മുംബൈ: ബലാത്സംഗത്തിനിരയായവരുടെ കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് പദ്ധതികളോ നയമോ ഉണ്ടോയെന്ന് ബോംബെ ഹൈക്കോടതി ആരാഞ്ഞു. മനോധൈര്യ പദ്ധതിപ്രകാരം ലൈംഗീക പീഡനത്തിന് ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു.
 
ജായില്‍ ശൈഖ് എന്ന സാമൂഹിക പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ആര്‍.വി. മോറെ, അനുജ പ്രഭുദേശായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യങ്ങള്‍ സര്‍ക്കാരിനോട് ആരാഞ്ഞത്. 2013-ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മനോധൈര്യ പദ്ധതിപ്രകാരം ലൈംഗീക പീഡനത്തിനിരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക മൂന്നുലക്ഷം രൂപയായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ കൗണ്‍സിലിങ്ങും തൊഴില്‍ പരിശീലനവും ഇവര്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
 
2013-ന് മുമ്പും ലൈംഗിക പീഡനങ്ങള്‍ക്കിരയായവര്‍ക്കുകൂടി പദ്ധതിയുടെ ആനുകുല്യം ലഭിക്കുന്നതിനായി മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നഷ്ടപരിഹാരത്തുക 10 ലക്ഷമായി ഉയര്‍ത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
 
ഗോവയെപ്പോലുള്ള സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരത്തുക 10 ലക്ഷമായി ഉയര്‍ത്തിയിട്ടുള്ള കാര്യം ഹര്‍ജിയില്‍ എടുത്തുകാട്ടുന്നു. നേരത്തേ ഈ ഹര്‍ജി പരിഗണിച്ച വേളയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ മനോധൈര്യ പദ്ധതിയെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വിമര്‍ശിച്ചിരുന്നു. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി ഏപ്രില്‍ 20-ന് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാന്‍ സംസ്ഥാന വനിതാ ശിശുക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്.