നവിമുംബൈ: പുതിയതായി രൂപവത്കരിച്ച പന്‍വേല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് മേയ് 24-ന് നടക്കും. ഭിവണ്ടി, നാസിക്കിലെ മാലെഗാവ് കോര്‍പ്പറേഷനുകളിലും അന്ന് തിരഞ്ഞെടുപ്പു നടക്കും. 26നാണ് വോട്ടെണ്ണല്‍. ഏപ്രില്‍ 29 മുതല്‍ നാമനിര്‍ദേശ പത്രികകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചുതുടങ്ങും. മേയ് ആറാണ് പത്രികാസമര്‍പ്പണത്തിനുള്ള അവസാന തീയതി. എട്ടിന് സൂക്ഷ്മപരിശോധന നടത്തും.

പത്രിക പിന്‍വലിക്കാന്‍ 11 വരെ അവസരമുണ്ടായിരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ ജെ.എസ്. സഹാരിയ അറിയിച്ചു. ഭിവണ്ടിയിലും മാലെഗാവിലും ഭരണകക്ഷിയായ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. കന്നിത്തിരഞ്ഞെടുപ്പു നടക്കുന്ന പന്‍വേല്‍ കോര്‍പ്പറേഷനില്‍ രാഷ്ട്രീയചിത്രം തെളിഞ്ഞുവരുന്നതേയുള്ളൂ. ഇടതുപാര്‍ട്ടിയായ പി.ഡബ്ല്യു.പി.യുമായി കോണ്‍ഗ്രസും എന്‍.സി.പി.യും ചേര്‍ന്നു മത്സരിക്കാനിരിക്കുകയാണ്.

പി.ഡബ്ല്യു.പി.യുടെ ശക്തികേന്ദ്രമാണിത്. എന്‍.സി.പിക്കും സ്വാധീനമുണ്ടായിരുന്ന മേഖലയാണിത്. ബി.ജെ.പി.-ശിവസേന കൂട്ടുകെട്ട് യാഥാര്‍ഥ്യമായാല്‍ കരുത്തുറ്റ പ്രകടനം കാഴ്ചവെയ്ക്കാനായേക്കും. പ്രതിപക്ഷപാര്‍ട്ടികള്‍ ഒരുമിച്ചത് അവരുടെ മുന്നണിക്കു കരുത്തു കൂട്ടുമെന്നിരിക്കെയാണ് ഒറ്റയ്ക്കു മത്സരിക്കുന്നതു തിരിച്ചടിയാകുമോയെന്ന ആലോചന ബി.ജെ.പി. ക്യാമ്പില്‍ ഉടലെടുത്തിരിക്കുന്നത്. അവര്‍ ശിവസേനയെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായിരുന്ന പ്രശാന്ത് ഠാക്കൂറാണു ബി.ജെ.പി.പന്‍വേല്‍ ഘടകത്തിന്റെ നേതാവ്. പ്രതിപക്ഷകക്ഷികളുടെ ഭീഷണി മറികടക്കാന്‍ ശിവസേനയുള്‍പ്പെടെ സഖ്യസാധ്യതയുള്ള എല്ലാ പാര്‍ട്ടികളെയും കൂടെ നിര്‍ത്താനാണു പ്രശാന്ത് ഠാക്കൂറിന്റെ ശ്രമം.

പന്‍വേല്‍ കോര്‍പ്പറേഷനില്‍ 78 സീറ്റാണുള്ളത്. 5.09 ലക്ഷം ജനസംഖ്യയുള്ള ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 4.25 ലക്ഷം വോട്ടര്‍മാരാണ്. ഭിവണ്ടിയില്‍ തൊണ്ണൂറും മാലെഗാവില്‍ 84ഉംസീറ്റുകളാണുള്ളത്. 7.09 ലക്ഷം ജനസംഖ്യയുള്ള ഭിവണ്ടിയില്‍ 4.79 ലക്ഷമാണ് ആകെ വോട്ടര്‍മാര്‍. 5.90 ലക്ഷം വോട്ടര്‍മാരുള്ള മാലെഗാവില്‍ 3.91 ലക്ഷമാണു വോട്ടര്‍മാരുടെ എണ്ണം. തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് ഈ മാസം 24-ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നും വോട്ടര്‍മാര്‍ക്ക് പരിശോധിക്കാവുന്നതാണെന്നും തിരഞ്ഞെടുപ്പു കമ്മിഷണര്‍ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിലാണു സംസ്ഥാന സര്‍ക്കാര്‍ പന്‍വേല്‍ മുനിസിപ്പാലിറ്റിയെ കോര്‍പ്പറേഷനാക്കി ഉയര്‍ത്തിയത്. ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതുസംബന്ധിച്ച് ആലോചനകള്‍ ഉണ്ടായിരുന്നെങ്കിലും രണ്ടായിരത്തിനു ശേഷമുള്ള നഗരവത്കരണവും മേഖലയിലുണ്ടായിരിക്കുന്ന വികസനവും കുടിയേറ്റവുമാണ് കോര്‍പ്പറേഷന്‍ രൂപവത്കരണത്തിന് കാരണമായത്. റായ്ഗഡ് ജില്ലയിലെ ആദ്യത്തെ മുനിസിപ്പല്‍ കോര്‍പ്പറേഷനാണിത്. പന്‍വേല്‍ താലൂക്കിലെ 29 ഗ്രാമങ്ങള്‍, കലമ്പൊളി, കാമോഠെ, ഖാര്‍ഘര്‍, തലോജ മേഖലകളാണ് കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നത്.
 


മലയാളികള്‍ക്ക് സ്വാധീനമുള്ള മേഖല


മലയാളികള്‍ ഏറെയുള്ള മേഖലയാണ് പന്‍വേല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ന്യൂ പന്‍വേല്‍, ഓള്‍ഡ് പന്‍വേല്‍, കലമ്പൊലി, കാമോഠെ, ഖാര്‍ഘര്‍, തലോജ ഉള്‍പെടെയുള്ള മേഖലയില്‍ നിര്‍ണായക ശക്തിയാണ് മലയാളി സമൂഹം. എന്നാല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവമല്ലാത്തതിനാല്‍ പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ മലയാളി സ്ഥാനാര്‍ഥികളെ രംഗത്തെത്തിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. ബി.ജെ.പി. ടിക്കറ്റിലും പി.ഡബ്ല്യു.പി. മുന്നണിയിലും മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയുള്ള നേതാക്കള്‍ ഈ മേഖലയില്‍ വിരളമാണ്. മലയാളികള്‍ക്കിടയിലെ അനൈക്യമാണ് മുഖ്യ പ്രശ്‌നമായി മുന്നില്‍ നില്‍ക്കുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത് ഇക്കാര്യം തന്നെയാണ്.