അനധികൃത സാധനങ്ങള്‍ കടത്തിയത് കേരളഹൗസ് ജീവനക്കാര്‍ തടഞ്ഞു
Posted on: 09 Sep 2010
ന്യൂഡല്‍ഹി: കേരള ഹൗസില്‍ നിന്നും ഇലക്ട്രിക് സാധനങ്ങള്‍ അനധികൃതമായി കടത്താനുള്ള ശ്രമം വീണ്ടും ജീവനക്കാര്‍ തടഞ്ഞു.ബുധനാഴ്ച വൈകിട്ടാണ് എ.സി പ്ലാന്റ് മുന്‍ കരാറുകാരന്റെ ജീവനക്കാര്‍ കൊണ്ടുപോവാന്‍ ശ്രമിച്ച വാഹനങ്ങള്‍ ജീവനക്കാര്‍ തടഞ്ഞു വെച്ചത്.
ഉച്ചയോടെ സാധനങ്ങള്‍ കൊണ്ടു പോകാനായി ടെമ്പോയും ഒമ്‌നി വാനും കേരള ഹൗസ് പരിസരത്തെത്തിയിരുന്നു. എ.സി. പ്ലാന്റിന്റെ നിര്‍മാണ ജോലികള്‍ നടന്നിരുന്ന സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങള്‍ കരാറുകാരന്റെ തൊഴിലാളികള്‍ വാഹനത്തില്‍ കയറ്റാന്‍ തുടങ്ങി. ഔദ്യോഗിക അനുമതിയോടെയാണ് സാധനങ്ങള്‍ കൊണ്ടുപോവുന്നതെന്ന് തൊഴിലാളികള്‍ അറിയിച്ചു. തുടര്‍ന്ന് കേരള ഹൗസിലെ ഇലക്ട്രിക്കല്‍ ഓവര്‍സീയര്‍ സാധനങ്ങളുടെ പട്ടികയെടുക്കാന്‍ തുടങ്ങി. ഇടയ്ക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ പോയി. തിരിച്ചു വന്നപ്പോഴേക്കും സാധനങ്ങളെല്ലാം തൊഴിലാളികള്‍ വാഹനങ്ങളില്‍ കയറ്റിയിരുന്നു. എന്നാല്‍ പട്ടികയനുസരിച്ചു മാത്രമേ സാധനങ്ങള്‍ കയറ്റാന്‍ കഴിയൂവെന്ന് ഓവര്‍സീയര്‍ അറിയിച്ചപ്പോള്‍ തൊഴിലാളികള്‍ സമ്മതിച്ചില്ല.
തുടര്‍ന്ന് കേരള ഹൗസില്‍ നിന്നും പോകാനുള്ള കരാറുകാരന്റെ തൊഴിലാളികളുടെ ശ്രമം ജീവനക്കാര്‍ തടഞ്ഞു.
അനധികൃതമായാണ് പൈപ്പുകളും മോട്ടോറുകളുമടക്കമുള്ള സാധനങ്ങള്‍ കടത്തുന്നതെന്ന് ആരോപിച്ച ജീവനക്കാര്‍ വണ്ടി നീങ്ങാന്‍ സമ്മതിച്ചില്ല.
ഒടുവില്‍ സാധനങ്ങളെല്ലാം വാഹനങ്ങളില്‍ നിന്ന് കരാറുകാരന് ഇറക്കിവെയ്‌ക്കേണ്ടി വന്നു. മാസങ്ങള്‍ക്കു മുമ്പും കേരള ഹൗസില്‍ നിന്നും സാധനങ്ങള്‍ കടത്താനുള്ള ശ്രമത്തെ ജീവനക്കാര്‍ തടഞ്ഞിരുന്നു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





