LATEST NEWS

Loading...

Custom Search
+ -

നോര്‍ക്കയുടെ അനുകൂല്യങ്ങള്‍: വേണ്ടത് കൂട്ടായ ശ്രമവും ബോധവത്കരണവും

Posted on: 23 Feb 2012

 

ബാംഗ്ലൂര്‍: മലയാളികളുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം നോര്‍ക്കയുടെ ഓഫീസ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും മറുനാടന്‍ മലയാളികളില്‍ ഭൂരിഭാഗം പേരും പ്രവാസി വകുപ്പ് നല്‍കുന്ന അനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. ബോധവത്കരണത്തിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ. പ്രവാസി കാര്യ മന്ത്രി കെ.സി. ജോസഫും നോര്‍ക്ക പ്രതിനിധികളും മലയാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ചും നോര്‍ക്ക നല്‍കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം യോഗം വിളിച്ചെങ്കിലും അത് സംഘടനകളുടെ ശക്തിതെളിയിക്കുന്നതിനുള്ള വേദിയായി മാറുകയായിരുന്നു.
പ്രവാസി മലയാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. ഇതിനായി അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് മലയാളി സംഘടനകള്‍ ഒന്നിക്കുകയും വേണം. പ്രവാസി ക്ഷേമ നിധിയില്‍ നഗരത്തിലെ മലയാളികളെ ചേര്‍ക്കുന്നതില്‍ കേരള സമാജം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ വിജയം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇതിനായുള്ള പ്രവര്‍ത്തനം സജീവമായി നടന്നില്ലെന്നും പരാതി ഉയര്‍ന്നു.
ഫെഡറേഷന്‍ ഓഫ് മറുനാടന്‍ മലയാളി അസോസിയേഷന്റെ (ഫെയ്മ) നേതൃത്വത്തില്‍ നോര്‍ക്കയുടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത് പാവപ്പെട്ട മലയാളികള്‍ക്ക് ഗുണകരമാക്കിയെടുക്കാന്‍ കഴിയണം. അള്‍സൂര്‍ തടാകക്കരയിലുള്ള ശ്രീനാരായണ സമിതി കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നോര്‍ക്കയുടെ ഓഫീസ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവാസി മലയാളികളുടെ വിഷയങ്ങളാണ് ഓഫീസ് കൈകാര്യം ചെയ്യുന്നത്. മലയാള ഭാഷയും സംസ്‌കാരവും പ്രോല്‍സാഹിപ്പിക്കുക, മലയാളികളുടെ സുരക്ഷ ഉറപ്പാക്കുക, പ്രവാസികള്‍ക്ക് പുനരധിവാസത്തിനുള്ള സഹായം അനുവദിക്കുക, പ്രവാസി ക്ഷേമ നിധിയില്‍ അംഗത്വത്തിനുള്ള അപേക്ഷാ ഫോറം വിതരണം ചെയ്യുക എന്നിവ നോര്‍ക്കയുടെ ഓഫീസാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തിന് പുറത്ത് കാണാതാകുന്ന മലയാളികളെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങളും നോര്‍ക്ക ചെയ്യുന്നുണ്ട്.
പ്രവാസി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് നിരവധി അനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇതിനുള്ള അപേക്ഷാ ഫോറവും അംശദായം അടയ്ക്കുന്നതിനുള്ള സൗകര്യവും നോര്‍ക്ക ഓഫീസില്‍ ലഭിക്കും. ക്ഷേമ നിധി പെന്‍ഷന്‍, സ്വയം തൊഴില്‍ കണ്ടെത്താനുള്ള സഹായം, പ്രസവ അനുകൂല്യം, പെണ്‍കുട്ടികള്‍ക്കായുള്ള വിവാഹ ധനസഹായം, ഇന്‍ഷൂറന്‍സ് പരിരക്ഷ, കുടുംബ പെന്‍ഷന്‍, ചികില്‍സാ ധനസഹായം തുടങ്ങി വിവിധ ക്ഷേമ അനുകൂല്യങ്ങളാണ് നല്‍കുന്നത്. ക്ഷേമ നിധിയില്‍ അംഗമാകുന്നതിന് 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കേരളത്തിന് പുറത്ത് ചുരുങ്ങിയത് ആറ് മാസമെങ്കിലും താമസിക്കുന്നവര്‍ക്ക് ക്ഷേമ നിധിയില്‍ അംഗങ്ങളാകാം. അയല്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് 100 രൂപയും വിദേശത്തുള്ളവര്‍ക്ക് 300 രൂപയുമാണ്അംശദായം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്നവര്‍ക്ക് ക്ഷേമ നിധിയില്‍ ചേരുന്നതിന് നിലവില്‍ തടസ്സങ്ങളൊന്നുമില്ല. കേരളത്തിന് പുറത്ത് ചുരുങ്ങിയത് ആറ് മാസമെങ്കിലും താമസിച്ചവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നേടാമെന്നതാണ് നിയമം . 2009-ല്‍ ആരംഭിച്ച ക്ഷേമ നിധിയില്‍ അംഗങ്ങളായവരുടെ എണ്ണം ഇപ്പോഴും കുറവാണ്.
നോര്‍ക്കയുടെ കീഴില്‍ മറ്റ് ക്ഷേമ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് നോര്‍ക്ക ഓഫീസില്‍നിന്ന് നേരിട്ട് വിവരം ലഭിക്കും. മറുനാട്ടില്‍ മലയാള ഭാഷയും സംസ്‌കാരവും പരിപോഷിപ്പിക്കുന്ന പദ്ധതികള്‍ മലയാളി സംഘടനകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയും. മറുനാട്ടില്‍ താമസിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നുണ്ട്. വിദേശത്ത് ജോലി തേടിപോകുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. ചികില്‍സാ സഹായത്തിനും വിവാഹ ധന സഹായത്തിനുമായുള്ള 'സാന്ത്വന' പദ്ധതിയും സാമ്പത്തിക സഹായത്തിനായുള്ള 'കാരുണ്യം' പദ്ധതിയും ഏറെ പ്രയോജന പ്രദമാണ്. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും നല്‍കുന്നുണ്ട്. നോര്‍ക്കയുടെ നേതൃത്വത്തില്‍ നിരവധി ക്ഷേമ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഇതേ കുറിച്ചുള്ള അറിവില്ലായമയാണ് പലര്‍ക്കും നേട്ടങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണം. നോര്‍ക്ക സംബന്ധിച്ച് കൂടുതല്‍ അറിയുന്നതിനായി 0471 2332416, 2332452 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ബാംഗ്ലൂര്‍ ഓഫീസ് ഫോണ്‍: 080 25305090.

(40%) (1 Vote)

Other News in this Section