മുംബൈ: ശ്രീനാരായണ മന്ദിരസമിതി ചെമ്പൂരില്‍ നടത്തിയ വിവാഹാര്‍ഥി മേളയില്‍ നിരവധിപേരെത്തി. മഹാരാഷ്ട്രയെ ക്കൂടാതെ ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളില്‍നിന്ന് അപേക്ഷകരുണ്ടായിരുന്നു. സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍മാനേജര്‍ ഗിരികുമാറും ഭാര്യ കൃഷ്ണയുംചേര്‍ന്ന് ഭദ്രദീപം തെളിയിച്ചതാണ് മേള ഉദ്ഘാടനം ചെയ്തത്.

ശാസ്ത്രസാങ്കേതികത വളര്‍ച്ചപ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന യുവതീയുവാക്കള്‍ വിവാഹിതരാകുമ്പോള്‍ കുടുംബബന്ധങ്ങളില്‍ പാലിക്കേണ്ട മൂല്യബോധം കുറയുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഗിരികുമാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുടുംബബന്ധത്തിന്റെ പവിത്രതയും പരിപാവനതയും കാത്തുസൂക്ഷിക്കാന്‍ എല്ലാ ദമ്പതിമാരും ജാഗരൂകരും പ്രതിജ്ഞാബദ്ധരുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമിതി പ്രസിഡന്റ് എന്‍. ശശിധരന്‍, ജനറല്‍ സെക്രട്ടറി എന്‍. എസ്. സലിംകുമാര്‍ പറഞ്ഞു. കോ- ഓര്‍ഡിനേറ്ററും സമിതി അസിസ്റ്റന്റ് സെക്രട്ടറിയുമായ ഒ.കെ. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

പുനര്‍വിവാഹത്തിനായുള്ള അപേക്ഷകരുടെയെണ്ണം ഗണ്യമായി ഉയര്‍ന്നത് പരിഗണിച്ച് വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്കും വിവാഹിതരായവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് കൗണ്‍സലിങ് നടത്തുമെന്ന് മാര്യേജ് ബ്യുറോ കണ്‍വീനര്‍ സുനില്‍ സുകുമാരന്‍ അറിയിച്ചു.

പി. പൃഥ്വിരാജ്, പി. ജി. ശശാങ്കന്‍, കെ.കെ. ശ്രീധരന്‍, എന്‍. ബാബുചന്ദ്രന്‍, വി.വി. ഭാസ്‌കരന്‍, വി.കെ. ചുന്ദ്രീകര്‍, പി.എ. ചന്ദ്രശേഖരന്‍, രജിത രാജേഷ്, അശ്വിന്‍, പവിത്രന്‍, മായാസഹജന്‍, പി.എന്‍. പുഷ്പന്‍, ലീലാ പുഷ്പന്‍, പങ്കജാക്ഷന്‍, വിജയമ്മ, ഉഷാവേണു, കെ. ഗോപിദാസ്, സുഹാസ്, മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.