LATEST NEWS

Loading...

Custom Search
+ -

ജെ.എന്‍.യു.വിലെ സി.പി.എം. ബ്രാഞ്ചില്‍ എസ്.എഫ്.ഐ. നേതാക്കളുടെ കൂട്ടരാജി

പി.കെ. മണികണ്ഠന്‍

Posted on: 06 Jul 2012

 

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള സി.പി.എം. തീരുമാനത്തില്‍ പ്രതിഷേധിച്ച് ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ എസ്.എഫ്.ഐ. നേതാക്കള്‍ പാര്‍ട്ടി വിട്ടു. സി.പി.എം. കേന്ദ്രക്കമ്മിറ്റി ആസ്ഥാനത്തെ റിസെര്‍ച്ച് സെല്‍ കണ്‍വീനര്‍ പ്രസേന്‍ജിത്ത് ബോസ് രാജിവെച്ചതിനു പിന്നാലെയാണ് ജെ.എന്‍.യു.വിലെ കൂട്ടരാജി. എസ്.എഫ്.ഐ. സംസ്ഥാന-യൂണിറ്റു നേതാക്കളുമുള്‍പ്പെടുന്ന ജെ.എന്‍.യു. സി.പി.എം. ബ്രാഞ്ചില്‍ നിന്നാണ് 11 പേര്‍ പാര്‍ട്ടി വിട്ടത്. പതിനഞ്ചംഗങ്ങളുള്ള ബ്രാഞ്ചില്‍ ഭൂരിഭാഗം പേരും പാര്‍ട്ടി വിട്ടതോടെ സര്‍വകലാശാലയില്‍ സി.പി.എമ്മിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയേറ്റു.
എസ്.എഫ്.ഐ. ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് റോഷന്‍ കിഷോര്‍, വൈസ് പ്രസിഡന്റ് പി.കെ. ആനന്ദ്, സെക്രട്ടേറിയറ്റംഗം ജീക്കോ ദാസ് ഗുപ്ത എന്നിവരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചവരില്‍ ഉള്‍പ്പെടും. എസ്.എഫ്.ഐ. ജെ.എന്‍.യു. യൂണിറ്റ് പ്രസിഡന്റായിരുന്നു മലയാളിയായ പി.കെ. ആനന്ദ്. പാര്‍ട്ടിയില്‍ നിന്ന് മാത്രമേ, തങ്ങള്‍ രാജിവെച്ചിട്ടുള്ളൂവെന്നും എസ്.എഫ്.ഐ.യില്‍ തുടരുമെന്നും പി.കെ. ആനന്ദ് മാതൃഭൂമിയോടു പറഞ്ഞു. ജെ.എന്‍.യു.വില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള ജനറല്‍ ബോഡി യോഗത്തില്‍ രാജിവെക്കാനിടയായ സാഹചര്യവും കാരണങ്ങളും വിശദീകരിക്കുമെന്നും ആനന്ദ് പറഞ്ഞു. ഇതു സംബന്ധിച്ച പ്രമേയം പാസ്സാക്കാനും ആലോചിക്കുന്നു.
പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രഖ്യാപിത നയത്തില്‍ നിന്ന് വ്യത്യസ്തമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണബിനെ പിന്തുണയ്ക്കാനുള്ള സി.പി.എം. തീരുമാനമെന്ന് രാജിവെച്ചൊഴിഞ്ഞ പ്രസേന്‍ജിത്ത് ബോസ് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് നവ ഉദാരവത്കണനയം നടപ്പാക്കുന്നതില്‍ കേന്ദ്രധനമന്ത്രിയെന്ന നിലയില്‍ ചുക്കാന്‍പിടിച്ച പ്രണബിനെ എന്തിനാണ് പാര്‍ട്ടി പിന്തുണയ്ക്കുന്നതെന്നാണ് ജെ.എന്‍.യു.വില്‍ പാര്‍ട്ടിവിട്ടവരുടെയും ചോദ്യം. കേന്ദ്രസര്‍ക്കാറിന്റെ ഭാഗമായിട്ടുള്ള ഒരു നേതാവ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാവുന്നത് ഇതാദ്യമായാണ്. ജനവിരുദ്ധ സാമ്പത്തികനയങ്ങളുടെ വക്താവായ പ്രണബിനെ പിന്തുണച്ചതിലൂടെ സി.പി.എം. ഒരു വലിയ തെറ്റു ചെയ്തിരിക്കുന്നതായും രാജിവെച്ച എസ്.എഫ്.ഐ. നേതാക്കള്‍ അഭിപ്രായപ്പെട്ടു. തങ്ങള്‍ ഒരിക്കലും പാര്‍ട്ടി വിരുദ്ധമായി പ്രവര്‍ത്തിക്കില്ല. എന്നാല്‍ പാര്‍ട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും നേതാക്കള്‍ വിശദീകരിച്ചു. അതുകൊണ്ടുതന്നെ എല്ലാവരും എസ്.എഫ്.ഐ.യില്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടത് സി.പി.എമ്മിനും എസ്.എഫ്.ഐ. നേതൃത്വത്തിനും ചെറുതായി കാണാനാവില്ല. എ.കെ.ജി. ഭവന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബ്രാഞ്ചിലെ അംഗമായിരുന്നു പ്രസേന്‍ജിത്ത് ബോസ്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് ജെ.എന്‍.യുവിലെ എസ്.എഫ്.ഐ. ബ്രാഞ്ച്. സമീപകാലം വരെ ഇവിടുത്തെ സംഘടനയുടെ ചുമതലയും പ്രസേന്‍ജിത്ത് ബോസിനുണ്ടായിരുന്നു. സ്വന്തം രാജിയോടെ അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തിവിട്ട പ്രത്യയശാസ്ത്രസംവാദം ജെ.എന്‍.യു.വിലും സജീവമായിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രസേന്‍ജിത്തിന്റെ സമാനമായ വികാരം ജെ.എന്‍.യു.വിലെ എസ്.എഫ്.ഐ. നേതാക്കളും പ്രകടിപ്പിച്ചു. ബൗദ്ധികക്യാമ്പസെന്നു വിശേഷിപ്പിക്കപ്പെടുന്ന ജെ.എന്‍.യു.വില്‍ നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചതിന്റെ ക്ഷീണം പാര്‍ട്ടിക്കു പെട്ടെന്നൊന്നും പരിഹരിക്കാനാവില്ല.
ജെ.എന്‍.യു.വില്‍ എസ്.എഫ്.ഐ. യൂണിറ്റ് പിരിച്ചുവിടേണ്ടി വരുമെന്നതാണ് സംഘടനാ നേതൃത്വത്തിനു മുന്നിലുള്ള പോംവഴി. പാര്‍ട്ടിയെ വെല്ലുവിളിച്ച നേതാക്കളെ സംഘടനയ്ക്കുള്ളില്‍ നിര്‍ത്താന്‍ പ്രായോഗികമായി എസ്.എഫ്.ഐ. നേതൃത്വത്തിനു കഴിയില്ല. എന്നാല്‍ തീവ്ര ഇടതുപക്ഷ പ്രസ്ഥാനമായ ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഐസ) ആധിപത്യം തുടരുന്ന ക്യാമ്പസില്‍ കടുത്ത നടപടിക്കൊരുങ്ങിയാല്‍ അത് സംഘടനയുടെ പൂര്‍ണതകര്‍ച്ചയ്ക്കും വഴിയൊരുക്കിയേക്കും. എസ്.എഫ്.ഐ. കേന്ദ്ര-സംസ്ഥാന നേതൃത്വം ഇതുവരെയും ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടി കേന്ദ്രനേതൃത്വവും വിഷയത്തില്‍ ഇടപെടുമെന്ന് അറിയുന്നു.
(0%) (0 Votes)

 

 

Other News in this Section