കൈയൊപ്പ് പതിയണം ചിത്രത്തിലും മനസ്സിലും
പി. യാമിനി
Posted on: 09 Sep 2010
കലാകാലം
''ഒരു പൂവ് കണ്ടശേഷം അതിനെ അതുപോലെ കാന്‍വാസിലേക്ക് പകര്‍ത്തുന്നതില്‍ എന്ത് അപൂര്‍വതയാണുള്ളത്? പകരം ഫോട്ടോയെടുത്ത് സൂക്ഷിച്ചാല്‍ പോരേ?'' -ചോദിക്കുന്നത് ഒരു കലാകാരനാണ്. കണ്ണിങ്ഹാം റോഡ് റിനയസന്‍സ് ഗാലറിയില്‍ നടക്കുന്ന ഗ്രൂപ്പ് പ്രദര്‍ശനം കാണുമ്പോള്‍ കൊച്ചി കലൂര്‍ നായ്ക്കത്ത് കുടുംബാംഗമായ ഷിബു ശ്രീധറിന്റെ ചോദ്യം പ്രസക്തമാണെന്നു തോന്നും. ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആറ് ചിത്രങ്ങളെയും 'സബ്ജക്ടീവ് മാതൃക'യിലാണ് ഷിബു സമീപിച്ചിരിക്കുന്നത്. സ്വന്തം കൈയൊപ്പ് ചിത്രത്തിലേക്ക് പകര്‍ത്തുന്നൊരു രീതിയാണ് ഷിബുവിന്റെത്.മിക്ക ചിത്രങ്ങളിലും ഈയൊരു സാന്നിധ്യം ദൃശ്യമാകുന്നുണ്ട്. രാകിയും മിനുക്കിയും കൂട്ടിയും കുറച്ചും തന്റെ സാന്നിധ്യം സൃഷ്ടികളിലുണ്ടാകണമെന്ന് ശഠിക്കും മട്ടിലാണ് ചില ചിത്രങ്ങള്‍. മിക്ക ചിത്രങ്ങളുടെയും കാതല്‍ പ്രകൃതിയും അമ്മയും തമ്മിലുള്ള ബന്ധമാണ്. ഇവ രണ്ടും വ്യത്യസ്തമല്ലെന്നും തമ്മില്‍ ബന്ധപ്പെട്ടിരിക്കുകയാണെന്നും ഷിബു ചിത്രങ്ങളാല്‍ സൂചിപ്പിക്കുന്നു.
ഈ ബന്ധത്തിന്റെ ഉത്തമഉദാഹരണമാണ് 'ഒറിജിന്‍ ഓഫ് ലൈഫ്' എന്ന ചിത്രം. ക്ഷമയുടെ പര്യായമാണ് അമ്മയും പ്രകൃതിയുമെന്ന സന്ദേശം ഈ ചിത്രത്തില്‍ കാണാം.
വളരെ വ്യത്യസ്തമായ മറ്റൊരു ചിത്രവും പ്രദര്‍ശനത്തിനുണ്ട്. സോഫ്റ്റ് പേസ്റ്റലും ഇന്ത്യന്‍ മഷിയും ഇടകലര്‍ത്തി വരച്ച 'തോട്ട് പാറ്റേണ്‍' എന്ന സൃഷ്ടിയിലും വ്യത്യസ്തതയുണ്ട്. മാധ്യമത്തിനു പുറമെ കാതലിലും ഇത് നിഴലിക്കുന്നുണ്ട്. സ്വഭാവ രൂപവത്കരണം മുതല്‍ മരണം വരെ നീളുന്ന ചിന്തകളുടെ സഞ്ചാരപഥം ഇത്തരത്തിലാണോയെന്നും പ്രേക്ഷകര്‍ ഒരുപക്ഷേ, ചിന്തിച്ചേക്കാം.
ഔദ്യോഗിക കലാപഠനം ഒട്ടുമില്ലാത്തയാളാണ് ഷിബുവെന്ന് ചിത്രങ്ങള്‍ ഒരിക്കലും വിളിച്ചുപറയില്ല. ചിത്രം വരയ്ക്കാനുള്ള ആഗ്രഹവും താത്പര്യവും രക്തത്തിലലിഞ്ഞു ചേര്‍ന്നുവെന്നാണ് ഷിബു പറയുന്നത്. ഒരര്‍ഥത്തില്‍ അത് ശരിയുമാണ്. കാരണം പ്രശസ്ത ചിത്രകാരന്‍ സി.എന്‍. കരുണാകരന്റെ സഹോദരപുത്രനാണ് ഷിബു. എന്നാല്‍, ചിത്രങ്ങളില്‍ ചെറിയച്ഛന്റെ സ്വാധീനം തീരെയില്ല. സ്വപരിശ്രമത്താല്‍ കലാരംഗത്തെത്തിയ ഷിബു ആദ്യപ്രദര്‍ശനം സംഘടിപ്പിച്ചത് പത്താം വയസ്സിലാണ്. കൊച്ചിയില്‍ കേരള കലാപീഠത്തിലായിരുന്നു പ്രദര്‍ശനം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഷിബു പിന്നീട് കല ജീവിതമാര്‍ഗമാക്കി. തീരുമാനം ശരിയായിരുന്നുവെന്ന് അദ്ദേഹം നടത്തിയ ചിത്രപ്രദര്‍ശനങ്ങള്‍ തെളിയിച്ചു. ഏറ്റവും ഒടുവില്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ സുഹൃത്ത് എം.എസ്. അശോകനൊപ്പം നടത്തിയ ചിത്രപ്രദര്‍ശനവും കലാലോകം നല്ല രീതിയില്‍ സ്വീകരിച്ചു. ബാംഗ്ലൂരില്‍ ആദ്യമായി നടത്തുന്ന ചിത്രപ്രദര്‍ശനം വെള്ളിയാഴ്ചവരെ തുടരും. ചിത്ര, കപില്‍, ശര്‍മ, എം.എം. സന്ദീപ് എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





