മുംബൈ: മഹാനഗരത്തില്‍ സര്‍വീസ് നടത്തുന്ന ബെസ്റ്റ് ബസിലെ ജീവനക്കാര്‍ക്ക് ഈമാസത്തെ ശമ്പളം ഇതുവരെ കിട്ടിയില്ല. തിങ്കളാഴ്ച ശമ്പളം കിട്ടിയില്ലെങ്കില്‍ ചൊവ്വാഴ്ചമുതല്‍ പണിമുടക്കുമെന്ന് ജീവനക്കാര്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. സമരമൊഴിവാക്കാന്‍ എത്രയുംപെട്ടെന്ന് ശമ്പളം വിതരണം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.

സബര്‍ബന്‍ തീവണ്ടി കഴിഞ്ഞാല്‍ മുംബൈയിലുള്ളവര്‍ ഗതാഗതത്തിന് കൂടുതല്‍ ആശ്രയിക്കുന്നത് ബെസ്റ്റിനെയാണ്. മുംബൈ നഗരസഭയുടെ കീഴിലുള്ള ബൃഹന്‍ മുംബൈ ഇലക്ട്രിക്കല്‍ സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ബെസ്റ്റ് ) ബസ് സര്‍വീസിനുപുറമേ നഗരത്തിലെ വൈദ്യുതി വിതരണവും നടത്തുന്നുണ്ട്. കുറേക്കാലമായി ബസ് സര്‍വീസ് കനത്തനഷ്ടത്തിലാണ്. വൈദ്യുതി ഉപഭോക്താക്കളില്‍നിന്ന് സര്‍ ചാര്‍ജ് ഈടാക്കിയാണ് നഷ്ടം പരിഹരിച്ചിരുന്നത്.

ബസ് സര്‍വീസിലെ നഷ്ടം നികത്താന്‍ വൈദ്യുതിക്ക് അധികതുക ഈടാക്കുന്നത് സുപ്രീംകോടതി വിലക്കിയതോടെയാണ് സാമ്പത്തികപ്രതിസന്ധി രൂക്ഷമായതും ജീവനക്കാരുടെ ശമ്പളം മുടങ്ങിയതും. സാധാരണ 12-ാം തീയതിയോടെ കിട്ടിയിരുന്ന ശമ്പളം 19-ാം തീയതിയായിട്ടും നല്‍കാന്‍ ഇത്തവണ ബെസ്റ്റിന് കഴിഞ്ഞിട്ടില്ല. അതോടെയാണ് ഭരണപക്ഷത്തുള്ളവരടക്കമുള്ള തൊഴിലാളിസംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച ശമ്പളം നല്‍കിയില്ലെങ്കില്‍ ചൊവ്വാഴ്ചമുതല്‍ പണിമുടക്കുമെന്ന് ബെസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാവ് ശശാങ്ക് റാവു പറഞ്ഞു. ശമ്പളം കിട്ടുന്നതുവരെ സമരം തുടരും. അതുവരെ നഗരത്തില്‍ ബസോടില്ല. കഴിഞ്ഞദിവസം ബെസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസില്‍ നടന്ന സര്‍വകക്ഷിയോഗമാണ് ഈ തീരുമാനമെടുത്തത്. ഭരണപക്ഷത്തെ ശിവസേനയുടെയും ബി.ജെ.പി.യുടെയും നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍മാത്രം ബെസ്റ്റിന് മാസം 185 കോടിരൂപ വേണം. വായ്പയെടുത്താണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. രണ്ട് ബാങ്കുകളില്‍നിന്ന് കിട്ടാനുള്ള 60 കോടി രൂപയുടെ വായ്പ ലഭിച്ചാലുടന്‍ ഈ മാസത്തെ ശമ്പളം നല്‍കാമെന്നാണ് ബെസ്റ്റ് അധികൃതര്‍ പറയുന്നത്. ഇതിനായി മാര്‍ച്ച് 24 വരെ കാത്തിരിക്കാനും ജീവനക്കാരോട് അഭ്യര്‍ഥിച്ചിരുന്നു. ഈ നിര്‍ദേശം തള്ളിയാണ് സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്.

സൗജന്യനിരക്കില്‍ ടിക്കറ്റുകള്‍ നല്‍കാനുള്ള നഗരസഭാ തീരുമാനമാണ് ബെസ്റ്റിനെ നഷ്ടത്തിലാക്കിയതെന്ന് തൊഴിലാളിസംഘടനകള്‍ പറയുന്നു. ബസ് സര്‍വീസില്‍നിന്നുള്ള വരുമാനം നോക്കാതെ നഗരസഭാജീവനക്കാരെപ്പോലെ പരിഗണിച്ച് ശമ്പളം നല്‍കണമെന്നാണ് അവരുടെ ആവശ്യം. നഷ്ടമാണെന്ന് വരുത്തി ബെസ്റ്റിനെ സ്വകാര്യവത്കരിക്കാനാണ് നീക്കമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.