നെരൂള്‍: ധര്‍മത്തിന് ഗ്ലാനി സംഭവിക്കുമ്പോഴാണ് വിഘടനവാദവും സ്​പര്‍ധയും ഉണ്ടാവുന്നതെന്നും ധര്‍മത്തെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോയാല്‍ അവ ഒഴിവാക്കാനാവുമെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി. മുംബൈ ഠാണെ യൂണിയന്റെ ആഭിമുഖ്യത്തില്‍ നെരൂള്‍ ഗുരുദേവഗിരിയില്‍നടന്ന സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി.

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവുകളില്ലാത്ത, എല്ലാവരും പരസ്​പരം സ്‌നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന ഏകലോകം സ്വപ്‌നംകാണുകയും ആ സ്വപ്‌ന സാക്ഷാത്കാരത്തിനായി ആയുസ്സും വപുസ്സും ബലിയര്‍പ്പിക്കുകയും ചെയ്ത മഹാകര്‍മയോഗിയായിരുന്നു ശ്രീനാരായണഗുരുദേവനെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അഭിപ്രായപ്പെട്ടു.

ശിവഗിരിയുടെ വികസനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ട്രഷറര്‍ ശാരദാനന്ദ സ്വാമി പറഞ്ഞു.

രാവിലെ ആചാര്യവരണത്തോടുകൂടി പൂര്‍ണകുംഭം നല്‍കി സ്വാമിമാരെ യൂണിയന്‍ ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ആദരിക്കല്‍ ചടങ്ങില്‍ എസ്.എന്‍.ഡി.പി. യോഗം മുംബൈ ഠാണെ യൂണിയന്‍ ഭാരവാഹികളായ എസ്. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പി.പി. പദ്മനാഭന്‍ സ്വാഗതവും ടി.കെ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.