gsb
മുംബൈ: ഗണേശോത്സവത്തിന് ഇത്തവണയും ഗണപതി മണ്ഡലുകള്‍ക്ക് ലഭിച്ചത് കോടികള്‍. നഗരത്തിലെ പ്രധാന രണ്ട് ഗണേശ മണ്ഡലുകളായ ലാല്‍ബാഗ് ചാ രാജയ്ക്കും ജി.എസ്.ബി. ഗണപതിക്കും ഇത്തവണയും വരുമാനം കോടികള്‍ കവിഞ്ഞു. ലാല്‍ബാഗ് ചാ രാജയ്ക്ക് 5.8 കോടി രൂപ ലഭിച്ചപ്പോള്‍ കിങ് സര്‍ക്കിളില്‍ ഗൗഡ സരസ്വത ബ്രാഹ്മണര്‍(ജി.എസ്.ബി) ഒരുക്കിയ ഗണപതിയുടെ വരുമാനം 7.9 കോടിയായിരുന്നു. ഗണേശോത്സവത്തിനിടയില്‍ രണ്ട് ദിവസം പെയ്ത കനത്ത മഴ വരുമാനത്തെ തെല്ലൊന്ന് ബാധിച്ചെങ്കിലും കാര്യമായ വരുമാനക്കുറവ് ഉണ്ടാക്കിയില്ല.

കഴിഞ്ഞ വര്‍ഷം ജി.എസ്.ബി. ഗണപതിക്ക് 8.4 കോടി രൂപയായിരുന്നു ലഭിച്ചത്. ജി.എസ്.ബി. ഗണേശ മണ്ഡല്‍ അഞ്ചു ദിവസത്തെ ഉത്സവമാണ് കൊണ്ടാടാറ്. ഇവിടെ അഞ്ചാം ദിവസം ഭണ്ഡാരത്തില്‍ നിന്നു മാത്രം 65 ലക്ഷം രൂപയാണ് ലഭിച്ചത്. പ്രത്യേകപൂജകള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തിലുമാണ് ബാക്കി തുക ലഭിച്ചത്. സ്വര്‍ണം, വെള്ളി തുടങ്ങി കാണിക്കയായി ലഭിച്ച വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല. അവ കൂടി തിട്ടപ്പെടുത്തുമ്പോള്‍ തുക ഇതിലും വര്‍ധിക്കും.

ലാല്‍ബാഗ് ചാ രാജയ്ക്ക് 5.8 കോടി രൂപയാണ് പണമായി ലഭിച്ചത്. ഇത് കൂടാതെ 1.16 ലക്ഷം രൂപയുടെ പഴയ 1000, 500 രൂപ നോട്ടുകളും ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ 6.5 കോടി രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 5.5 കിലോ സ്വര്‍ണവും 76 കിലോ വെള്ളിയും ലഭിച്ചിട്ടുണ്ട്. ഇവ അടുത്ത ദിവസം തന്നെ ലേലം ചെയ്യും. ഇതു കൂടി കൂട്ടിയാല്‍ വരുമാനം ഇതിലും വര്‍ധിക്കും. ഗണേശോത്സവത്തിന്റെ തുടക്കം തന്നെ കനത്ത മഴയിലായിരുന്നു. ഉത്സവം അവസാനിക്കുന്നതിന് മുമ്പ് നഗരത്തെ നിശ്ചലമാക്കിക്കൊണ്ട് കനത്ത മഴ വീണ്ടും പെയ്തു. ഉത്സവത്തിന്റെ അഞ്ചാം ദിനമായ ഓഗസ്റ്റ് 29-ന് പെയ്ത മഴ പല മണ്ഡലകളുടെയും ഗണേശ നിമജ്ജനത്തെ ബാധിച്ചിരുന്നു.

നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്ദര്‍ശിക്കുന്ന ഗണേശ മണ്ഡപമാണ് ലാല്‍ബാഗ് ചാ രാജയുടേത്. ജി.എസ്.ബി. ഗണേശ മണ്ഡലവും സന്ദര്‍ശകര്‍ ഏറെയുള്ളതാണ്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യുന്ന മണ്ഡലും ജി.എസ്.ബി.യുടേതാണ്. ഇത്തവണ 264.25 കോടി രൂപയ്ക്കാണ് ഇന്‍ഷുറന്‍സ് എടുത്തത്. 80 കിലോ സ്വര്‍ണവും 450 കിലോ വെള്ളിയാഭരണങ്ങളും അണിഞ്ഞാണ് ഇവിടത്തെ ഗണപതിയെ പ്രതിഷ്ഠിക്കുന്നത്. ഈ ആഭരണങ്ങള്‍ മാത്രമല്ല ഇന്‍ഷുര്‍ പരിധിയില്‍ വരുന്നത്. ഉത്സവത്തോടനുബന്ധിച്ച് ഇവിടെ സേവനം ചെയ്യുന്ന ഭടന്മാരും 70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലും അഞ്ചു ദിവസങ്ങളിലായി ഇവിടെയെത്തുന്ന 25 ലക്ഷത്തോളം ഭക്തരുമെല്ലാം ഇന്‍ഷുറന്‍സ് പരിധിയില്‍ വരും.