LATEST NEWS

Loading...

Custom Search
+ -

ബാംഗ്ലൂര്‍ - എറണാകുളം എക്‌സ്പ്രസ് ദിവസമാറ്റത്തില്‍ പ്രതിഷേധം

Posted on: 05 Jun 2011

 

പ്രതിഷേധവുമായി സേവ് ബാംഗ്ലൂര്‍ എക്‌സ്പ്രസ് ഫോറം

ബാംഗ്ലൂര്‍: 12683-ാം നമ്പര്‍ എറണാകുളം ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്ന ദിവസം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിലവില്‍ ഞായര്‍ , വ്യാഴം ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ ജൂലായ് 20 മുതല്‍ തിങ്കള്‍ , വ്യാഴം ദിവസങ്ങളില്‍ സര്‍വീസ് നടത്തുമെന്ന റെയില്‍വേയുടെ അറിയിപ്പാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. മലയാളികളായ ഐ.ടി. ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ആഴ്ചയില്‍ അവധി ദിവസം നാട്ടില്‍ കഴിഞ്ഞ് തിങ്കളാഴ്ച ബാംഗ്ലൂരിലെത്താനുള്ള സൗകര്യമാണ് ഇതോടെ നഷ്ടമാകുന്നത്. ഇതിനെതിരെ സേവ് ബാംഗ്ലൂര്‍ എക്‌സ്പ്രസ് ഫോറം എന്ന കൂട്ടായ്മ രൂപവത്കരിച്ച് പ്രക്ഷോഭത്തിനിറങ്ങിയിരിക്കുകയാണ് മലയാളികളായ ഐ.ടി. ജീവനക്കാര്‍. ബാംഗ്ലൂര്‍ എക്‌സ്പ്രസ്സിനെ ആശ്രയിക്കുന്ന 5000- ത്തിലധികം പേരുടെ ഒപ്പ് ശേഖരിച്ച് ദക്ഷിണ മേഖല റെയില്‍വേ ജനറല്‍ മാനേജര്‍ക്കും പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്കും നിവേദനം നല്‍കാനാണ് തീരുമാനം .

കഴിഞ്ഞ ആറ് വര്‍ഷമായി സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന എക്‌സ്പ്രസ് പൊടുന്നനെ ദിവസം മാറ്റാനുള്ള നീക്കത്തിന് പിന്നില്‍ ദുരൂഹതയുള്ളതായാണ് ആരോപണം . വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാന്‍ റെയില്‍വേക്കും കഴിഞ്ഞിട്ടില്ല . വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് പുലര്‍ച്ചെ നാലരക്ക് ബാംഗ്ലൂരിലെത്തും . ഭൂരിഭാഗം ഐ.ടി. കമ്പനികള്‍ക്കും ശനി , ഞായര്‍ ദിവസങ്ങളില്‍ അവധിയായതിനാല്‍ പലരും ഈ ദിവസങ്ങളില്‍ നാട്ടിലേക്ക് പോകാറാണ് പതിവ് . രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച ഓഫീസിലെത്താന്‍ ബാംഗ്ലൂര്‍ എക്‌സ്പ്രസ് സഹായകമാണ്. അതിനാല്‍ ട്രയിനിന്റെ ദിവസം മാറ്റാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് സേവ് ബാംഗ്ലൂര്‍ എക്‌സ്പ്രസ് ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു .

റെയില്‍വേ നടപടിക്കെതിരെ ഐ.ടി. ജീവനക്കാര്‍ എറണാകുളം ബാംഗ്ലൂര്‍ എക്‌സ്പ്രസ്സില്‍ രണ്ടു ദിവസം യാത്ര ചെയ്തും ഒപ്പ് ശേഖരണം നടത്തി . അതോടൊപ്പം ബാംഗ്ലൂരിലെ വിവിധ ഐ.ടി. കമ്പനികളില്‍ സന്ദര്‍ശനം നടത്തിയും ഒപ്പ് ശേഖരണം നടത്തുന്നുണ്ട് . കേന്ദ്ര റെയില്‍വേ സഹമന്ത്രി മുനിയപ്പയ്ക്കും പാലക്കാട് എം.പി.എം. ബി.രാജേഷിനും നേരിട്ട് നിവേദനം നല്‍കുകയും ചെയ്തു .

ബാംഗ്ലൂര്‍ എറണാകുളം എക്‌സ്പ്രസ് ദിവസേനയാക്കണമെന്നാവശ്യപ്പെട്ട് മലയാളി സംഘടനകള്‍ നിരവധി തവണ നിവേദനം നല്‍കിയിരുന്നെങ്കിലും റെയില്‍വേ പരിഗണിച്ചിരുന്നില്ല . കേരളത്തില്‍ നിന്ന് . തിങ്കളാഴ്ച മറ്റു രണ്ടു ട്രെയിനുകള്‍കൂടി ബാംഗ്ലൂരിലേക്കുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത . 06345- ാം നമ്പര്‍ എറണാകുളം ബാംഗ്ലൂര്‍ എകസ്പ്രസ്സും 16525-ാം നമ്പര്‍ കൊച്ചുവേളി യശ്വന്തപുര്‍ ഗരീബ്‌രഥും സര്‍വീസ് നടത്തുന്നതിനിടയിലാണ് ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റും തിങ്കളാഴ്ചത്തേക്ക് മാറ്റാന്‍ റെയില്‍വേ തീരുമാനിച്ചത് .


(40%) (1 Vote)

Other News in this Section