകളില്‍ മണ്ണെണ്ണ തേടി നഗരവാസികള്‍ വരി നില്‍ക്കേണ്ടതുമില്ല. തലസ്ഥാന നഗരത്തെ മണ്ണെണ്ണമുക്ത നഗരമാക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമായി. മൂന്നര ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് മണ്ണെണ്ണയ്ക്കു പകരം പാചകവാതകം വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉദ്ഘാടനം ചെയ്തു. നഗരത്തെ പുകവിമുക്തമാക്കാന്‍കൂടി ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബി.പി.എല്‍. കുടുംബങ്ങള്‍ക്കുപുറമേ അന്ത്യോദയ അന്നയോജന, ജെ.ആര്‍.സി. കാര്‍ഡുടമകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പൊതുവിതരണ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായി മണ്ണെണ്ണ വാങ്ങാന്‍ പോവേണ്ട അവസ്ഥ ഇനിയുണ്ടാവില്ല. കരിഞ്ചന്തയില്‍ മണ്ണെണ്ണ വിറ്റ് കൊള്ളലാഭമുണ്ടാക്കുന്ന അവസ്ഥയ്ക്കും പരിഹാരമാവും. മണ്ണെണ്ണ സ്റ്റൗകളിലെ പുകയും കരിയുമൊക്കെ സ്ത്രീകളുടെയും മറ്റും കണ്ണിനും ശ്വാസനാളങ്ങള്‍ക്കും അപകടമുണ്ടാക്കുന്നെന്നുള്ള ആരോഗ്യ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തു.

സ്ത്രീകള്‍ക്ക് അടുക്കളയില്‍ സംശുദ്ധമായ അന്തരീക്ഷത്തില്‍ ജോലിയെടുക്കാനുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എല്‍.പി.ജി. സിലിന്‍ഡര്‍, റെഗുലേറ്റര്‍, ഗ്യാസ്സ്റ്റൗ, സുരക്ഷാ ട്യൂബ്, എല്‍.പി.ജി. കണക്ഷന്‍ രേഖകള്‍ എന്നിവയൊക്കെ ഗുണഭോക്താക്കള്‍ക്കു നല്‍കും. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയുടെ പേരിലാണ് പാചകവാതക കണക്ഷന്‍ അനുവദിക്കുക. നഗരത്തിലെ 3.56 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയുടെ കീഴില്‍ വരികയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പാചകവാതക കണക്ഷന്‍ നല്‍കാനായി ഓരോ കുടുംബത്തിനും 3049 രൂപ വീതം സര്‍ക്കാര്‍ ചെലവാക്കും. ഗ്യാസ് ശ്രദ്ധയോടെ ഉപയോഗിക്കാന്‍ നഗരവാസികള്‍ ശ്രദ്ധിക്കണം. 1250 രൂപയാണ് എല്‍.പി.ജി. സിലിണ്ടറുകള്‍ക്കുള്ള സെക്യൂരിറ്റി തുക. റെഗുലേറ്ററിന് 150 രൂപയും സിലിണ്ടര്‍ നിറയ്ക്കാന്‍ 399 രൂപയും ചെലവു വരും. മൊത്തം 108.66 കോടി രൂപ ചെലവുള്ള പദ്ധതിയില്‍ 85.91 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കും.

ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് മണ്ണെണ്ണ ഉപയോക്താക്കളെ പാചകവാതകത്തിലേക്കു മാറ്റാനുള്ള തീരുമാനം. എല്ലാവര്‍ക്കും പാചകവാതകം ലഭ്യമാക്കാന്‍ ഒറ്റത്തവണ സാമ്പത്തികസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ബി.പി.എല്‍, അന്ത്യോദയ അന്നയോജന, ജുഗ്ഗി റീലൊക്കേഷന്‍ കോളനികള്‍ എന്നീ കാര്‍ഡുടമകള്‍ക്കാണ് ഇപ്പോള്‍ മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

പാചകത്തിനായി 3,56,395 കുടുംബങ്ങള്‍ മണ്ണെണ്ണ ഉപയോഗിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 93,075 പേര്‍ അന്ത്യോദയ അന്നയോജന കാര്‍ഡുടമകളാണ്. 2,32,019 ബി.പി.എല്‍ കുടുംബങ്ങളും 31,301 എ.പി.എല്‍ കാര്‍ഡുടമകളും മണ്ണെണ്ണ വാങ്ങുന്നു. ലിറ്ററിന് 14.83 രൂപ നിരക്കില്‍ കുടുംബങ്ങള്‍ക്ക് 12.5 ലിറ്റര്‍ മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നത്. എല്ലാ മാസവും 4400 കിലോലിറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്യുന്നുണ്ടെന്നാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ വിലയിരുത്തല്‍.

വീട്ടാവശ്യത്തിനായി നല്‍കുന്ന മണ്ണെണ്ണ മറ്റുപയോഗങ്ങള്‍ക്കായി വകമാറ്റിച്ചെലവഴിക്കുന്നതായി സര്‍ക്കാറിന് വിവരം ലഭിച്ചു. മാത്രവുമല്ല, മണ്ണെണ്ണയുടെ കരിഞ്ചന്ത വില്പനയും വ്യാപകമായി. ഇത്തരം സാഹചര്യങ്ങള്‍ തടയാന്‍കൂടി ഉദ്ദേശിച്ചാണ് മണ്ണെണ്ണ ഉപയോക്താക്കളെയെല്ലാം പാചകവാതക സിലിണ്ടറിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പദ്ധതി സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാറിനു പുറമേ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഭാരത് ഗ്യാസ് എന്നീ എണ്ണക്കമ്പനികളും പദ്ധതിയില്‍ സഹകരിച്ചു. ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് പ്രതിമാസം ആയിരം രൂപ ഭക്ഷ്യധാന്യത്തിന് പണമായി നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ ആലോചിക്കുന്നു. റേഷന്‍ കടകളില്‍ നിരന്തരം സന്ദര്‍ശിക്കുന്നതിനുപകരം സൗകര്യപ്രദമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ വേണ്ടിയാണ് ഈ തുക. കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെ പേരില്‍ 600 രൂപ നിക്ഷേപിക്കുന്ന ഡല്‍ഹി അന്നശ്രീ യോജന പദ്ധതി രണ്ടു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പാവങ്ങള്‍ക്ക് അനുകൂലമായ പദ്ധതിയാണ് സര്‍ക്കാറിന്റേതെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി ഹാറൂണ്‍ യൂസഫ് പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് മണ്ണെണ്ണവിമുക്ത പദ്ധതി. കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭൂതപൂര്‍വമായ വികസനത്തിന് ഡല്‍ഹി സാക്ഷ്യം വഹിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു. പുതിയ പദ്ധതിയോടെ മണ്ണെണ്ണയടുപ്പ് ഉപയോഗിക്കാത്ത രാജ്യത്തെ ആദ്യനഗരമായി ഡല്‍ഹി മാറിക്കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.
(0%) (0 Votes)

 

 

Other News in this Section