മുംബൈ: സ്‌കൂള്‍ഫീസ് വര്‍ധനവിനെതിരെ രക്ഷിതാക്കള്‍ ആസാദ് മൈതാനില്‍ നിരാഹാരസമരം തുടങ്ങി. ഘാട്ട്‌കോപ്പര്‍, ദാദര്‍, ഡോംബിവ്‌ലി, നവിമുംബൈ എന്നിവടങ്ങളില്‍നിന്നുള്ള രക്ഷിതാക്കളാണ് നിരാഹരസമരം തുടങ്ങിയിട്ടുള്ളത്. അടുത്തയിടെ മുംബൈയിലെ ഏഴുസ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിച്ചിരുന്നു. രക്ഷകര്‍തൃയോഗം വിളിച്ചുകൂട്ടാതെ ഏകപക്ഷീയമായിട്ടായിരുന്നു മാനേജ്‌മെന്റുകള്‍ ഫീസ് വര്‍ധിപ്പിച്ചതെന്ന് രക്ഷകര്‍ത്താക്കള്‍ ആരോപിക്കുന്നു.
 
മഹാരാഷ്ട്ര ഫീസ് റഗുലേഷന്‍ ആക്ടിന് വിരുദ്ധമായ നടപടിയാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 2011-ലാണ് സര്‍ക്കാര്‍ ഈ ആക്ട് നടപ്പിലാക്കിയത്. അകാരണമായി ഫീസ് വര്‍ധിപ്പിക്കുന്നത് തടയാന്‍ ഉദ്ദേശിച്ചുള്ള നിയമമാണിത്. എന്നാല്‍ പലവിധത്തിലും സ്‌കൂളുകള്‍ ഫീസ് ഈടാക്കിക്കൊണ്ടിരിക്കുകയാണെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. സെക്യൂരിറ്റി ഡിപ്പോസിറ്റ്, അഡ്മിഷന്‍ ഫീസ്, ആക്ടിവിറ്റി ഫീസ് എന്നിങ്ങനെ അനധികൃതമായി മാനേജ്‌മെന്റുകള്‍ ഫീസ് ഈടാക്കിക്കൊണ്ടിരിക്കുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. നിരഹാരമിരിക്കുന്ന രക്ഷിതാക്കള്‍ക്ക് പിന്തുണയുമായി ഫോറം ഫോര്‍ ഫെയര്‍നെസ് ഇന്‍ എജ്യുക്കേഷന്‍ എന്ന സംഘടനയും രംഗത്തുണ്ട്.

സംസ്ഥാനസര്‍ക്കാരും സ്‌കൂള്‍ മാനേജ്‌മെന്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നിലവിലുള്ളതെന്ന് സംഘടനയുടെ പ്രസിഡന്റ് ജയന്ത് ജെയിന്‍ ആരോപിക്കുന്നു. സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ സ്ഥലം നല്‍കിയിട്ടുള്ളത് സൗജന്യനിരക്കിലാണ്, വൈദ്യുതിയും വെള്ളവും നിരക്ക് കുറച്ച് സര്‍ക്കാര്‍ നല്‍കുന്നു. എന്നിട്ടും ഫീസ് വര്‍ധിപ്പിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഫീസ് വര്‍ധനവിനെതിരെ വിദ്യാഭ്യാസമന്ത്രി വിനോദ് താവ്‌ഡെയെ കണ്ട രക്ഷിതാക്കളുടെ പ്രതിനിധി സംഘത്തോട് മന്ത്രി മനേജുമെന്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് എടുത്ത് കാട്ടിയതെന്നും ജെയിന്‍ ആരോപിച്ചു.
 
അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നതിലേക്കുള്ള ചെലവ് കണ്ടെത്തുന്നതിനും വേണ്ടിയാണ് ഫീസ് വര്‍ധിപ്പിക്കുന്നതെന്നാണ് മാനേജ്‌മെന്റുകളുടെ വിശദീകരണം.