മുംബൈ: മുംബൈ മലയാളികളുടെ സമ്മര്‍ദത്തിനൊടുവില്‍ പ്രഖ്യാപിക്കപ്പെട്ട കേരളത്തിലേക്കുള്ള പ്രത്യേകവണ്ടിയുടെ ആദ്യ സര്‍വീസ് ചൊവ്വാഴ്ച ആരംഭിച്ചു. സി.എസ്.ടി.യില്‍ വൈകിട്ട് യാത്രാസമിതിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് വണ്ടിക്കായി ഒരുക്കിയിരുന്നത്. മധ്യറെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നന്ദിയറിയിച്ചു കൊണ്ടുള്ള ബാനറും പിടിച്ചായിരുന്നു പുത്തന്‍ വണ്ടിക്ക് മലയാളികള്‍ സ്വീകരണമൊരുക്കിയത്. യാത്രാസമിതി ചെയര്‍മാന്‍ ശശികുമാറിന്റെ നേതൃത്വത്തില്‍ സുരക്ഷിതയാത്രയുടെ തീവണ്ടി യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ലഘുലേഖയും യാത്രക്കാര്‍ക്ക് വിതരണം ചെയ്തു.

മുംബൈയില്‍നിന്ന് ഇത്തവണ കേരളത്തിലേക്ക് മധ്യവേനല്‍ അവധിക്കാല പ്രത്യേകവണ്ടി ഓടിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു മധ്യറെയില്‍വേ. ഇക്കാര്യം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തതോടെ മലയാളി സംഘടനകള്‍ രംഗത്തിറങ്ങുകയും വിവിധ തലത്തില്‍ സമ്മര്‍ദം ചെലുത്തുകയുമുണ്ടായി. മുംബൈ മലയാളികളുടെ യാത്രാ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന 'യാത്രാസമിതി', വെസ്റ്റേണ്‍ ഇന്ത്യാ പാസഞ്ചേഴ്‌സ് അസോസിയേഷന്‍(വിപ), കൊങ്കണ്‍ മലയാളി ഫെഡറേഷന്‍, റാക് തുടങ്ങി നിരവധി സംഘടനകള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചു. യാത്രാസമിതി അംഗങ്ങള്‍ താനെ സിറ്റി എം.എല്‍.എ. സഞ്ജയ് കേള്‍ക്കറോടൊപ്പം മധ്യറെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥരെയും മുംബൈ ഡിവിഷണല്‍ റെയില്‍വേ മാനേജരെ പ്രത്യേകമായും കണ്ടു കാര്യങ്ങള്‍ അവതരിപ്പിച്ചു. 'വിപ' ഭാരവാഹികളും റെയില്‍വേ ഉദ്യോഗസ്ഥരെ കാണുകയുണ്ടായി.
 
മാര്‍ച്ച് 12-ന് യാത്രാസമിതിയും കൊങ്കണ്‍ മലയാളി ഫെഡറേഷനും ചേര്‍ന്ന് എല്‍.ടി.ടി., ഠാണെ, പനവേല്‍, പെന്‍, മാന്‍ഗാവ്, ചിപ്ലുണ്‍, രത്‌നഗിരി, മഡ്ഗാവ്, കാര്‍വാര്‍ റെയില്‍വേസ്റ്റേഷനുകളില്‍ ധര്‍ണ നടത്തിയതും റെയില്‍വേ അധികാരികളില്‍ ഏറെ സമ്മര്‍ദമുണ്ടാക്കി. എന്നിട്ടും ആദ്യമെടുത്ത തീരുമാനത്തില്‍ നിന്നും പിന്തിരിയാന്‍ മുംബൈ ഡിവിഷന്‍ തയ്യാറായില്ല. പരാതി ഉന്നതങ്ങളില്‍ വരെ എത്തിയപ്പോള്‍ മധ്യറെയില്‍വേയില്‍ സമ്മര്‍ദമേറുകയും അവസാനം വണ്ടിയോടിക്കാന്‍ മുംബൈ ഡിവിഷന് സമ്മതിക്കേണ്ടി വരികയുമായിരുന്നു.

ഏപ്രില്‍ 18 മുതല്‍ ജൂണ്‍ ആറുവരെ സി.എസ്.ടി.യില്‍ നിന്ന് എറണാകുളത്തേക്കായിരിക്കും ഈ വണ്ടി(നമ്പര്‍-01065) സര്‍വീസ് നടത്തുക. ഏറണാകുളത്തുനിന്ന് സി.എസ്.ടി.യിലേക്ക് ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഏഴുവരെയും വണ്ടി(01066) ഓടും. സി.എസ്.ടി.യില്‍നിന്ന് വൈകിട്ട് 3.35-ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം വൈകിട്ട് 7.15-ന് ഏറണാകുളത്തെത്തും. അവിടെനിന്ന് അന്ന് രാത്രി 11 മണിക്ക് പുറപ്പെടുന്ന വണ്ടി മൂന്നാംദിവസം രാത്രി 12.40-ന് സി.എസ്.ടി.യില്‍ എത്തും. പ്രത്യേക നിരക്കാണ് റെയില്‍വേ ഈടാക്കുന്നത്.

ദാദര്‍, ഠാണെ, പനവേല്‍, റോഹ, ഖേഡ്, ചിപ്ലുണ്‍, രത്‌നഗിരി, കങ്കാവ്‌ലി, കുഡാള്‍, തിവിം, മഡ്ഗാവ്, കാര്‍വാര്‍, കുംത, ഭട്കല്‍, മൂകാംബിക റോഡ്, ബൈന്ദൂര്‍, കുന്ദാപുര, ഉഡുപ്പി, മുല്‍കി, സുരത്കല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. അഞ്ച് ത്രീടയര്‍ എ.സി. കോച്ചുകളും എട്ടു സ്ലീപ്പര്‍ ക്ലാസ്സുകളുമായി 13 കോച്ചുകളായിരിക്കും ഉണ്ടായിരിക്കുക. പുതിയ എല്‍.എച്ച്.ബി. കോച്ചുകളാണ് ഉപയോഗിച്ചിരിക്കുന്നത്.