LATEST NEWS

Loading...

Custom Search
+ -

ബി.ആര്‍.ടി.പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല; വിമര്‍ശം രാഷ്ട്രീയലക്ഷ്യമെന്ന് മുഖ്യമന്ത്രി

Posted on: 18 Jul 2012

 

ന്യൂഡല്‍ഹി: ബി.ആര്‍.ടി. കോറിഡോര്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി. തെക്കന്‍ഡല്‍ഹിയിലെ ബി.ആര്‍.ടി. കോറിഡോറിനെ വിമര്‍ശിച്ച് സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സി.ആര്‍.ആര്‍.ഐ.) രംഗത്തെത്തിയ സാഹചര്യത്തിലാണ് ഈ വിശദീകരണം. അതേസമയം, പ്രശ്‌നം രാഷ്ട്രീയവത്കരിക്കാന്‍ ഊര്‍ജിതശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ഷീലാദീക്ഷിത് ആരോപിച്ചു.

അംബേദ്കര്‍ നഗറിനെയും ഡല്‍ഹിഗേറ്റിനെയും ബന്ധിപ്പിക്കുന്ന ബി.ആര്‍.ടി. കോറിഡോറുമായി മുന്നോട്ടുപോകുമെന്ന് ഡല്‍ഹി ചീഫ്‌സെക്രട്ടറി പി.കെ.ത്രിപാഠി വ്യക്തമാക്കി. ബി.ആര്‍.ടി.യില്‍ ബസ്സുകളുടെ ഗതാഗതം മെച്ചപ്പെട്ടിട്ടുണ്ട്. മുമ്പുണ്ടായിരുന്ന ഗതാഗതതടസ്സത്തിനും കാര്യമായ കുറവുണ്ടായി. നഗരത്തില്‍ കൂടുതല്‍ ബി.ആര്‍.ടി. പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ബസ്ഗതാഗതം മെച്ചപ്പെടുത്താന്‍ ബി.ആര്‍.ടി. കോറിഡോറിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു സി.ആര്‍.ആര്‍.ഐ.യുടെ വിമര്‍ശനം. ഹൈക്കോടതി നിര്‍ദേശത്തിന്റെ ഭാഗമായി സംഘടന വിദഗ്ധപഠനം നടത്തിയിരുന്നു. എന്നാല്‍, ഈ വിലയിരുത്തല്‍ സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. ചീഫ് സെക്രട്ടറിയും ഇക്കാര്യം സൂചിപ്പിച്ചു. സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്‌നത്തില്‍ വിചാരണ നടത്തുന്നത് ഹൈക്കോടതി നിര്‍ത്തിവെച്ചിരിക്കയാണ്.

അതേസമയം, റിപ്പോര്‍ട്ടിലെ വിമര്‍ശനം ചൂണ്ടിക്കാണിച്ചപ്പോള്‍ ചില ഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്രീയനീക്കമാണ് ഇതിനുപിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നഗരവാസികള്‍ക്ക് ബസ്‌യാത്ര സുഗമമാക്കാന്‍വേണ്ടിയാണ് സര്‍ക്കാര്‍ ബി.ആര്‍.ടി പദ്ധതി നടപ്പാക്കിയത്. ചിലര്‍ പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നു. പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ബി.ആര്‍.ടി. പദ്ധതി. ബി.ആര്‍.ടി. പ്രശ്‌നത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ബസ്സുകള്‍ക്കുള്ള ലൈനില്‍ എല്ലാ വാഹനങ്ങളെയും അനുവദിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മെയ് 12 മുതല്‍ 23 വരെ ഇത്തരത്തില്‍ പരീക്ഷണയോട്ടവും നടന്നു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ആര്‍.ആര്‍.ഐ.യ്ക്ക് കോടതി നിര്‍ദേശവും നല്‍കി. പരീക്ഷണയോട്ടത്തിന്റെ സമയത്ത് ഗതാഗതം സുഗമമാണെന്ന് കോടതി നിരീക്ഷിച്ചു. ന്യായഭൂമി എന്ന സന്നദ്ധസംഘടന നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിര്‍ദേശം.

2007-ല്‍ നടപ്പാക്കിയ ബി.ആര്‍.ടി. പദ്ധതിയ്‌ക്കെതിരെ അന്നുതന്നെ വ്യാപക എതിര്‍പ്പുയര്‍ന്നിരുന്നു. ബസ്സുകള്‍ക്കുള്ള പ്രത്യേകവരി ഗതാഗതതടസ്സത്തിന് കാരണമാവുന്നതായി പരക്കെ ആരോപണമുയര്‍ന്നു. മറ്റ് വാഹനങ്ങള്‍ വെവ്വേറെ വരികളിലൂടെ പോവുന്നതും ബി.ആര്‍.ടി. അവസാനിക്കുന്നിടത്ത് തിരക്കുകൂടുന്നതും സുഗമമായ ഗതാഗതം തടസ്സപ്പെടുത്തുമെന്നായിരുന്നു ആരോപണം. നിരന്തരമായ വിമര്‍ശങ്ങളുയര്‍ന്നെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോവാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. പദ്ധതിയെ അനുകൂലിച്ച് പരിസ്ഥിതി പ്രസ്ഥാനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. ബി.ആര്‍.ടി.ക്കെതിരെയുള്ള വിമര്‍ശം പൊതുഗതാഗതത്തെ മോശപ്പെടുത്താനുള്ള നീക്കമായും വിലയിരുത്തപ്പെട്ടിരുന്നു.


(0%) (0 Votes)

 

 

Other News in this Section